X

ആലുവയില്‍ പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാതെന്ത് – രമേശ് ചെന്നിത്തല

സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുകാരിയുടെ നിഷ്ഠുരമായ കൊലപാതകത്തില്‍
മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണ്, ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രമേശ് ചെന്നിത്തല എംഎല്‍എ.

5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രി എന്ത് മന:സാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസുവച്ചാല്‍ സാമൂഹിക വിരുദ്ധരെയും , ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളില്‍ അമര്‍ച്ച ചെയ്യാം , മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ ?
എതിരാളികളെ ഇല്ലാത്ത കേസുകളുണ്ടാക്കി തോജോവധം ചെയ്യാന്‍ കാണിക്കുന്ന ആവേശം ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്, തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന ആഭ്യന്തര വകുപ്പ് മാത്രമാണ്. പോലീസിന്റെ പ്രവര്‍ത്തന സ്വാതന്ത്യത്തെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയിരിക്കുകയാണ്.

ആലുവ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടത്തിനില്ലേ ? മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്?
അടിയന്തിരമായി ആ കുടുംബത്തെ ചേര്‍ത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണം. അക്രമകാരികളെ നിലയ്ക്കു നിര്‍ത്താനുള്ള നടപടികളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

webdesk14: