X

ബന്ധുക്കള്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയെന്തിന്?’, ഒളിയമ്പെയ്ത് കോണ്‍ഗ്രസ്; അഘാഡിയില്‍ ഭിന്നിപ്പ്

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്ട്രീയമായി എതിര്‍ ചേരിയില്‍നില്‍ക്കുന്ന മരുമകനും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ. ബന്ധുക്കളായ രണ്ടു പേര്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് എന്തിനെന്ന് പട്ടോളെ ചോദിച്ചു.

ശരദ് പവാര്‍ ബിജെപി ചേരിയിലുള്ള അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയ്ക്കു വഴിവച്ച സാഹചര്യത്തിലാണ്, മഹാരാഷ്ട്ര വികാസ് അഘാഡിയില്‍ ഭിന്നിപ്പുണ്ടെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തുവന്നത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നാനാ പട്ടോളെ പറഞ്ഞു.

പൂനെയില്‍ ബിസിനസ് പ്രമുഖന്റെ വീട്ടില്‍ വച്ചാണ് ശരദ് പവാറും അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം അജിത് പവാര്‍ മാധ്യമങ്ങളെ ഒഴിവാക്കി മടങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ പുതിയ സംഭവ വികാസങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് നാനാ പട്ടോളെ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യാ മുന്നണിയുടെ അടുത്ത യോഗത്തില്‍ ഇതു ചര്‍ച്ചയാവും. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി താന്‍ ഇക്കാര്യം സംസാരിക്കുമെന്നും നാനാ പട്ടോളെ അറിയിച്ചു.

ബിജെപിയോടു ചേരാന്‍ സമ്മര്‍ദമുണ്ടെന്നും എന്നാല്‍ അതിനു വഴങ്ങില്ലെന്നുമാണ്, രാഷ്ട്രീയ വിവാദമായ കൂടിക്കാഴ്ചയ്ക്കു ശേഷം ശരദ് പവാര്‍ പ്രതികരിച്ചത്.

webdesk13: