X

ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; മൊഴിയെടുപ്പാണ് നടന്നത്,ചോദ്യം ചെയ്യലല്ല: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയാതയും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. കെപിസിസി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളുടെയും ധാര്‍മികമായ ഉത്തരവാദിത്വം തനിക്കുണ്ട്. ആരുടെയെങ്കിലും തലയില്‍ വച്ചു കെട്ടില്ല. താന്‍ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. തന്റെ മൊഴിയെടുപ്പാണ് നടന്നത്, ചോദ്യം ചെയ്യലല്ല. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. അടൂരില്‍ നിന്ന് താന്‍ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നല്‍കേണ്ടതാണ്. പക്ഷേ തനിക്കത് വേണ്ട. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് തനിക്കറിയില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ പ്രവൃത്തികള്‍ക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. താന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ല. അന്വേഷണത്തോട് താന്‍ സഹകരിക്കുന്നു. അത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

webdesk14: