വന്യജീവി ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന മലയോര ജനതയെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കാട്ടാന ആക്രമണം. ഒന്നിനുപിറകെ ഒന്നായി, ഇടതടവില്ലാതെ നടക്കുന്ന ആന ആക്രമണത്തില്‍ കണ്‍മുന്നില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞുവീഴുന്നതിന് സാക്ഷിയാകേണ്ടി വരുമ്പോള്‍ ജീവന്‍ കയ്യിലേന്തിയാണ് അവര്‍ നിമിഷങ്ങള്‍ തള്ളിനീക്കുന്നത്. കടുവയായും ആനയായും വന്യജീവികള്‍ ജീവനുകള്‍ അപഹരിക്കുമ്പോള്‍ ആദിവാസികളും ഗോത്രവര്‍ഗക്കാരും അതിദരിദ്രരുമെല്ലാമായ പാവപ്പെട്ടവരുടെ ജീവന്‍ വിധിക്കുവി ട്ടുകൊടുത്തുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ പതിവുപോലെ പ്രഖ്യാപനങ്ങളില്‍ അഭിരമിക്കുകയും പരസ്പരം പഴി ചാരിക്കൊണ്ടിരിക്കുകയുമാണ്. പ്രഖ്യാപനങ്ങള്‍ക്കൊണ്ടോ അവകാശവാദങ്ങള്‍ക്കൊണ്ടോ വന്യജീവികളെ തളക്കാനോ തടയാനോ കഴിയില്ലെന്ന് ഈ ഭരണക്കാര്‍ തിരിച്ചറിയുമ്പോഴേക്കും പ്രതിസന്ധികളുടെ നടുക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ല എന്നതാണ് വസ്തുത. ഇടുക്കിയിലെ പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതോടെയാണ് മൂന്നു ദിവസങ്ങളിലായി അരങ്ങേറിയ കാട്ടാനക്കലിയെ തുടര്‍ന്നുള്ള മരണപരമ്പരക്ക് തുടക്കമായത്. പെരുവന്താനം കൊമ്പന്‍പാറയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് നെല്ലുവിള പുത്തന്‍വീട്ടില്‍ ഇസ്മമായിലിന്റെ ഭാര്യ സോഫിയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പാലോട്ട് വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍ക്കാട്ടിലേക്ക് പോയ മാടത്തറ ശാസ്താംനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബുവിന്റെ മൃതദേഹം കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയത് അന്നു രാത്രി തന്നെയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയ ബാബു ശനിയാഴ്ച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ മൃതദേഹം ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. തിങ്കളാഴ്ച്ച രാത്രി തന്നെയാണ് വയനാട്ടിലെ കാപ്പാട് മേഖലയില്‍ ഗോത യുവാവ് മാനു ആനയുടെ ആക്രമണത്തിന് ഇരയാകുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗോത്ര ഊരുകളില്‍ മാറി മാറി താമസിക്കുന്ന മാനു കാപ്പാട് ഊരിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആന പിന്നില്‍ നിന്ന് കുത്തി വീഴ്ത്തു കയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ വീണ്ടും വയനാട്ടില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറപ്പന്റെ മകന്‍ ബാലന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റിനുള്ളിലെ വഴിയില്‍ കണ്ടെത്തുന്നത്. ചൊവ്വാഴ്ച്ച രാത്രി ചൂരല്‍മല അങ്ങാടിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ബാലന്‍ ഇന്നലെ രാവിലെ ജോലിക്ക് പോകാന്‍ എത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ചവിട്ടി അരക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ചുരല്‍മലയില്‍ നിന്നാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിനു ശേഷം അട്ടമലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനു ശേഷം മുണ്ടക്കൈ, പു ഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചു. ജനവാസമില്ലാതായ ഈ പ്രദേശങ്ങളില്‍ പകല്‍ സമയത്തുപോലും കാട്ടാന എത്തുന്ന സാഹചര്യമായിരുന്നു. തേയില എസ്‌റ്റേറ്റുകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. വനാതിര്‍ത്തികളില്‍ മനുഷ്യരും വന്യജീവികളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയെന്നല്ലാതെ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനുള്ള ഒരു ശ്രമവും ഭ രണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നതിനുള്ള തെളിവാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍. ഒരു ജനതയുടെ ജീവല്‍പ്രശ്‌നത്തെ ഭരണകൂടം എത്ര നിസംഗതയോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉത്തമ ഉ ാഹരണമാണ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയ മസഭയില്‍ നടത്തിയ പരാമര്‍ശം. വയനാട്ടിലെ മാനുവിനെ കാട്ടാന കൊന്ന വിവരം ടി.വി ഇബ്രാഹീം എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ‘ഉള്‍ക്കാടിനുള്ളില്‍ പോയി കാണാതാകുന്നവരുടെ കാര്യമാണ് എം.എല്‍.എ സൂചിപ്പിക്കുന്നതെന്നും കാട്ടിനുള്ളിലേക്ക് പോ കുന്നത് എന്തുതരത്തിലായിരിക്കുമെന്ന് അങ്ങേക്കറിയാ മല്ലോ’ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്യ ജീവി ആക്രമണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മന്ത്രി പാട്ടു പാടി രസിക്കുകയാണ്. അപകട ഘട്ടങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യമായി കുടുബങ്ങള്‍ക്ക് ലഭിക്കുന്നല്ലെന്നത് മറ്റൊരു വസ്തുതയാണ്. 2025 പിറന്നതിനുശേഷം വന്യജീവി ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിവുപോലെ തന്നെ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ ഗതിയെന്തായിരിക്കുമെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി ജീവനുകള്‍ പൊലിഞ്ഞുകൊണ്ടി രിക്കുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് നമുക്കിങ്ങനെ ഒരു വനം മന്ത്രി..