ന്യൂഡല്‍ഹി: ലിയോ ടോള്‍സ്റ്റായിയുടെ സാഹിത്യ ക്ലാസിക്കായ വാര്‍ ആന്റ് പീസ് വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന വിചിത്ര ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണര്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. വാര്‍ എന്റ് പീസ്(യുദ്ധവും സമാധാനവും) എന്ന പുസ്തകവും ചില സിഡികളും എന്തിനാണ് താങ്കള്‍ വീട്ടില്‍ സൂക്ഷിച്ചത് എന്നായിരുന്നു കോടതി ഗോണ്‍സാല്‍വസിനോട് ചോദിച്ചത്. അത്തരം പുസ്തകങ്ങളും സിഡികളും ഭരണകൂടത്തിന് എതിരാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്നും ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പ് മുംബൈയില്‍ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പുസ്തകം വ്യക്തമായ തെളിവാണെന്ന് കേസ് അന്വേഷിച്ച പൂനെ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. നെപ്പോളിയന്റെ യുദ്ധകാലത്തെ റഷ്യയെക്കുറിച്ചുള്ള ക്ലാസിക് നോവലാണ് വാര്‍ ആന്റ പീസ്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പുസ്തകം വീട്ടില്‍ സൂക്ഷിച്ചതിന് വിശദീകരണം ചോദിച്ച കോടതി നടപടി അങ്ങേയറ്റം വിചിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മ ഗാന്ധിയെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് ടോള്‍സ്‌റ്റോയ് ചൂണ്ടിക്കാട്ടിയ ജയറാം രമേശ്, പുതിയ ഇന്ത്യയിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.