X
    Categories: Newsworld

ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ ബൈഡനെ അഭിനന്ദിച്ച് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ല; ട്രംപിനെ പേടിച്ചിട്ടെന്ന് വിദഗ്ധര്‍

അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടാളിയാണ് ഇസ്രയേല്‍. വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല. ഫോണ്‍ വിളിച്ചുള്ള അഭിനന്ദനവും അറിയിച്ചില്ല.

2016ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അഭിനന്ദന സന്ദേശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയും എല്ലാം നെതന്യാഹു സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ അവസാനത്തില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം ഫ്രാന്‍സ്, ജര്‍മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ബൈഡന്റെ ജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്..

പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം അറിയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല, മറിച്ച് ട്രംപിനെ ഭയന്നിട്ടാണ് നെതന്യാഹു ഫോണ്‍ സംഭാഷണം നടത്താത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ട്രംപ് ഇപ്പോഴും പ്രസിഡന്റാണ്. രണ്ടു മാസത്തില്‍ അധികം ആ കസേരയില്‍ ട്രംപ് തന്നെയാണ് ഉണ്ടാവുക. ട്രംപാണെങ്കില്‍ ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടുമില്ല. ട്രംപ് തോല്‍വി അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടാളിയായ നെതന്യാഹു ബൈഡന് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലെഔചിത്യക്കേടാണ് നെതന്യാഹുവിനെ പിറകോട്ടു വലിക്കുന്നത്.

അറബ് രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കുന്ന കരാറുകളില്‍ അടക്കം മുന്നില്‍ നിന്ന് പ്രയത്‌നിച്ച ട്രംപിനെ അത്ര പെട്ടെന്ന് തഴയാന്‍ എന്തായാലും ഇസ്രയേലിന് കഴിയില്ല. ആ അസ്വസ്ഥതയുടെ നടുവിലാണ് ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനി അധികാരത്തില്‍ ട്രംപായാലും ബൈഡനായാലും അങ്ങനെ തന്നെ. അതുകൊണ്ട് ബൈഡനുമായി സംസാരിക്കാന്‍ കഴിയാത്തതിന്റെ പൊറുതികേട് എത്ര ദിവസം ഇസ്രയേല്‍ കൊണ്ടു നടക്കും എന്നത് കണ്ടറിയണം.

ബൈഡന്‍ ജയമുറപ്പിച്ച് 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹു ട്വിറ്ററിലെങ്കിലും ഒരു അഭിനന്ദനം അറിയിച്ചത്. എന്നാല്‍ അതില്‍ തന്നെ ‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട’ എന്ന വാക്ക് അദ്ദേഹം ഉള്‍പെടുത്തിയതുമില്ല. ട്രംപ് ജയിച്ച നാളില്‍ അദ്ദേഹം ആ വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.

web desk 1: