X

ആരാണ് വഴി കാണിക്കുക ഭരണഘടനയോ മനുസ്മൃതിയോ

ഡോ. രാംപുനിയാനി

ഇന്ത്യയില്‍ നാം തിരഞ്ഞെടുത്ത രാഷ്ട്രീയ വ്യവസ്ഥയില്‍, നിയമനിര്‍മാണ സഭ നിയമങ്ങള്‍ നിര്‍മിക്കുന്നു, എക്‌സിക്യൂട്ടീവ് ആ നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ ഭരണസംവിധാനം നിയന്ത്രിക്കുന്നു, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ ഭരണം ഉറപ്പാക്കുന്നത് ജുഡീഷ്യറിയാണ്. ജുഡീഷ്യറി എക്‌സിക്യൂട്ടീവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറച്ചുകാലമായി വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യറിയും വിമര്‍ശനത്തിന് വിധേയമാകുന്നു. ഈയിടെ ഒരു ജഡ്ജി പറഞ്ഞത് ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ബാര്‍ ആന്റ് ബെഞ്ച് പറയുന്നതനുസരിച്ച്, പ്രതിഭ സിംഗ് എന്ന ജഡ്ജി പറഞ്ഞതിങ്ങനെയാണ്: ‘നാം ഇന്ത്യയിലെ സ്ത്രീകള്‍ വളരെ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ മതഗ്രന്ഥങ്ങള്‍ എപ്പോഴും സ്ത്രീകള്‍ക്ക് വളരെ മാന്യമായ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം. മനുസ്മൃതിയില്‍ പറയുന്നത് പോലെ, നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന ആരാധനക്ക് അര്‍ഥമില്ല. അതുകൊണ്ട് നമ്മുടെ പൂര്‍വികര്‍ക്കും വേദ സാഹിത്യത്തിലെ എഴുത്തുകാര്‍ക്കും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നന്നായി അറിയാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു’.

‘യത്ര നാര്യസ്തു പൂജയന്തേ, രാമന്തേ തത്ര ദേവതാഃ’ (3/56) എന്ന് മനുസ്മൃതി പറയുന്നത് ശരിയാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ മറ്റൊരിടത്ത് സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നതുമായി ഈ വാക്കുകള്‍ പൊരുത്തപ്പെടുന്നില്ല. മനുസ്മൃതിയെ മാനവ് ധര്‍മശാസ്ത്രം എന്നും വിളിക്കുന്നു, സവര്‍ക്കര്‍ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള ഹിന്ദു ദേശീയ ചിന്തകര്‍ പുസ്തകത്തെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. അതില്‍ എന്തെല്ലാം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയാലും അത് തികച്ചും പുരുഷാധിപത്യപരവും സ്ത്രീകള്‍ക്ക് വളരെ താഴ്ന്ന പദവിയാണ് നല്‍കുന്നത് എന്നതും സങ്കടകരമാണ്. പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിലെ 148, 149 വാക്യങ്ങള്‍ സ്ത്രീകളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നു. ഈ വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ‘സ്വന്തം വീട്ടില്‍ പോലും സ്ത്രീ, പെണ്‍കുട്ടിയായാലും ചെറുപ്പമായാലും പ്രായമായവരായാലും സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാന്‍ പാടില്ല. കുട്ടിക്കാലത്ത് അവള്‍ പിതാവിന്റെ നിയന്ത്രണത്തിലും യൗവനത്തില്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലും ഭര്‍ത്താവിന്റെ മരണശേഷം പുത്രന്മാരുടെ നിയന്ത്രണത്തിലുമാകണം’, ‘ഭര്‍ത്താവ് സദ്ഗുണമില്ലാത്തവനാണെങ്കിലും മറ്റുള്ളവരോട് ആസക്തിയുള്ളവനാണെങ്കിലും നിര്‍മലയായ സ്ത്രീക്ക് അവന്‍ ദൈവമാണ്.’

