X

ഗവര്‍ണര്‍ ആരുടെ ദത്തുപുത്രന്‍- അഡ്വ. കെ.എം ഷാജഹാന്‍

അഡ്വ. കെ.എം ഷാജഹാന്‍

1999 മുതല്‍ 2022 വരെ യാതൊരുവിധ ഭേദഗതികളുമില്ലാതെ നിലനിന്ന ലോകായുക്ത നിയമത്തിന്റെ അഴിമതി വിരുദ്ധത മുഴുവന്‍ ചോര്‍ത്തിക്കളയുന്ന ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മണിക്കൂര്‍ സംസാരിക്കുകയേ വേണ്ടിവന്നുള്ളു. ഭേദഗതി ആവശ്യം ഉള്‍ക്കൊള്ളിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ വിശദമായി പരിശോധിക്കുകയാണ് എന്നും, സ്വന്തം നിലക്ക് നിയമോപദേശം തേടുകയാണ് എന്നും ഒക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിക്കൂര്‍ കൊണ്ട് ഗവര്‍ണറുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തുകൊടുത്തു! ഇടതുപക്ഷ ഘടകകക്ഷിയായ സി.പി.ഐക്ക് പോലും മനസിലാകാത്ത യുക്തി ഗവര്‍ണര്‍ക്ക് പിണറായി വിജയന്‍ മനസിലാക്കികൊടുത്തു! സി.പി.ഐ പോലും ഭരണഘടനാവിരുദ്ധം എന്ന് പരസ്യമായി പ്രഖ്യാപിച്ച ഭേദഗതി തികച്ചും ഭരണഘടനാപരമാണെന്ന് പിണറായി, ഗവര്‍ണറെ ബോധ്യപ്പെടുത്തി. അപ്പോള്‍ ആരുടെ ദത്തുപുത്രനാണ് ഗവര്‍ണര്‍?

ലോകായുക്ത നിയമത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ ഭേദഗതി, നിയമത്തിലെ സെക്ഷന്‍ 14 നെ വന്ധ്യംകരിച്ച് ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. ഈ സെക്ഷന്‍ ലോകായുക്ത നിയമത്തില്‍ ഉള്‍പെടുത്തിയത് 1999ല്‍ അധികാരത്തില്‍ ഇരുന്ന ഇ.കെ നായനാര്‍ സര്‍ക്കാരായിരുന്നു. അന്ന് നിയമ മന്ത്രിയായിരുന്ന സി.പി.ഐയുടെ ഇ. ചന്ദ്രശേഖരന്‍ നായരായിരുന്നു ഈ വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്ന ശക്തമായ നിലപാടെടുത്തത്. ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിന്റെ അംഗീകാരമാണ് ഈ സെക്ഷന്‍ ലോകായുക്ത നിയമത്തില്‍ ചേര്‍ക്കുന്നതോടെ ഉണ്ടാവുക എന്നായിരുന്നു അന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ വാദിച്ചത്. ആ വാദം മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു. ആ വകുപ്പിന്റെ കടയ്ക്കലാണ് ഇപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ തന്നെ കത്തി വച്ചിരിക്കുന്നത്.

എന്താണ് ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14ല്‍ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. ഒരു പരാതിക്കാരന്‍ ലോകായുക്തയില്‍ പൊതുപ്രവര്‍ത്തകനെതിരെ നല്‍കുന്ന പരാതി ഫയലില്‍ സ്വീകരിച്ച ശേഷം ലോകായുക്ത സ്വന്തം സംവിധാനം ഉപയോഗിച്ച് ആ പരാതിയെ കുറിച്ച് അന്വേഷിക്കുന്നു. ആ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ വാദിക്കും പ്രതിക്കും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് കേള്‍ക്കാനും, അവരവരുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനും ലോകായുക്ത അവസരം നല്‍കുന്നു. വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പരാതി വസ്തുനിഷ്ഠമാണെന്ന് ബോധ്യമായാല്‍, അക്കാര്യം ലോകായുക്ത ബന്ധപ്പെട്ട അധികാരിയെ ഒരു ഡിക്ലറേഷനിലൂടെ അറിയിക്കുന്നു. അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകനെതിരെയാണ് ആ ഡിക്ലറേഷനെങ്കില്‍, അത് ലഭിച്ച് 3 മാസങ്ങള്‍ക്കുള്ളില്‍ ആ പൊതുപ്രവര്‍ത്തകന്‍, താന്‍ കയ്യാളുന്ന അധികാരസ്ഥാനം ഒഴിയണം. അതാണ് ലോകായുക്തയുടെ സെക്ഷന്‍ 14ല്‍ പറയുന്നത്.

