കൊച്ചി: അണ്ടര്‍-17 ലോകകപ്പ് മത്സരവേദിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. മത്സര ദിവസം വൈകിട്ട് മൂന്ന് മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയം സര്‍ക്കിള്‍ റോഡിലേക്ക് പ്രവേശനമുണ്ടാവുക. ഈ റോഡുകളില്‍ ടീമുകളുടെ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങള്‍ക്കൊന്നും പ്രവേശനമുണ്ടാവില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചു.
അത്യാവശ്യ മരുന്നുകള്‍, കുട്ടികളുടെ ഫീഡിങ് ബോട്ടിലുകള്‍, പേഴ്‌സുകള്‍, സ്ത്രീകളുടെ ചെറിയ വാനിറ്റി ബാഗുകള്‍ എന്നിവ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് അനുവദിക്കുകയുള്ളു. കുപ്പിവെള്ളം, ഫുഡ് പാക്കറ്റുകള്‍, കമ്പ്, നാസിക്‌ഡോല്‍, ഹെല്‍മറ്റ്, ബാഗുകള്‍ തുടങ്ങിയവ അനുവദിക്കില്ല. കുടിവെള്ളം, ഭക്ഷണം എന്നിവ സ്റ്റേഡിയത്തിനകത്ത് വില്‍പ്പനക്ക് ലഭ്യമാക്കുന്നുണ്ട്.
സ്റ്റേഡിയം കനത്ത സുരക്ഷയില്‍
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പ്രവേശിച്ചാല്‍ മത്സരം അവസാനിക്കുന്നതിന് മുമ്പ് പുറത്തേക്ക് പോവാന്‍ അനുവദിക്കും. പക്ഷേ, തിരികെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കില്ല. സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗവും സ്റ്റേഡിയം സര്‍ക്കിള്‍ റോഡുകളും തത്സമയ കാമറ നിരീക്ഷണത്തിലായിരിക്കും. ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
കാണികളുടെ എണ്ണം വീണ്ടും കുറച്ചു
കൊച്ചി: കൊച്ചിയില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരം നേരിട്ട് കാണാനാവുക 29,000 പേര്‍ക്കു മാത്രം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നാല്‍പ്പതിനായിരം പേര്‍ക്ക് പ്രവേശനം നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കാണികള്‍ക്ക് പുറമേ സുരക്ഷാ ഉദ്യോസ്ഥരും ഒഫീഷ്യല്‍സും അടക്കം പരമാവധി മുപ്പത്തിരണ്ടായിരം പേര്‍ക്കു മാത്രമാവും മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശ അനുവദിക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മത്സര ദിവസം വൈകിട്ട് 4 വരെയാവും കാണികള്‍ക്ക് പ്രവേശനം.
ബാഗ്, കുപ്പി എന്നിവ സ്‌റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ലെന്നും സുരക്ഷാ വിലയിരുത്തലിനു ശേഷം ഡിജിപി അറിയിച്ചു.