X

ജനങ്ങളോടെന്തിനീ വെല്ലുവിളി- എഡിറ്റോറിയല്‍

കേരളത്തിന്റെ സമഗ്രവികസനത്തിന് എന്നും മുന്‍തൂക്കംനല്‍കിയതും അതിനായി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുമുള്ള മുന്നണിയേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ശരാശരി മലയാളിയില്‍നിന്ന് ലഭിക്കുകയുള്ളൂ. നാടിന്റെ എല്ലാതരം വികസനത്തെയും പിന്നില്‍നിന്നു കുത്തി പാരപണിത പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. അതവരുടെ കമ്യൂണിസ്റ്റ് -തൊഴിലാളി വര്‍ഗ തത്വശാസ്ത്രത്തിന്റെ ഭാഗമാണെന്നാണ് പറയുക. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്ത് സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ വന്‍കിട പദ്ധതികളാണ് ഇന്നും നമ്മുടെ ആകെയുള്ള സമ്പത്തും അഭിമാനവും. നെഹ്‌റുവിനെ അന്ന് ബൂര്‍ഷ്വാസി എന്നു വിളിച്ച് അവഹേളിച്ചവരാണ് കമ്യൂണിസ്റ്റുകള്‍ പ്രത്യേകിച്ച്, മാര്‍ക്‌സിസ്റ്റുകാര്‍. അക്കൂട്ടര്‍ ഇന്ന് തങ്ങളുടെമേലുള്ള ആ പാപക്കറ കഴുകിക്കളയാനുള്ള തത്രപ്പാടിലാണെന്ന് തോന്നുന്നു. അതിനായി കണ്ടെത്തിയ വഴിയാകട്ടെ നാടിനാകെ അപകടകരവും. സില്‍വര്‍ലൈന്‍ (കെ റെയില്‍) പദ്ധതി അത്തരത്തിലുള്ളതാണ്. 64000 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ യഥാര്‍ത്ഥ ചെലവ് ഒന്നര ലക്ഷം കോടിയിലധികം വരുമെന്നാണ് സാമാന്യബോധമുള്ളവരെല്ലാം പറയുന്നത്. ഇതിന് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ഇനിയും ലഭിക്കാതിരുന്നിട്ടും കോടതിയുടെ ഉള്‍പ്പെടെ എതിര്‍പ്പുകള്‍ മലപോലെ വന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മര്‍ക്കടമുഷ്ടിയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

പദ്ധതിക്കായി സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയെക്കൊണ്ട് നടത്തിയതെന്ന് പറയുന്ന ഏരിയല്‍ സര്‍വേയുടെ ഭാഗമായി നാടെങ്ങും ജനവാസ ഇടങ്ങളില്‍ കുറ്റിയടിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന് സാങ്കേതികമായോ നിയമപരമായോ അനുമതി ഇതുവരെയും ഒരിടത്തുനിന്നും ലഭിച്ചിട്ടില്ലെന്നിരിക്കെ തനി ഭരണകൂട ഭീകരതയാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ പഠനത്തിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതെങ്കിലും അത് താത്വികമായ അനുമതി മാത്രമാണ്. മൊത്തം ദൂരത്തിന്റെ (530 കിലോമീറ്റര്‍) 55 ശതമാനമായ 292 കിലോമീറ്റര്‍ ദൂരം 30 അടിവരെ ഉയരത്തില്‍ മതില്‍ കെട്ടിയുയര്‍ത്തുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലൊന്ന്. ഇങ്ങനെ ഉയരുന്ന മതില്‍ (എംബാങ്ക്‌മെന്റ്) കുത്തിയൊലിക്കുന്ന മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തി പ്രളയത്തിന് കാരണമാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരനടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയമാണ് നവകാല കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നിരിക്കെ കെ റെയില്‍ അതിന്റെ തീവ്രത വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്നര്‍ത്ഥം. മറ്റൊന്ന് ഇത്രയും ജനങ്ങളെ കുടിയൊഴിപ്പിക്കാതെതന്നെ നിലവിലെ റെയില്‍വെ ലൈനിന് സമാന്തരമായോ അല്ലെങ്കില്‍ അതിനെ വികസിപ്പിച്ചോ റെയില്‍ ഗതാഗതസംവിധാനം മെച്ചപ്പെടുത്താമെന്നതാണ്. കൂടാതെ വരുംകാലത്ത് ഇത്രയധികം യാത്രക്കാര്‍ തെക്കുനിന്ന് വടക്കോട്ടും തിരിച്ചും ഉണ്ടാകുമോ എന്നതാണ്. വരുംകാലത്ത് ഗവ. ഓഫീസ് ഇടപാടുകള്‍ ഡിജിറ്റലിലേക്കും വര്‍ക്ക് അറ്റ് ഹോമിലേക്കും മാറാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നത് സി.പി.എമ്മിന്റെ മുന്‍ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കാണ്. എന്തിനാണ് ്പിന്നെ ടൂറിസ്റ്റുകള്‍ക്കായിമാത്രം ഇത്തരമൊരു റെയില്‍ എന്നത് ചോദ്യചിഹ്നമാകുന്നു. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് നാലുമണിക്കൂര്‍കൊണ്ട് എത്തിച്ചേരാന്‍ 1500 രൂപയോളം ചെലവാക്കേണ്ടിവരുന്ന സാധാരണക്കാരന് അതുകൊണ്ട് എന്തു പ്രയോജനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നില്ല.