ഈ വകുപ്പ് ഭേദഗതി ചെയ്തതിനുശേഷം, ലോകായുക്ത നല്‍കുന്ന ഡിക്ലറേഷന്‍ ആര്‍ക്കെതിരാണോ ആ വ്യക്തിയെ കേട്ടതിനുശേഷം, ആ തീരുമാനം തള്ളാനോ കൊള്ളാനോ ഉള്ള അധികാരം, ബന്ധപ്പെട്ട കോമ്പീറ്റന്റ് അതോറിറ്റിക്ക് ഉണ്ടായിരിക്കും എന്നാക്കി മാറ്റിയിരിക്കുന്നു. അതായത്, മുഖ്യമന്ത്രിക്കെതിരായാണ് തീരുമാനം എങ്കില്‍, മുഖ്യമന്ത്രിയെ കേട്ടതിന് ശേഷം ഗവര്‍ണര്‍ക്കും, മന്ത്രിമാര്‍ക്കെതിരാണ് തീരുമാനമെങ്കില്‍ മന്ത്രിമാരെ കേട്ടതിനുശേഷം മുഖ്യമന്ത്രിക്കും, ലോകായുക്തയുടെ തീരുമാനം തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാം. അതായത് മന്ത്രിമാര്‍ക്കെതിരെ, വിശദമായ അന്വേഷണങ്ങള്‍ക്കും വിശദമായ വാദം കേള്‍ക്കലിനും ശേഷം, ജുഡീഷ്യല്‍ സംവിധാനമായ, ജുഡീഷ്യല്‍ അധികാരങ്ങളുള്ള ലോകായുക്ത ഒരു തീരുമാനമെടുത്താല്‍, ആ തീരുമാനത്തെ എക്‌സിക്യൂട്ടീവിന്റെ ഭാഗമായ മന്ത്രിസഭക്ക്, തള്ളാനോ കൊള്ളാനോ അധികാരം ഉണ്ടായിരിക്കും എന്നാണ് ഈ ഭേദഗതി പറയുന്നത്. ഇത് ജുഡീഷ്യറിക്ക് മേലുള്ള എക്‌സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണ്. മാത്രമല്ല, ഈ ഭേദഗതിയുടെ ഭാഗമായി അഴിമതി നടത്തിയവര്‍ രക്ഷപ്പെടുകയും ചെയ്യും. അഴിമതിക്കെതിരായ പോരാട്ടത്തിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് ഇതിലൂടെ നഷ്ടമാകാന്‍ പോകുന്നത്.

