മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന. മുംബൈയില്‍ നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണു കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കുമെതിരെ വിമര്‍ശനം കടുപ്പിച്ച് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്തെത്തിയത്. നമുക്ക് ജനങ്ങളെ കൊല്ലാന്‍ പാകിസ്താനെപ്പോലെയോ, തീവ്രവാദികളേപ്പോലെയോ ഉള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ അഞ്ചിന് ലോക്കല്‍ സ്റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് റെയില്‍വേയ്ക്ക് പട്ടിക കൈമാറുമെന്നും സമയപരിധിക്കുള്ളില്‍ ഇക്കാര്യത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും രാജ് താക്കറെ പറഞ്ഞു.
റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയം നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.