വിശദ പദ്ധതിരേഖ അഥവാ ഡി.പി.ആര്‍ തയ്യാറായിട്ടും അത് ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കാത്തതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നത്. ഡി.പി.ആറിന്റെ പുറത്തുവന്ന അധ്യായങ്ങളിലൊന്നിന്റെ പ്രസക്ത ഭാഗത്തില്‍ പറയുന്നത്, റോഡുകളില്‍കൂടി ഇന്നത്തെ നിലയിലുള്ള വാഹനസഞ്ചാരം തുടര്‍ന്നാല്‍ കെ റെയില്‍ ലാഭകരമാകില്ലെന്നാണ്. അവ പൊട്ടിപ്പൊളിഞ്ഞാല്‍ മാത്രമേ കെ റെയില്‍ യാത്ര ലാഭകരമാകൂ. നിലവിലെ ട്രെയിന്‍ യാത്രക്ക് മുഖ്യതടസ്സം ഇരട്ടപ്പാതയുടെ അഭാവവും വണ്ടികളുടെ കുറവുമാണ്. വലിയ ക്ലാസുകളില്‍ യാത്ര ചെയ്യുന്നവരല്ല കേരളത്തിലെ മഹാഭൂരിഭാഗമാളുകളും. കുടിയൊഴിപ്പിക്കുന്ന പതിനായിരക്കണക്കിന് ഗൃഹസ്ഥരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കാര്യമാണ് കഷ്ടം. ജനസാന്ദ്രതയേറിയ കേരളത്തില്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജുകൊണ്ട് പകരം ഭൂമിയോവീടോ കിട്ടാന്‍ പ്രയാസമാണെന്നാണ് കെ റെയിലിന്റെ ഇരകള്‍ പറയുന്നത്. കൊട്ടിഘോഷിച്ച് ഉണ്ടാക്കിയ മെട്രോ പദ്ധതിപോലും മൂവായിരം കോടിയോളം രൂപ നഷ്ടം നേരിടുന്നു. ജനകീയ ജനാധിപത്യമെന്നും തൊഴിലാളികളുടേതെന്നും പറയുന്ന ഭരണകൂടം സ്വന്തം ജനതയുടെ തലയില്‍ കയറ്റിവെക്കുന്ന ഈ സാമ്പത്തിക ഭാരം എന്തിനുവേണ്ടിയാണെന്നാണ് വ്യക്തമാക്കപ്പെടേണ്ടത്. കേന്ദ്രാനുമതി ലഭിക്കാതെ നൂറുശതമാനം പിന്‍വലിക്കാന്‍ സാധ്യതയുള്ള ഒരു പദ്ധതിയുമായി ജനത്തെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷനാണെന്ന പ്രതിപക്ഷാരോപണത്തെ തള്ളിക്കളയാനാവില്ല. ലാവലിന്‍ പദ്ധതിയിലുള്‍പ്പെടെ കോടികള്‍ കമ്മീഷന്‍ കൈപ്പറ്റിയതിന് വിചാരണ കാത്തിരിക്കുകയാണ് പിണറായി വിജയന്‍. ഉമ്മാക്കികാട്ടി വിറപ്പിച്ചാല്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും ചെങ്ങറയിലെയും വല്ലാര്‍പാടത്തെയുംപോലെ പൊലീസിനെ ഉപയോഗിക്കാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെ സഹനശേഷി പരീക്ഷിക്കരുതെന്നുമാത്രമേ ഓര്‍മിപ്പിക്കാനുള്ളൂ.

Test User: