കേരളീയരുടെ ജീവിത പാതയില്‍ പരീക്ഷണങ്ങളുടെ കനലുകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. പൊറുതിമുട്ടുന്ന ജനത്തിന് കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പ്രതികരിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുത്ത് പൊതുസമുഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിഷേധങ്ങളെ തച്ചുകെടുത്താനുള്ള തന്ത്രങ്ങളെക്കുറിച്ചാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രധാന ഗവേഷണം. പരമാവധി ദ്രോഹിച്ചും വീര്‍പ്പുമുട്ടിച്ചും ജനങ്ങളോട് വാശിതീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ആശ്വാസങ്ങള്‍ക്കപ്പുറം ആഘാതങ്ങളേല്‍പ്പിക്കുന്ന നയങ്ങളും സമീപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ ആളിപ്പടരുമ്പോഴും പോര്‍വിളിയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്.
വരേണ്യവര്‍ഗത്തെ സുഖിപ്പിക്കാന്‍ എന്തു വില കൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന പിടിവാശിയില്‍നിന്ന് അല്‍പം താഴോട്ടിറങ്ങാന്‍ അദ്ദേഹം ഒരുക്കമല്ല. ഏറ്റവുമൊടുവില്‍ സംസ്ഥാനം നേരിട്ട ബസ് സമരത്തിന്റെ പര്യവസാനവും ജനങ്ങളെ വെല്ലുവിളിക്കുന്ന രൂപത്തിലാണ്. പൊതുപണിമുടക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സമരം പിന്‍വലിച്ചെങ്കിലും അതിന്റെ പേരില്‍ സാധാരണക്കാര്‍ അനുഭവിച്ച കഷ്ടതകള്‍ കുറച്ചൊന്നുമല്ല. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ബസുടമകളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണ്. അധികാര കേന്ദ്രത്തിന്റെ ജനവിരുദ്ധ മുഖങ്ങളാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. സമ്പന്നര്‍ക്കുവേണ്ടി പാവപ്പെട്ടവന്റെ നെഞ്ചിലൂടെ കെ റെയില്‍ വെട്ടാന്‍ ഓടിനടക്കുന്ന മുഖ്യമന്ത്രിക്ക് പൊതുഗതാഗതം സ്തംഭിച്ചപ്പോള്‍ വേവലാതിയൊട്ടുമുണ്ടായില്ല. ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് ബസുടമകള്‍ക്ക് ഉറപ്പുകൊടുക്കാന്‍ പൊതുജനത്തെ ഇത്രയും ദിവസം പൊരിവെയിലത്തു നിര്‍ത്തേണ്ടിയിരുന്നോ? ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ തന്നെ യാത്രാ നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ബസുടമകളെ തന്ത്രപരമായി സമരത്തിലേക്ക് തള്ളിവിട്ടതിന് പിന്നിലെ കുബുദ്ധി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കരുതരുത്.
സമരം തുടങ്ങുമ്പോള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. അങ്ങനെയെങ്കില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരെ എന്തിനു തെക്കുവടക്കു നടത്തിയെന്ന ചോദ്യത്തിന് മറുപടി കിട്ടേണ്ടതുണ്ട്. ഇത്രയും ‘വലിയൊരു ബുദ്ധി’ എന്തുകൊണ്ട് നേരത്തെ തോന്നിയില്ല? ബസുടമകളുടെ ആവശ്യങ്ങള്‍ അന്യായമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ല സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചുനിന്നതെന്ന് വ്യക്തം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവേണം നേരത്തെ നിശ്ചയിച്ച ചാര്‍ജ് കൂട്ടാനെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗതാഗത മന്ത്രിയുടെ ഉറപ്പുണ്ടായിരിക്കെ തന്നെ ബസുടമകള്‍ സമരവുമായി മുന്നോട്ടുപോയത് ചില ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാനും പ്രയാസമില്ല.
പൊതുജനങ്ങളെ കുരങ്ങുകളിപ്പിച്ച് അവരുടെ ചുമലില്‍ വലിയ ബാധ്യതകള്‍ കെട്ടിവെക്കുന്ന തന്ത്രങ്ങള്‍ സമീപ കാലത്ത് നിരന്തരം പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും ഇന്ധന വിലകള്‍ കുതിച്ചുയരുകയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം നടത്തുന്ന കാലത്തോളം പെട്രോള്‍, ഡീസല്‍ വില ഇടിയുമെന്ന പ്രതീക്ഷയും രാജ്യത്തിനില്ല. ആ ഭാരങ്ങളെല്ലാം ജനം പേറണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. അതിന്റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടുമെന്ന് മുഖ്യമന്ത്രി നേരിട്ട് ബസുടമകള്‍ക്ക് വാക്കുനല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ജനജീവിതം ഇത്രയും ദുരിതപൂര്‍ണമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല. ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാറിലുള്ള വിശ്വാസം പൊതുസമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരന്റെ പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ സന്മനസ്സ് കാട്ടുന്നില്ലെന്ന് മാത്രമല്ല, അവരെ തീവ്രവാദികളായും അക്രമികളായും മുദ്രകുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അതിജീവനം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പ്രക്ഷോഭത്തിന് തീവ്രവാദ മുദ്ര കുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന തൊലിക്കട്ടി അപാരം തന്നെ!. അപവാദ പ്രചാരണങ്ങളിലൂടെയും പൊലീസ് സേനയെ ഇറക്കിയും ജനകീയ സമരങ്ങളുടെ നടുവൊടിക്കുന്നതോടൊപ്പം ദുരിതങ്ങള്‍ വര്‍ഷിക്കാനും പിണറായി മോദിയില്‍നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.