X

എന്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി…?

എന്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി…? സ്ഥാനമൊഴിയുന്ന മുഖ്യ കോച്ച് രവിശാസ്ത്രിയോടുള്ള ഈ ചോദ്യത്തിന്റെ മറുപടി വ്യക്തമായിരുന്നു-താരങ്ങള്‍ക്കും ടീമിനും വിശ്രമമുണ്ടായിരുന്നില്ല. നിരന്തര മല്‍സരങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരമ്പരകളും ചാമ്പ്യന്‍ഷിപ്പുകളും. ഇത് കാരണം ശാരീരികമായും മാനസികമായും എല്ലാവരും തളര്‍ന്നുപോയി. ആ തളര്‍ച്ചയുടെ പ്രതിഫലനമാണ് ലോകകപ്പില്‍ കണ്ടെതെന്ന് രവിശാസ്ത്രി പറയുന്നു.

കഴിഞ്ഞ പതിനൊന്ന് മാസമായി ഇന്ത്യന്‍ ടീമിന് നിരന്തര മല്‍സരങ്ങളായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മല്‍സരങ്ങള്‍. ന്യൂസിലാന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതിന് ശേഷം ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ഏകദിന പരമ്പര. ആറ് മാസത്തോളമായി ബയോ ബബിള്‍ സിസ്റ്റത്തിലായിരുന്നു കളിക്കാര്‍. ആര്‍ക്കും പുറത്ത് പോവാന്‍ കഴിയാത്ത അവസ്ഥ. അതിനിടെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍. ഒക്ടോബര്‍ 15 വരെ ഐ.പി.എല്‍ തിരക്കിലായിരുന്നു എല്ലാവരും. ഒക്ടോബര്‍ 24 നായിരുന്നു ലോകകപ്പിലെ ആദ്യ മല്‍സരം. ഇത്തരത്തില്‍ നിരന്തരം കളിച്ചത് കൊണ്ടുള്ള മാനസിക-ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്റെ കാര്യത്തില്‍ പ്രായം തളര്‍ത്തുന്നു എന്ന് പറയാം.

പക്ഷേ കളിക്കാരെല്ലാം യുവാക്കളാണ്. എന്നിട്ടും അവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു എന്ന് പറയുമ്പോള്‍ എത്ര മാത്രമാണ് ടെന്‍ഷന്‍ എന്ന് മനസിലാക്കാം. ബയോ ബബിള്‍ സംവിധാനത്തില്‍ ആറ് മാസത്തോളം തുടരുമ്പോള്‍ നിങ്ങള്‍ക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല എന്ന് മനസിലാക്കാം. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം നിങ്ങളെ വേട്ടയാടുമ്പോള്‍ അതിനെ അതിജയിക്കാന്‍ മാനസിക കരുത്താണ് വേണ്ടത്. ഇത് പരാജയത്തിനുള്ള ന്യായീകരണമല്ല. തോല്‍വിയെ പേടിക്കാറില്ല. ജയത്തിനൊപ്പം തോല്‍വികളും മല്‍സരങ്ങളുടെ ഭാഗമാണ്. അത് എല്ലാവര്‍ക്കും നന്നായി തന്നെ അറിയാം. ജയത്തിന് വേണ്ടത് മാനസിക കരുത്താണ്. അത് നഷ്ടമാവുമ്പോഴാണ് തോല്‍ക്കുന്നത്-ശാസ്ത്രി പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടതോടെ ടീമിലെ സമ്മര്‍ദ്ദം ഇരട്ടിയായി. അവസാന മൂന്ന് മല്‍സരങ്ങള്‍ ജയിച്ചെങ്കിലും ആദ്യ രണ്ട് തോല്‍വികളിലുടെ ടീമിന്റെ സാധ്യതകള്‍ നഷ്ടമയിരുന്നു. ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന്റെ കരുത്ത് ചെറുതല്ല- നാല് വര്‍ഷത്തോളമായി ടീമിനൊപ്പമുള്ള ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുന്നില്ലെന്ന് ടി-20 സംഘത്തിന്റെ നായക സ്സ്ഥാനമൊഴിഞ്ഞ വിരാത് കോലി പറഞ്ഞു.

പാക്കിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ധൈര്യം പ്രകടിപ്പിച്ചില്ല. അവിടെയാണ് തോറ്റത്. ചിലപ്പോള്‍ ഒന്നോ രണ്ടോ ഓവറുകള്‍ മാത്രമാണ് പ്രശ്‌നമായത്. അതൊന്നും പക്ഷേ തോല്‍വിയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി-20 ലോകകപ്പില്‍ നിന്നും ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താവാനുള്ള കാരണമായി സ്ഥാനമൊഴിഞ്ഞ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞത് മല്‍സരങ്ങളുടെ ആധിക്യമാണ്. പക്ഷേ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് തിരക്കേറിയ മല്‍സര ഷെഡ്യൂളാണ്. ഈ മാസം 17 മുതല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നു. രണ്ട് ടെസ്റ്റുകളും മൂന്ന് ടി-20 മല്‍സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്.

പിറകെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര. പിന്നെ വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പര. ഇതെല്ലാം 2022 മാര്‍ച്ചിന് മുമ്പാണ്. ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം രവിശാസ്ത്രി സംസാരിച്ചത്. നിരന്തര മല്‍സരങ്ങളാണ് ടീമിന്റെ ലോകകപ്പ് തോല്‍വിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ കോവിഡ് കാലത്തും ക്രിക്കറ്റ് ബോര്‍ഡ് നിരന്തര മല്‍സരങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയെ പോലെ ഇത്രയുമധികം മല്‍സരങ്ങള്‍ കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച ടീമില്ല. എല്ലാ ഫോര്‍മാറ്റിലും സ്ഥിരക്കാരെ കളിപ്പിക്കുന്നതും പ്രശ്‌നമായി. ടെസ്റ്റിലും ഏകദിനങ്ങളിലും ടി-20 യിലുമെല്ലാം ഒരേ താരങ്ങളാണ് പലപ്പോഴും കളിക്കാറുള്ളത്.ലോകകപ്പിലേക്ക് തന്നെ ടീം പോയത് ഒരാഴ്ച്ച പോലും വിശ്രമം ലഭിക്കാതെയാണ്. ഐ.പി.എല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വളരെ പെട്ടെന്ന് ലോകകപ്പ് സന്നാഹ മല്‍സരങ്ങളുടെ തിരക്കിലായി. അതിന് ശേഷം പാക്കിസ്താനെതിരായ ലോകകപ്പ് മല്‍സരം.

പാക്കിസ്താന്‍ ഒരുങ്ങി വന്നപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിക്കാനായില്ല. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തിലും ഇത് തന്നെ സംഭവിച്ചു. തോല്‍വികള്‍ക്ക് ശേഷം ചില താരങ്ങള്‍ ബയോ ബബിള്‍ സംവിധാനത്തെ വിമര്‍ശിച്ചിരുന്നു. പക്ഷേ കിവീസിനെതിരായ പരമ്പര വരുന്നതോടെ തെല്ലും വിശ്രമം ലഭിക്കാതെയാണ് താരങ്ങള്‍ വീണ്ടും ഇറങ്ങാന്‍ പോവുന്നത്.

Test User: