സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ഒരു സി.പി.എം നേതാവ് പോലും രംഗത്ത് വന്നില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമയ്ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല. ബി.ജെ.പിയുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയി? സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കും.
ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സി.പി.എമ്മുമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് യു.ഡി.എഫിന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ ഒരു ഏജന്‍സിക്കും അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുമുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് വിജിലന്‍സിന് അന്വേഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളൂ. അത് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു അദ്ദേഹം ചൂണ്ടിക്കാട്ടി.