ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൈനയുടെ പേര് പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല. അധികാരത്തിലിരിക്കുന്നവര്‍ എന്തിനാണ് ചൈനയുടെ പേരു പറയാന്‍ ഭയക്കുന്നതെന്ന് സുര്‍ജ്ജേവാല ചോദിച്ചു. ലഡാക്കില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ അതിര്‍ത്തി കടന്നുകയറിയുള്ള അക്രമണത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഇനിയും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് സുര്‍ജ്ജേവാല രംഗത്തെത്തിയിരിക്കുന്നത്.
അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ ഇ്ന്നതെ സ്വാതന്ത്ര്യദിന പ്രസംഗവും. നിയന്ത്രണ രേഖക്കിപ്പുറം ആരാണോ രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കൈകടത്താന്‍ ശ്രമിച്ചത് അവര്‍ക്കെതിരെ നമ്മുടെ സൈനികരും അതേ രീതിയില്‍ പ്രതികരിച്ചു, എന്നായിരുന്നു പേരു പറയാതെയുള്ള മോദിയുടെ പരാമര്‍ശം. ഇന്ന് അതിര്‍ത്തി പങ്കിടുന്നവര്‍ മാത്രമല്ല നമ്മുടെ അയല്‍ക്കാര്‍. നമ്മുടെ ഹൃദയ ബന്ധംപുലര്‍ത്തുന്നവരാണെന്നും മോദി പറഞ്ഞിരുന്നു.
ചൈനയുടെ പേര് പരാമര്‍ശിക്കുന്നതില്‍ അവര്‍ എന്തിനാണ് ഭയപ്പെടുന്നവതെന്നാണ് സുര്‍ജ്ജേവാലയുടെ ചോദ്യം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓരോ ഇന്ത്യന്‍ ജനതക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സായുധ, അര്‍ദ്ധസൈനിക, പോലീസ് സേനകളെക്കുറിച്ച് ഞങ്ങള്‍ എല്ലാവരും അഭിമാനിക്കുന്നു. ഞങ്ങള്‍ 130 കോടി ഇന്ത്യക്കാരും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അതില്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ക്ക് നേരെ ആക്രമണം നടന്നപ്പോഴെല്ലാം അവര്‍ ആക്രമണകാരികള്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്, ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും ചൈനയെ പുറം തള്ളുന്നതിനുമായി കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും ഉയര്‍ത്തണമെന്ന് സുര്‍ജ്ജേവാല ആവശ്യപ്പെട്ടു.
‘എന്നാല്‍ ചൈനയുടെ പേര് പറയുന്നതില്‍ നമ്മളുടെ ഭരണാധികാരികള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും നമ്മള്‍ ചിന്തിക്കണം. ഇന്ന്, ചൈന നമ്മുടെ പ്രദേശം കൈവശപ്പെടുത്തിയിരിക്കുമ്പോള്‍, ചൈനീസ് സേനയെ പിന്തിപ്പിക്കാമും നമ്മുടെ മേഖല സംരക്ഷിക്കാനും നിങ്ങള്‍ എങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്ന് നമ്മള്‍ സര്‍ക്കാരിനോട് ചോദിക്കണം, ”അദ്ദേഹം പറഞ്ഞു.