സാമൂഹിക മാധ്യമങ്ങള്‍, ഓടിടി പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചതോടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരും. സോഷ്യല്‍മീഡിയാ വെബ്‌സൈറ്റുകളിലും മെസേജിങ് ആപ്പുകളിലും പ്രചരിക്കുന്ന കുറ്റകരമായ സന്ദേശങ്ങളുടെ ഉറവിടം കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെടുമ്പോള്‍ വ്യക്തമാക്കണം എന്ന നിര്‍ദേശമാണ് വാട്‌സാപ്പിന് വെല്ലുവിളിയാവുക.
സന്ദേശങ്ങളുടെ ഉറവിടം അഥവാ അത് ആദ്യമായി സൃഷ്ടിച്ചത് ആരാണ് എന്ന് അറിയണമെങ്കില്‍ വാട്‌സാപ്പില്‍ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ക്കെല്ലാമൊപ്പം ഒരു ഒറിജിന്‍ ഐഡി കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. എല്ലാ സേവനങ്ങളും രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സന്ദേശങ്ങളുടെ ഒറിജിനേറ്റര്‍ ഐഡി സൂക്ഷിക്കാന്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിര്‍ബന്ധിതരാവും.
സന്ദേശങ്ങള്‍ക്ക് സമ്പൂര്‍ണ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നത്. സന്ദേശങ്ങള്‍ ഒരു രീതിയിലും പിന്തുടരില്ലെന്ന് വാട്‌സാപ്പ് പറയുന്നുണ്ട്. എന്നാല്‍, ഒറിജിനേറ്റര്‍ ഐഡി സന്ദേശങ്ങള്‍ക്കൊപ്പം നല്‍കേണ്ടി വന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ അയക്കുന്ന ഓരോ സന്ദേശവും പിന്തുടരപ്പെടും.