X

ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിന്?- വി.ഡി സതീശന്‍

ഇ.പി ജയരാജനെതിരായ പരാതി 2019-ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചത്. ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാന്‍ മൂന്ന് തവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളിപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതും എന്തുകൊണ്ടാണ്? പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ അഴിമതിക്കെതിരെ തെറ്റു തിരുത്താന്‍ ഇറങ്ങിയിരിക്കുന്ന ഗോവിന്ദന്‍ അന്ന് തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു.

ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിക്കാന്‍ പോയ എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐക്കാര്‍ക്കുമെതിരെ നടപടിയെടുത്ത സി.പി.എം ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? തെറ്റ് തിരുത്തുമെന്ന് സ്ഥിരമായി പറയുന്നതല്ലാതെ നേതാക്കള്‍ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്താന്‍ സി.പി.എം തയാറാകുന്നില്ല. റിസോര്‍ട്ട് മാഫിയ, അനധികൃത സ്വത്ത് സമ്പാദനം, കൊട്ടേഷന്‍, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, മയക്ക് മരുന്ന് ലോബികള്‍, ഗുണ്ടകള്‍ എന്നിവരുമായുള്ള ബന്ധം സി.പി.എം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ഗുരുതര ആരോപണങ്ങളുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്, സി.പി.എമ്മിന് മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശെരിവയ്ക്കുന്നതാണ്. പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാതെ ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം പറഞ്ഞു.

പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് റിസോര്‍ട്ട് കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്തായ രമേശ് കുമാര്‍ ഏതൊക്കെ സി.പി.എം നേതാക്കളെ കണ്ടിട്ടുണ്ടെന്നതും അന്വേഷിക്കണം. ഇരുമ്പ് മറയ്ക്ക് പിന്നില്‍ ഒളിപ്പിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയരാജന് എതിരായ ഗുരുതരമായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഈ മാസം 30-ന് നടക്കുന്ന യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും അദ്ദേഹം പറഞ്ഞു.

ജയരാജനെതിരെ ഇ.ഡി അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ പറഞ്ഞത് സി.പി.എമ്മുമായി സന്ധി ചെയ്യുന്നതിന് വേണ്ടിയാണ്. കൊടകര കുഴല്‍പ്പണ കേസും സ്വര്‍ണക്കടത്ത് കേസും ബി.ജെ.പി-സി.പി.എം നേതൃത്വം സന്ധി ചെയ്തത് പോലും ഇതും ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് അദ്ദേഹം ഓര്‍മിപ്പിച്ചു.

webdesk11: