X

ലോകായുക്തയെ സി.പി.എം എന്തിന് ഭയക്കണം-എഡിറ്റോറിയല്‍

CPIM FLAG

സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍തന്നെ 1999ല്‍ പാസാക്കിയ ലോകായുക്ത നിയമത്തിന്റെ ചിറകരിയാനുള്ള പടപ്പുറപ്പാടിലാണ് നിലവിലെ ഇടതുമുന്നണി സര്‍ക്കാരിപ്പോള്‍. എന്തിനാണിപ്പോള്‍ ഇത്തരത്തിലൊരു ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതിനുത്തരം എവിടെയൊക്കെയോ എന്തെല്ലാമോ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഒളിച്ചുവെക്കാനും പ്രതിരോധിക്കാനുമുണ്ടെന്നാണ്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അഴിമതിയാരോപണം കേട്ടയുടന്‍ 24 മണിക്കൂറിനുള്ളില്‍ പ്രസ്തുത മന്ത്രിയെ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് ആണയിട്ട് പറഞ്ഞും പ്രകടന പത്രികയില്‍ എഴുതിവെച്ചുമാണ് ഇന്നത്തെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും. എന്നാലിപ്പോള്‍ ലോകായുക്തയില്‍ ഭേദഗതി വരുത്തി ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് നഗ്നമായ ജനാധിപത്യ ലംഘനവും അഴിമതിക്കുള്ള കൊടിപിടിക്കലും സ്വന്തംവാക്കുകള്‍തന്നെ വിഴുങ്ങലുമാണ്. ലോകായുക്തയുടേതുള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഈ സര്‍ക്കാരിന്റെ പക്കല്‍ നിലവിലുള്ളത്. ഇവിടെയൊരു നിയമസഭയും ജനപ്രതിനിധികളും ഗവര്‍ണറുമെല്ലാം ഉള്ളപ്പോഴാണിതെന്നോര്‍ക്കണം. അടിയന്തരവും ജനങ്ങളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് ഭയപ്പെടുന്നതുമായ ഘട്ടങ്ങളില്‍ മാത്രം പുറപ്പെടുവിക്കേണ്ട ഒന്നാണ് ഓര്‍ഡിനന്‍സുകള്‍ എന്നാണ് രാജ്യത്തെ ഭരണഘടനാനുശാസനം എന്നിരിക്കവെയാണ് കൊട്ടക്കണക്കിന് ഓര്‍ഡിനന്‍സുകളുമായി നിയമസഭ ചേര്‍ന്ന് ദിവസങ്ങള്‍ മാത്രമായിരിക്കവെ സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണറുടെതന്നെ ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരങ്ങള്‍ കവരുന്ന ഓര്‍ഡിനന്‍സ് കൂടിയുള്ളതിനാലാകണം സ്വാഭാവികമായും മുഴുവന്‍ ഓര്‍ഡിനന്‍സുകളിലും ഒപ്പിടാന്‍ ആരിഫ് മുഹമ്മദ്ഖാന്‍ തയ്യാറാകാതിരുന്നത്. രാജ്യത്തെ മിക്കസംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ പ്രതിപക്ഷ കക്ഷികളുടെ സര്‍ക്കാരുകളുമായി ഏറ്റുമുട്ടലിലുമാണ്. ഇതൊക്കെ അറിയാവുന്ന നിലക്കുകൂടിയാണ് പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ വീണ്ടും പ്രകോപിപ്പിച്ചത്. ഏതായാലും ലോകായുക്തയുടെ ഓര്‍ഡിനന്‍സിനെതിരെ ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍തന്നെ രംഗത്തുവന്ന നിലക്ക് ഈ മാസാവസാനം വിളിച്ചിരിക്കുന്ന നിയമസഭയില്‍ സര്‍ക്കാര്‍ വിയര്‍ക്കുമെന്നത് തീര്‍ച്ചയാണ്.

ലോകായുക്തക്ക് സുപ്രീംകോടതിയേക്കാള്‍ അധികാരമുള്ളതിനാലാണ് എതിര്‍ക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനര്‍ഥം ഈ അഴിമതി നിരോധന സംവിധാനത്തെ പൂര്‍ണമായി തങ്ങള്‍ തള്ളുന്നുവെന്നാണ്. ലോകായുക്തയുടെ ഉത്തരവിനെതുടര്‍ന്ന് ബന്ധു നിയമനക്കേസില്‍ കെ.ടി ജലീലിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നതും പിണറായിക്കും പ്രൊഫ. ബിന്ദുവിനുമെതിരെ പരാമര്‍ശമുണ്ടായതുമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. വിധിയുണ്ടായാല്‍ ഉടന്‍ പ്രതികള്‍ രാജിവെക്കണമെന്ന വ്യവസ്ഥയെയാണ് ഇവര്‍ എതിര്‍ക്കുന്നത്. രാജ്യം എത്രയോ കൂലങ്കഷമായ ചര്‍ച്ചകളിലൂടെ പാസാക്കിയ നിയമത്തെയും സി.പി.എമ്മിന്റെ നേതാക്കളുള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കാടിളക്കി നടത്തിയ പ്രക്ഷോഭത്തെയും തുടര്‍ന്നാണ് ലോകായുക്ത നിയമത്തിന് രൂപംകൊടുക്കുകയും ശക്തമായ വ്യവസ്ഥകള്‍ പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തത്. പൊതുഖജനാവില്‍നിന്ന് പണംപറ്റുന്ന ഗുമസ്തന്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെയാണ് ഈ നിയമം നിരീക്ഷിക്കുന്നത്. ലോകായുക്ത കുരക്കുകയല്ല, കടിക്കണമെന്ന് മുമ്പ് വാദിച്ചയാള്‍ കൂടിയാണ്മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് അധികാരം കിട്ടുമ്പോഴൊക്കെ പക്ഷേ അഴിമതിയുടെ കാര്യത്തില്‍ ഒഴികഴിവുകളുമായി രംഗത്തുവരുന്ന പതിവാണ് ഇവിടെയും സി. പി.എം കാണിച്ചിരിക്കുന്നതെന്നര്‍ഥം. ഏതായാലും ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിയുമായി നിയമസഭയെ അഭിമുഖീകരിക്കുന്ന സി.പി.എമ്മും സര്‍ക്കാരും ഇതോടെ അഴിമതിക്കുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ വേതനം പറ്റുന്നവര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയെപോലുള്ള സി.പി.എം ദേശീയ നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്നാണ് ജനമിപ്പോള്‍ ആലോചിക്കുന്നുണ്ടാകുക. ‘അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് ഇവിടെ സി.പി.എം ഒരിക്കല്‍കൂടി.

ഇന്നലെയും മിനിഞ്ഞാന്നുമായി ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതുപോലെ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കേണ്ടതുണ്ടെന്ന തിരിച്ചറിവിനോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ ഭേദഗതി പിന്‍വലിക്കുകയാണ് പാര്‍ട്ടിയും മുന്നണിയും ചെയ്യേണ്ടത്. ജനുവരിയില്‍ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂട്ടര്‍ക്കും ഇപ്പോള്‍ എന്തു പറയാനുണ്ട്. എല്ലാത്തിനും ഓകെ പറയലാണോ വലിയവായില്‍ വര്‍ത്തമാനം പറയുന്ന സി.പി.ഐ നേതാക്കളുടെയും പാര്‍ട്ടി മന്ത്രിമാരുടെയും ജോലിയും സാമൂഹിക പ്രതിബദ്ധതയും?

Test User: