X

ഈ ഒളിച്ചോട്ടം ആരെ പറ്റിക്കാന്‍-എഡിറ്റോറിയല്‍

രാജ്യത്തെ അപൂര്‍വതയില്‍ അപൂര്‍വമായി കേരളമുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ തടി രക്ഷപ്പെടുത്താന്‍ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സകല അടവുകളും ജനത്തിന് മുന്നില്‍ ഇന്നലത്തോടെ പൊളിഞ്ഞുപാളീസായിരിക്കുകയാണ്. അതവരെ ഇളിഭ്യരാക്കുകയുമാണ്. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേല്‍ മുഖ്യമന്ത്രിയുടെ മറുപടി അദ്ദേഹംതന്നെ വിശേഷിപ്പിച്ച വിഷയത്തിലെ പുകമറ ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കംമുതല്‍ പ്രതിപക്ഷത്തെയും മാധ്യമപ്രവര്‍ത്തകരെയും അകറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ സ്പീക്കറുടെ സഹായത്തോടെ പരിശ്രമിച്ചത്. സ്പീക്കറാകട്ടെ സകല ജനാധിപത്യ മര്യാദകളും കാറ്റില്‍പറത്തി എതിര്‍ശബ്ദങ്ങളുടെ കശാപ്പിന് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ്. ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ സ്വാഭാവികവും അത് വിലയിരുത്തപ്പെടേണ്ടതുമാണ് എന്നിരിക്കെ ആരോപണങ്ങളെ അപ്പടി ഭീഷണിയുടെയും വിരട്ടലിന്റെയും മുട്ടാപ്പോക്ക് നിലപാടുകളുടെയും ഇടയില്‍ അടിച്ചമര്‍ത്താമെന്നാണ് പിണറായി സര്‍ക്കാരിന്റെയും ഭരണമുന്നണിയുടെയും ശ്രമം. അത് വ്യക്തമായെന്നതാണ് ഇന്നലെ സഭയിലെ ചര്‍ച്ചകൊണ്ട് സംഭവിച്ചത്. മൂന്നു മണിക്കൂറും 15 മിനിറ്റും നീണ്ട ചര്‍ച്ചക്കൊടുവിലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം ശരിയാണെന്ന് സ്ഥാപിക്കപ്പെടാനും ഇതിടയാക്കി.

ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലോ പ്രതിപക്ഷ നേതാവടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിലോ ശ്രദ്ധചെലുത്താന്‍പോലും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും തുനിഞ്ഞില്ലെന്ന് മാത്രമല്ല, അവയെയെല്ലാം ബി.ജെ.പി എന്ന ഉമ്മാക്കികാട്ടി തള്ളിക്കളയാനാണ് അവര്‍ ശ്രമിച്ചത്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും അദ്ദേഹത്തിന്റെ സുഹൃത്ത് സ്വപ്‌നസുരേഷും വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയുമാണ്‌നേര്‍ക്കുനേര്‍ കുത്തുന്നതെന്നിരിക്കെ അത് നിവര്‍ത്തിക്കേണ്ടതായ അസുലഭാവസരമാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇന്നലെ ലഭിച്ചത്. അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അവതരണാനുമതി നല്‍കിയപ്പോള്‍തന്നെ ഇതാണ് ജനവും പ്രതിപക്ഷവും പ്രതീക്ഷിച്ചതും. സ്വപ്‌നസുരേഷ് വെളിപ്പെടുത്തിയ കോടതിയിലെ രഹസ്യമൊഴിയിലെ ഭാഗങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യരുതെന്ന വാദമാണ് ആദ്യംതന്നെ വ്യവസായ മന്ത്രിയിലൂടെ സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇത് അവര്‍ക്ക് ചര്‍ച്ചയില്‍ ഭയമുണ്ടെന്നതിനുള്ള തെളിവായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസില്‍ സ്വപ്‌നസുരേഷ് നിരന്തരം സന്ദര്‍ശനം നടത്തിയതും അവിടേക്ക് ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന് ധ്വനിക്കുന്ന മൊഴി അവര്‍ നല്‍കിയതും മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ മറന്നുവെച്ച ബാഗ് നയതന്ത്ര ചാനല്‍വഴി എത്തിച്ചെന്നതും അതീവഗുരതര വിഷയമാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ എം.ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചതിന് തെളിവുണ്ട്. ഇതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടേണ്ടത് പ്രതിപക്ഷത്തിന്റെ സാമാന്യമായ ബാധ്യതമാത്രമല്ലേ? സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പിറ്റേന്ന് അവരുടെ സഹപ്രവര്‍ത്തകന്‍ സരിത്തിനെ വിജിലന്‍സ് പാലക്കാട്ടുനിന്ന് റാഞ്ചിക്കൊണ്ടുപോയതാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന ഷാജ്കിരണ്‍ എന്നയാള്‍ സ്വപ്‌നയെ അറിയിച്ചിരുന്നു. സംസ്ഥാന വിജിലന്‍സ് തലവനായ അജിത്കുമാറുമായി ഷാജ്കിരണ്‍ 33 തവണ ഫോണില്‍ സംസാരിച്ചുവെന്നതിനും തെളിവുണ്ട്. അജിത്കുമാറിനെ സരിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്ന് സ്ഥലം മാറ്റുകയും ഉന്നതതസ്തിക നല്‍കുകയും ചെയ്തു. മാത്രമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും പിന്നീട് എതിരാളിയുമായ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് നടപടിയെടുത്തപ്പോള്‍ എന്തുകൊണ്ട് ശിവശങ്കറിനെതിരെ അതേ കുറ്റത്തിന് നടപടിയെടുത്തില്ലെന്ന ചോദ്യവും പ്രമേയാവതാരകന്‍ ഉന്നയിച്ചു. മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ തട്ടിപ്പുകാരിയുടെ മൊഴി വിശ്വസിച്ച് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട പിണറായി വിജയന്‍ ഈ കേസില്‍ അതുപോലെ സി.ബി.ഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കുകയും ചെയ്തു. എന്നിട്ടും ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പിണറായിവിജയന്‍ തയ്യാറായില്ല. അദ്ദേഹത്തിന് സ്പീക്കര്‍ 58 മിനിറ്റാണ് ഇതിനായി അനുവദിച്ചതെന്നോര്‍ക്കണം. അതിലദ്ദേഹം ബി.ജെ.പിയെയും പ്രതിപക്ഷത്തെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് ആവനാഴിയില്‍ അമ്പില്ലെന്നതിന് തെളിവായി. ബി.ജെ.പിയാണ് സ്വപ്‌നസുരേഷിന് ചെല്ലുംചെലവും കൊടുത്തതെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് തന്റെ സര്‍ക്കാരിലെ തന്റെ പ്രിന്‍സിപ്പല്‍സെക്രട്ടറിയാണ് സര്‍ക്കാരിലെ വ്യവസായവകുപ്പില്‍ ഒന്നരലക്ഷംരൂപ ശമ്പളത്തില്‍ സ്വപ്‌നയെ ജോലിക്ക് വെച്ചതെന്നത് സൗകര്യപൂര്‍വം മറയ്ക്കാന്‍ ശ്രമിച്ചു. സത്യത്തില്‍ മടിയില്‍ കനമുണ്ടെന്ന് തന്നെയാണ് പിണറായിയുടെ വാക്കുകളില്‍ ജനത്തിന് ബോധ്യമായിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞതാണെന്നും അതിന് ജനകീയ കോടതിയിലൂടെ അനുകൂലവിധി ലഭിച്ചുവെന്നും പറയുന്ന മുഖ്യമന്ത്രി ഇക്കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ അതിഗംഭീര തോല്‍വിയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. എക്‌സാലോജിക് എന്ന മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയുടെ ഉപദേശകനാണ് തട്ടിപ്പുകാരനെന്ന മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ ആരോപണത്തെ തെളിവുകള്‍വെച്ച് ഖണ്ഡിക്കാനും അദ്ദേഹം തയ്യാറായില്ല. സത്യത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിലങ്ങുവെച്ചും തമസ്‌കരിച്ചും മുന്നോട്ടുപോകുകയെന്നത് മുന്‍സോവിയറ്റ്‌യൂണിയനിലെ കമ്യൂണിസ്റ്റ് ഇരുമ്പുമറയുടെ രീതിയാണ്. അതിന് കേരളവും ഇന്ത്യയുംപോലെയുള്ള ജനാധപിത്യസമൂഹത്തില്‍ ഇടമില്ലെന്ന് പിണറായിയുടെയും കൂട്ടരും എത്രയുമാദ്യം മനസിലാക്കുന്നുവോ അത്രയുമവര്‍ക്ക് നന്ന്. ഇതിന് പക്ഷേ ലെജിസ്ലേച്ചര്‍കൂടി കൂട്ടുനില്‍ക്കുന്നതാണിപ്പോഴത്തെ ഗൗരവതരമായ സംഗതി.

Chandrika Web: