വാട്‌സ്ആപ്പിലേക്ക് പുതിയ ഫീച്ചര്‍ കൂടിയെത്തി. ഇത്തവണ ആപ്പിലെ കോളിങ് സെക്ഷനിലാണ് കമ്പനി പുത്തനൊരു സവിശേഷത ചേര്‍ത്തിരിക്കുന്നത്. വാട്‌സ്ആപ്പില്‍ സുഹൃത്തുക്കളുടെയോ, കുടുംബത്തിന്റെയോ ഗ്രൂപ്പ് ഓഡിയോവിഡിയോ കോളുകള്‍ വരുന്ന സമയത്ത് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കുള്ളതാണ് പുതിയ ഫീച്ചര്‍. പൊതുവേ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് പിന്നീട് അയാളെ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക.
എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് വിഡിയോ കോള്‍ മിസ്സായ ആള്‍ക്ക് കോള്‍ തുടരുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സ്വമേധയാ അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കും. അതായത്, ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ അയാളെ വീണ്ടും കോള്‍ ചെയ്ത് ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ, ഗ്രൂപ്പ് വിഡിയോ കോളിനിടെ മറ്റെന്തിങ്കിലും തിരക്കുകള്‍ കാരണം കോള്‍ ഡ്രോപ് ചെയ്ത് പോകുന്നവര്‍ക്കും പിന്നീട് അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സവിശേഷത.
ഗ്രൂപ്പ് വിഡിയോ കോളുകള്‍ തുടരുന്നത് കാണിക്കാനായി വാട്‌സ്ആപ്പ് ഹോം സ്‌ക്രീനില്‍ തന്നെ ഒരു ‘കോള്‍ ഇന്‍ഫോ സ്‌ക്രീന്‍’ കമ്പനി ഒരുക്കിയിട്ടുണ്ട്. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന വിധത്തിലുള്ളതാണ് സ്‌ക്രീന്‍. അത് ‘ഇഗ്‌നോര്‍’ ചെയ്യുന്നവര്‍ക്ക് പിന്നീട് കോള്‍സ് ടാബില്‍ ചെന്നും ഗ്രൂപ്പ് വിഡിയോ കോളില്‍ ജോയിന്‍ ചെയ്യാം.