പുസ്തകം ലിംഗഭേദത്തെയും ജാതിയെയും ബന്ധിപ്പിക്കുന്നതാണ്. മനുസ്മൃതി പ്രകാരം, തന്നേക്കാള്‍ ഉയര്‍ന്ന ജാതിയില്‍പെട്ട പുരുഷനുമായി വ്യഭിചാരം ചെയ്യുന്ന സ്ത്രീ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല. സ്വന്തം ജാതിയേക്കാള്‍ താഴ്ന്ന ജാതിയില്‍പെട്ട പുരുഷനുമായി വ്യഭിചാരം ചെയ്യുന്ന സ്ത്രീയെ ജയിലില്‍ അടയ്ക്കണം. താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍ ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുമായി വ്യഭിചാരം ചെയ്താല്‍ അയാള്‍ക്ക് വധശിക്ഷ നല്‍കണം. ജാതി, വര്‍ണ, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശ്രേണിയെ മാത്രമല്ല, ബ്രാഹ്മണ മതം അംഗീകരിക്കുന്ന എല്ലാ ശ്രേണിയെയും പുസ്തകം ന്യായീകരിക്കുന്നു. മനുസ്മൃതി എഴുതപ്പെട്ടതല്ലെന്നും പ്രത്യക്ഷപ്പെട്ടതാണെന്നും അതിനാല്‍ വെല്ലുവിളിക്കാന്‍ കഴിയില്ലെന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ അഭിപ്രായത്തില്‍ (എഴുത്തും പ്രസംഗങ്ങളും വാല്യം 3 പേജ് 270-71), പുസ്തകം 170-150 ബി.സിയില്‍ എഴുതിയതാണെന്നാണ്് വ്യക്തമാക്കുന്നത്. ബ്രാഹ്മണ ഭരണാധികാരിയായ പുഷ്യമിത്ര സുംഗയുടെ നേതൃത്വത്തില്‍ ബുദ്ധമതത്തിനു നേരെ രൂക്ഷമായ ആക്രമണങ്ങള്‍ നടന്ന കാലഘട്ടമാണിത്. വര്‍ണവ്യവസ്ഥ ദൈവികമാണെന്ന് മനുസ്മൃതി പറയുന്നു. കൊളോണിയല്‍ കാലത്ത് രാജ്യത്ത് ആധുനിക വിദ്യാഭ്യാസം അവതരിപ്പിക്കപ്പെടുകയും നിരവധി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുറന്നത് സാവിത്രിഭായ് ഫൂലെയാണ്. മനുസ്മൃതിയുടെ ആരാധകരില്‍നിന്നും സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും സാവിത്രിഭായ് ഫൂലെയ്ക്ക് വിമര്‍ശനങ്ങളും കടുത്ത എതിര്‍പ്പും നേരിടേണ്ടിവന്നു. പിന്നീട്, പണ്ഡിത രമാഭായിയും ആനന്ദി ഗോപാലും സാമൂഹിക ബന്ധങ്ങളും വിലക്കുകളും തകര്‍ക്കുകയും ലിംഗസമത്വം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയില്‍ സംഭാവന നല്‍കുകയും ചെയ്തു. ഇതിന് സമാന്തരമായി, സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിനെതിരായ നീണ്ട പോരാട്ടം ജോതിറാവു ഫൂലെയുടെയും പിന്നീട് അംബേദ്കറുടെയും നേതൃത്വത്തില്‍ ആരംഭിച്ചു. ഈ സമരം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

ലിംഗഭേദം, ജാതി, വര്‍ണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ന്യായീകരിച്ചതിനാല്‍ അംബേദ്കര്‍ മനുസ്മൃതി പരസ്യമായി കത്തിച്ചു. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായി പിന്നീട് അംബേദ്കര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അക്കാലത്തെ വര്‍ഗീയ സംഘടനകളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തമായ സംഘടനയായ ആര്‍.എസ്.എസ് പുരുഷ സംഘടനയാണ്. സ്ത്രീകളെ അതിന്റെ അജണ്ടയുടെ ഭാഗമാക്കാന്‍ സംഘ് രാഷ്ട്ര സേവിക സമിതി രൂപീകരിച്ചിരുന്നു. പുരുഷാധിപത്യം ഈ സംഘടനയുടെ പേരില്‍ പ്രതിഫലിക്കുന്നു. ഇവിടെ പുരുഷന്മാര്‍ സന്നദ്ധ പ്രവര്‍ത്തകരും സ്ത്രീകള്‍ സേവികകളുമാണ്. വനിതാ സംഘടനയുടെ പേരില്‍ ‘സ്വയം’ എന്ന വാക്ക് കാണുന്നില്ല. സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് മനുസ്മൃതി പറയുന്നില്ലേ? മറ്റ് മത ദേശീയവാദികള്‍ക്കും സ്ത്രീകളോട് ഇതേ സമീപനമാണ്.

ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരവും രാജ്യത്ത് നടന്നു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തു. ഇതില്‍ സരോജിനി നായിഡു, അരുണ ആസഫ് അലി, ഭിക്കാജി കാമ, ഉഷ മേത്ത തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ സ്ത്രീകളെല്ലാം പുരുഷാധിപത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വതന്ത്രമായി പങ്കെടുത്തു. നൂറ്റാണ്ടുകളായി ലിംഗഭേദത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള ശ്രേണിയാണ് ഇന്ത്യ പിന്തുടരുന്നത്. അതില്‍നിന്ന് മുക്തി നേടാനുള്ള പോരാട്ടം ദീര്‍ഘവും പ്രയാസകരവുമാണ്. നിരവധി സംഘടനകളും ഗ്രൂപ്പുകളും ഇതിനായി ഇപ്പോഴും പോരാടുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ അടിസ്ഥാനം പുരുഷാധിപത്യവും അവരുടെ ദ്വിതീയ പദവിയുമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ അസമത്വം, വിധി പറയുമ്പോള്‍ ജഡ്ജിയെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംബേദ്കര്‍ മനുസ്മൃതിയുടെ കോപ്പി കത്തിച്ചുവെന്നും പിന്നീട് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് അംബേദ്കറാണെന്നും അവര്‍ ഓര്‍ക്കണം. ഇതില്‍ നിന്നു മാത്രമാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ വ്യക്തമാകുന്നത്. ജഡ്ജിമാരും അഭിഭാഷകരും നിയമം പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വസ്തുതക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Test User: