X

തെറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളെന്തിന് മാപ്പ് ചോദിക്കുന്നു, ശിവജിയോട് മാത്രമല്ല നിങ്ങള്‍ മാപ്പ് ചോദിക്കേണ്ടത്….: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിൽ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിമ തകർന്നത് ശിവജിയോടുള്ള അവഹേളനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പരിപാടിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പതിനേഴാം നൂറ്റാണ്ടിലെ ആദരണീയനായ രാജയോദ്ധാവിനെ അപമാനിക്കുന്നതാണ് പ്രതിമ തകർന്ന സംഭവമെന്നും പ്രതിമയുടെ നിർമാണ കരാർ നൽകിയത് ആർഎസ്എസ് കാരനായ കോൺട്രാക്ടർക്കാണെന്നും രാഹുൽ പറഞ്ഞു.

വെറും മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച പ്രതിമയാണ് തകർന്നത്. ഇത് ശവജി മഹാരാജാവിനോടുള്ള അപമാനമാണ്. തെറ്റു ചെയ്തവർ ക്ഷമ ചോദിക്കുന്നു. ഒരുതെറ്റും ചെയ്തില്ലെങ്കിൽ നിങ്ങൾ എന്തിന് ക്ഷമ ചോദിക്കണം. ശിവജിയോട് മാത്രമല്ല, മഹാരാഷ്ട്രയിലെ എല്ലാവരോടും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുൽ പറഞ്ഞു.

‘എന്തിനാണ് അദ്ദേഹം മാപ്പ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാക്കണം. ആദ്യം പ്രധാനമന്ത്രി പ്രതിമ നിർമിക്കാൻ ആർഎസ്എസുകാരന് കരാർ കൊടുത്തു. ഒരുപക്ഷെ അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. മറ്റൊരു കാരണം അഴിമതിയായിരിക്കാം. കരാറുകാരൻ തട്ടിപ്പ് നടത്തി മഹാരാഷ്ട്രയിലെ ജനങ്ങളുടെ പണം കൊള്ളയടിച്ചുവെന്ന് പ്രധാനമന്ത്രി കരുതിയിരിക്കാം. മൂന്നാമത്തെ കാരണം ശിവജിയുടെ പ്രതിമ നിർമിച്ച പ്രധാനമന്ത്രിക്ക് അതിന്റെ നിലനിൽപ് ഉറപ്പാക്കാനായില്ല എന്നതാണ്’- രാഹുൽ ഗാന്ധി പറഞ്ഞു.

കോടികൾ ചെലവിട്ട് മഹാരാഷ്ട്ര സർക്കാർ നിർമിച്ച ശിവജിയുടെ പ്രതിമയാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തകർന്നു വീണത്. പ്രതിമ തകർന്ന് വീണതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വിമർശനങ്ങൾക്ക് പിന്നാലെ വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറഞ്ഞിരുന്നു. ‘ഛത്രപതി ശിവജി മഹാരാജ് നമുക്ക് വെറുമൊരു നാമമല്ല. ഇന്ന് ഞാൻ എന്റെ ദൈവമായ ഛത്രപതി ശിവജി മഹാരാജിനോട് തലകുനിച്ച് മാപ്പ് ചോദിക്കുന്നു’ എന്നായിരുന്നു മോദി പറഞ്ഞത്.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. വൻ പ്രചാരണങ്ങളോടെയും ആഘോഷങ്ങളോടെയുമായിരുന്നു രാജ്‌കോട്ട് കോട്ടയിൽ ചടങ്ങ് നടന്നത്. 3643 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്.

സംഭവത്തിൽ പ്രതിമ നിർമിച്ച ശിൽപി ജയദീപ് ആപ്‌തെയ്‌ക്കെതിരെയും കരാറുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. ശക്തമായ കാറ്റാണ് പ്രതിമ തകരാൻ കാരണമെന്നും ഛത്രപതി ശിവജി മഹാരാജിന്റെ പാദങ്ങളിൽ 100 തവണ തൊടാനും മാപ്പ് പറയാനും മടിക്കില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു.

webdesk13: