ഷംസീര്‍ കേളോത്ത്
ദേശീയ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിവാദ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ പലപ്പോഴും സര്‍ക്കാറും ഭരണകക്ഷിയും അന്യായമായി ഉപയോഗിച്ചു പോരുന്ന പരികല്‍പ്പനയാണ് ദേശീയ താല്‍പര്യമെന്നത്. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വഭേദഗതി നിയമവും എന്തിനേറെ ഇന്ധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന അമിതനികുതിയും വരെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത് ദേശീയ താല്‍പര്യമെന്ന വാദമുയര്‍ത്തിയാണ്. രാഷ്ട്രതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും അതിനെ എതിര്‍ക്കുന്നവരൊക്കെ ദേശവിരുദ്ധ പ്രവര്‍ത്തിയിലേര്‍പ്പെടുന്ന ഖാലിസ്ഥാനികളാണന്നും കര്‍ഷകസമരത്തെ ഇകഴ്ത്തിക്കാട്ടാനായി വാദിച്ച ഭരണകക്ഷിയും സര്‍ക്കാര്‍ സംവിധാനങ്ങളുമൊക്കെ നിലപാടില്‍ യൂടേണ്‍ എടുത്തിരിക്കുന്നു. ഇതുവരെ കര്‍ഷകവിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചവര്‍ ഇന്ന് അത് പിന്‍വലിക്കുകയാണ് ദേശീയ താല്‍പര്യമെന്ന് വാദിക്കുന്നു. ഒരു നിയമം നടപ്പാക്കുന്നതും അത് പിന്‍വലിക്കുന്നതും ഒരേ സമയം ദേശീയ താല്‍പര്യമാവുന്നത് എങ്ങനെയാണന്ന ചോദ്യം ഭരണകക്ഷിയുടെ അതിദേശീയതാ പൊള്ളത്തരങ്ങളെയാണ് വെളിവാക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചപോലുമില്ലാതെ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി ഘട്ടത്തില്‍ ഓര്‍ഡിനന്‍സ് വഴി നിയമമാക്കിയതിന് ശേഷമാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കപ്പെടുന്നത് പോലും. ഇത്ര തിടുക്കപ്പെട്ട് പാസാക്കിയെടുത്ത നിയമം പെട്ടന്ന് പിന്‍വലിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ദേശീയ താല്‍പര്യമല്ല, മറിച്ച് പാര്‍ട്ടി താല്‍പര്യമാണന്ന വിമര്‍ശനം ശക്തമാണ്.
ജനസഞ്ചയത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍
ഭരിക്കുന്നവരുടെ താല്‍പര്യമാണോ ദേശീയ താല്‍പര്യം? അങ്ങനെയാണന്ന് വാദിക്കുന്നവരുണ്ട്. ഭരിക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന താല്‍പര്യങ്ങളൊക്കെ ദേശീയ താല്‍പര്യമായി മാറിയാല്‍ അവര്‍ ചെയ്യുന്ന അഴിമതിയും അധികാരദുര്‍വിനിയോഗവുമൊക്കെ ദേശീയ താല്‍പര്യത്തിന്റെ പരിധിയില്‍ വരില്ലേ. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ താല്‍പര്യമാണ് ദേശീയതാല്‍പര്യമെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഉപരിവര്‍ഗം മാത്രമാണോ ദേശത്തെ പ്രതിനിധീകരിക്കുന്നത്. അല്ല, ഒരു നാട്ടിലെ ആകെ ജനങ്ങളുടെ സ്വച്ഛന്ദമായ പുരോഗതിയിലേക്കു നയിക്കുന്ന കാര്യങ്ങളെ നമുക്ക് ദേശീയ താല്‍പര്യമെന്ന് വിളിക്കാം. സ്വതന്ത്രഭാരതത്തിലെ ആദ്യകാല സര്‍ക്കാറുകള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ പലപദ്ധതികളും രാജ്യത്തെ ജനതയുടെ ആകെയുള്ള പുരോഗതി ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഹരിതവിപ്ലവമടക്കമുള്ള പദ്ധതികള്‍ക്ക് പിന്നീട് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ടങ്കില്‍ കൂടി ആ കാലഘട്ടത്തിന്റെ യുക്തിയില്‍ രാജ്യത്തെ ജനതയുടെ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കിയ നടപടികളായിരുന്നു അവയൊക്കെ. രാഷ്ട്ര നിര്‍മിതിയെന്ന ദേശതാല്‍പര്യമാണ് അത്തരം പദ്ധതികള്‍ക്ക് പിന്നിലുണ്ടായിരുന്നതെന്ന് പറയാനാവും. രാഷ്ട്രത്തിലെ ജനങ്ങളുടെ ഐശ്വര്യപൂര്‍ണമായ മുന്നേറ്റത്തിന് ആവശ്യമായ ഘടകങ്ങള്‍ കണ്ടത്തലും അത് നടപ്പാക്കലുമാണ് സര്‍ക്കാറിന്റെ ചുമതല. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാനുള്ള ടൂള്‍ കിറ്റായാണ് ദേശീയതയേയും ദേശീയ താല്‍പര്യത്തേയും ഉപയോഗിക്കുന്നത്. രാഷ്ട്രനിര്‍മിതിയെക്കാള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. മഹാമാരിയുടെ മറവില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയമങ്ങളെ കര്‍ഷകര്‍ പോരുതി തോല്‍പ്പിച്ചിരിക്കുന്നു. ഭരിക്കുന്നവന്റെയോ ഉന്നതശ്രേണിയിലുള്ളവന്റെയോ ചെയ്തികളോ ആവശ്യങ്ങളോ അല്ല ജനസഞ്ചയത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെയാണ് ദേശീയ താല്‍പര്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് കടുത്തപ്രതിസന്ധകള്‍ക്കിടയിലും സമരം വിജയിപ്പിച്ച കര്‍ഷകര്‍ രാജ്യത്തിന് നല്‍കുന്ന സന്ദേശം.
ജനാധിപത്യത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ്
ജനാധിപത്യമെന്നാല്‍ കേവലം ഭൂരിപക്ഷം തെളിയിക്കാനുള്ള അക്കങ്ങള്‍ മാത്രമല്ല, ചില മൂല്യങ്ങളും കൂടിയാണ്. നേരും നെറിയും നീതിയും സഹിഷ്ണുതയും അതില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. നമ്പര്‍ ചിലപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷിക്ക് അധികാരം നല്‍കിയേക്കാം. പക്ഷെ, തിരഞ്ഞടുപ്പിലൂടെ അധികാരത്തിലേറി എന്നത് കൊണ്ട് മാത്രം ഒരു സര്‍ക്കാറിനെ ജനാധിപത്യ സര്‍ക്കാറെന്ന് വിളിക്കാനാവില്ല. ഭരിക്കാനുള്ള ജനവിധിയോടൊപ്പം തന്നെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളും വളരെ പ്രധാനമാണ്. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ എങ്ങിനെയാണ് സമീപിക്കുന്നത് എന്നത് ആ ഭരണകൂടത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ സഹായിക്കും. പ്രതിഷേധസ്വരങ്ങളെ അസഹിഷ്ണുതയോടെ സമീപിച്ച സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തിയായി ചിത്രീകരിച്ചുള്ള പ്രചാരണങ്ങള്‍ സര്‍ക്കാറിന്റെ തുടക്കം മുതലുണ്ടായി. രാജ്യത്തെ മുസ്‌ലിംന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അരങ്ങേറിയ അതിക്രമങ്ങള്‍ ന്യായീകരിക്കപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമാധാന പൂര്‍ണമായ പ്രക്ഷോഭങ്ങളെ താറടിച്ചു കാണിക്കാനും ഷര്‍ജീല്‍ ഇമാമിനെ പോലുള്ളവരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാനുമാണ് സര്‍ക്കാര്‍ തയാറായത്. പ്രക്ഷോഭകര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത് ഒരു കേന്ദ്രമന്ത്രിയാണന്നോര്‍ക്കണം. ഭരണകക്ഷി തന്നെ കലാപം സംഘടിപ്പിക്കുന്ന കാഴ്ച ഡല്‍ഹിയില്‍ കണ്ടു. കോവിഡ് മഹാമാരിയാണ് പൗരത്വ സമരം നിര്‍ത്തിവെക്കാന്‍ പ്രക്ഷോഭകാരികളെ പ്രേരിപ്പിച്ചത്. പൗരത്വനിയമം സര്‍ക്കാര്‍ പിന്‍വലിച്ചില്ലങ്കില്‍ രാജ്യം വീണ്ടും പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സാധ്യതകളേറെയാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്ത് വീണ്ടും പൗരത്വ പ്രക്ഷോഭം ശക്തിപ്പെട്ടേക്കാം. ഈ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷക സമരവിജയം നല്‍കുന്ന ഊര്‍ജം ചെറുതായിരിക്കില്ല.
നീതി പൊരുതി നേടി എന്നതാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രത്യേകത. മന്ത്രിപുത്രന്മാര്‍ വണ്ടി കയറ്റിക്കൊന്നവരുള്‍പ്പെടെ എഴുനൂറിലധികം കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടന്നാണ് കര്‍ഷകസംഘടനകള്‍ പുറത്ത് വിടുന്ന കണക്ക്. അനിശ്ചിതമായി നീളുന്ന സമരം വഴിമുടക്കുന്നതിനെ പറ്റിയാണ് കോടതികള്‍ പോലും പലപ്പോഴും വ്യാകുലപ്പെട്ടത്. സമരക്കാരുടെ മതകീയ ചിഹ്നങ്ങളെ ഉയര്‍ത്തിക്കാട്ടി സമരത്തെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സമരമാണന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അത് വിജയിച്ചില്ല. രാഷ്ട്രീയ ഘടനകള്‍ (നിയമനിര്‍മ്മാണ സഭ, കോടതികള്‍, എക്‌സിക്യൂട്ടീവ്) പരമാധികാരത്തിന്റെ പ്രയോഗത്തില്‍ സ്വന്തം ജനതയെ എതിര്‍സ്ഥാനത്ത് നിര്‍ത്തിയപ്പോള്‍ പരമാധികാരം ജനങ്ങള്‍ക്കാണന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ കണ്ടത് അതായിരുന്നു. ഭരിക്കുന്നവരുടെ ഇംഗിതങ്ങളല്ല, ജനകീയ പ്രശനങ്ങള്‍ക്കുള്ള പരിഹാരമാണ് ദേശീയ താല്‍പര്യമെന്ന് സര്‍ക്കാറിനെ കൊണ്ട് കര്‍ഷകര്‍ തിരുത്തിയെഴുതിച്ച കാഴ്ചയാണ് വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ രാജ്യം കണ്ടത്.