സെക്ഷന്‍ 14ല്‍ ലോകായുക്തക്ക് നല്‍കിയ അധികാരം ഹൈക്കോടതിതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ലോകായുക്ത വിധിക്കെതിരെ അപ്പീലില്ല എന്ന വാദം അസംബന്ധമാണ്. ലോകായുക്ത വിധിക്കെതിരെ പരാതിക്കാരന് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവകാശമുണ്ട്. മന്ത്രിയായിരുന്ന കെ.ടി ജലീല്‍ ഒഴിയണമെന്ന ലോകായുക്ത തീരുമാനത്തിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ആ തീരുമാനം തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ്, ലോകായുക്തക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കിയതിനെ ന്യായീകരിച്ചിട്ടുള്ളത്. 2021 ഏപ്രില്‍ 20ന് ജസ്റ്റിസുമാരായ പി.ബി സുരേഷ്‌കുമാര്‍, കെ ബാബു എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ച വിധിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിധിന്യാത്തിന്റെ 13 ാം ഖണ്ഡികയിലാണ് ലോകായുക്തക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കിയത് എന്തുകൊണ്ടാണ് എന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഒന്നാമതായി, ഈ നിയമത്തിന്റെ ലക്ഷ്യം പൊതുരംഗത്ത് നിന്ന് അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ളവരെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍, 1987ലെ പൊതുപ്രവര്‍ത്തകരുടെ അഴിമതി നിരോധന നിയമം കൊണ്ട് കഴിയില്ല എന്ന് കണ്ടതിനാലാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. രണ്ടാമതായി, പൊതുപ്രവര്‍ത്തകരുടെ അഴിമതിയും വീഴ്ചകളും അന്വേഷിക്കാന്‍ ലോകായുക്തക്കും ഉപലോകായുക്തക്കും വിശാലമായ അധികാരങ്ങള്‍ നല്‍കിയത് ഇതുകൊണ്ടാണ്. മൂന്നാമതായി, ഇത്രയും വിശാലമായ അധികാരങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനാലാണ് ലോകായുക്ത, റിട്ടയര്‍ ചെയ്ത സുപ്രീംകോടതി ജഡ്ജിയോ, റിട്ടയര്‍ ചെയ്ത ഹൈക്കോടതി ചീഫ് ജസ്റ്റിസോ എന്ന് തീരുമാനിക്കപ്പെട്ടത്. ഇതുകൊണ്ട് തന്നെയാണ് ഉപലോകായുക്തമാര്‍ റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാര്‍ ആയിരിക്കണം എന്ന് തീരുമാനിക്കപ്പെട്ടത്. ലോകായുക്തക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കപ്പെട്ടതുകൊണ്ടാണ് ലോകായുക്തയേയും ഉപലോകായുക്തമാരെയും നിശ്ചയിക്കുന്നത്, മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷനേതാവ് എന്നിവര്‍ അടങ്ങുന്ന സമിതിയായിരിക്കണം എന്ന് തീരുമാനിക്കപ്പെട്ടത്.

ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 അഴിമതി വിരുദ്ധ പോരാട്ടത്തില്‍ സാധാരണ ജനങ്ങളുടെ കൈവശമുള്ള ഒരു വജ്രായുധമാണ് എന്ന് അറിയാത്തയാളല്ല കേരള ഗവര്‍ണര്‍. ചെറുപ്രായത്തില്‍ തന്നെ കേന്ദ്രമന്ത്രിയായിരുന്ന നേതാവാണല്ലോ അദ്ദേഹം. മാത്രമല്ല, ഈ നിയമത്തിന്റെ അഴിമതി വിരുദ്ധതയെ കുറിച്ച് കേരളത്തിലെ പ്രതിപക്ഷം അദ്ദേഹത്തെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതുമാണ്. ഈ നിയമം കൊണ്ടുവരാന്‍ പ്രസിഡന്റിന്റെ അനുമതി വാങ്ങിയ സ്ഥിതിക്ക്, സുപ്രധാന ഭേദഗതി വരുത്തുമ്പോഴും ആ നടപടിക്രമം പാലിക്കണം എന്ന കാര്യവും ഗവര്‍ണര്‍ക്ക് അറിയാവുന്നതാണ്. പ്രതിപക്ഷം ഗവര്‍ണറെ കണ്ട അവസരത്തില്‍, താന്‍ സ്വതന്ത്രമായി നിയമോപദേശം തേടും എന്ന് ഗവര്‍ണര്‍ പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഗവര്‍ണര്‍ ചെയ്തില്ല. അദ്ദേഹം സര്‍ക്കാരിനോട് ഒരു വിശദീകരണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭേദഗതിക്ക് അനുകൂലമായി മറുപടിയും നല്‍കി.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പിണറായി വിജയന്‍ ഗവര്‍ണറെ കണ്ട് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. അതോടെ എല്ലാ കാര്യങ്ങളും ഗവര്‍ണര്‍ക്ക് ബോധ്യമായി. ഗവര്‍ണര്‍, മുഖ്യമന്ത്രി പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുത്തു. അതില്‍ തെല്ലും അത്ഭുതമില്ല. പിണറായി വിജയനെ പിന്തുണക്കാനാണ് മോദി സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. അപ്പോള്‍ ആ തീരുമാനത്തിന് വിരുദ്ധമായി ഈ ഗവര്‍ണര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമോ?

Test User: