വൈകിയാണെങ്കിലും കാലവര്‍ഷം ആരംഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങള്‍ നിത്യേന അപ്രതീക്ഷിത മരണങ്ങള്‍ക്ക് ഇരയാകുകയാണ്. പ്രകൃതിക്ഷോഭവും വെള്ളക്കെട്ടും മാലിന്യവും മാത്രമല്ല, അതുമൂലമുള്ള പനിയും പകര്‍ച്ചവ്യാധിയും നാടാകെ പിടിമുറുക്കിയിരിക്കുന്നു. നാലു ലക്ഷത്തോളം ആളുകളെയാണ് പനി ബാധിച്ച് ആശുപത്രികളിലാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പിഞ്ചുകുഞ്ഞടക്കം പാലക്കാട്ട് മൂന്നു പേര്‍ കഴിഞ്ഞദിവസങ്ങളില്‍ മരണമടഞ്ഞത് ഞെട്ടലുളവാക്കുന്നതാണ്. ഇതിനിടെയാണ് നായയുടെ കടിയേറ്റും വൈദ്യുതിക്കാലുകളും മരങ്ങളും പുഴകിവീണും സാധാരണക്കാര്‍ മരണത്തിനിരയാകുന്ന ദാരുണ സംഭവങ്ങളുണ്ടായത്.
ഭരണാധികാരികളും ഉദ്യോഗസ്ഥ-ജനപ്രതിനിധികളും ജനങ്ങളുടെ ചെലവില്‍ സുഖലോലുപരായി വാഴുമ്പോഴാണ് പാവപ്പെട്ടവരും സാധാരണക്കാരും അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം മരണത്തിന് കീഴ്‌പെടേണ്ടിവരുന്നത്. ഇടുക്കിയില്‍ കഴിഞ്ഞദിവസം മരംവീണ് മൂന്നു പേരാണ് മരിച്ചത്. ഏതാനും പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കടുത്തുരുത്തിയില്‍ എമര്‍ജന്‍സി വാതിലിലൂടെ സ്‌കൂള്‍ ബസ്സിലെ വിദ്യാര്‍ഥി തെറിച്ചുവീണു. കോഴിക്കോട്ട് കഴിഞ്ഞമാസമാണ് വൈദ്യുതി പോസ്റ്റ്‌വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയാണ് ഇതിന് കാരണമായത്. ഇതിന് രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തു. ഇതിനെതുടര്‍ന്ന് കേരളത്തിലെ വൈദ്യുതിത്തൂണുകളുടെ സുരക്ഷ മുന്‍ഗണനാക്രമത്തില്‍ ഉറപ്പുവരുത്തുമെന്ന് വൈദ്യുതി വകുപ്പുമന്ത്രി പറയുകയുണ്ടായി. എന്നാല്‍ കഴിഞ്ഞദിവസം എറണാകുളത്ത് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയ ബസിന് മുകളില്‍ വൈദ്യുതിക്കാല്‍ പൊട്ടിവീണത് അതിലേറെ ആശങ്കപരത്തി. തൂണിനോടനുബന്ധിച്ച് കെട്ടിയിട്ടിരുന്ന കേബിള്‍വയറുകളില്‍ ബസ്സിന്റെ ചക്രം കുരുങ്ങിയതാണ് പോസ്റ്റ് വീഴാന്‍ കാരണമായത്. വൈദ്യുതിക്കാലുകളിലെ കേബിളുകള്‍ പലയിടത്തും കൂടിക്കുഴഞ്ഞ് വഴിയോര യാത്രക്കാര്‍ക്ക് ഭീഷണിയായിട്ട് നാളുകളായി. എറണാകുളത്ത് മരടില്‍ ഇത്തരത്തില്‍ കേബിളില്‍ ചക്രം കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുന്ന സ്ഥിതിയുണ്ടായി. അഞ്ചുവയസിന് താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാലക്കാട് കപ്പൂരില്‍ സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിയുന്ന സംഭവവുമുണ്ടായി. കൊല്ലം പുനലൂരില്‍ അങ്കണവാടി കെട്ടിടത്തിലേക്ക് മരം വീണെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.
ഇതുപോലെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണങ്ങളും. പാലക്കാട് മങ്കരയില്‍ പെണ്‍കുട്ടിയെ നായകടിച്ചതിനെതുടര്‍ന്ന് കുത്തിവെപ്പ് നടത്തിയെങ്കിലും മരിക്കുകയായിരുന്നു. മരുന്ന് മാറിക്കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നാണ് പറയുന്നത്. ജില്ലയിലെ കൊടുവായൂരിലും ചെറുകിട വ്യാപാരിക്ക് നായ കുറുകെചാടി ബൈക്ക് വീണ് മരണത്തെ പുല്‍കേണ്ടിവന്നു. തൃശൂരില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് മറ്റൊരാളും മരണപ്പെട്ടു. പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട കര്‍ഷകന്റെ ദയനീയ ചിത്രവും അടുത്ത ദിവസം കാണാനിടയായി. ഇതേ ദിവസങ്ങളില്‍തന്നെയാണ് സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ മരംവീണ് വയോധിക തിരുവനന്തപുരത്ത് മരണമടഞ്ഞതും. നിരവധി വീടുകളാണ് മഴയിലും കാറ്റിലുമായി തകര്‍ന്നിരിക്കുന്നത്. ഇതിനെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉത്തരവാദികള്‍ ഭരിക്കുന്നവര്‍തന്നെയാണ്. മുന്‍കാലം മുതല്‍തന്നെ പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ മുഖ്യകടമയെന്നിരിക്കെ എന്തുകൊണ്ടാണ് സാധാരണക്കാരുടെയും പാവങ്ങളുടെയും കാര്യത്തില്‍ അധികാരികള്‍ക്ക് യാതൊരു ശ്രദ്ധയുമില്ലാത്തത്. ഇതേസമയംതന്നെയാണ് സര്‍ക്കാരിനെ പോറ്റാനായി കോടികളുടെ അധിക നികുതിബാധ്യതയും വിലക്കയറ്റവും തലയിലേറ്റാന്‍ ജനം നിര്‍ബന്ധിതരാകുന്നതുമെന്നത് വലിയ വൈരുധ്യമായിരിക്കുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസ മന്ത്രിയും ഗതാഗത വകുപ്പുമന്ത്രിയുമെല്ലാം വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയതാണ്. എന്നിട്ടും എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നു. തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം പണിത് മൂന്നാം മാസം തന്നെ വിണ്ടുകീറി ചോര്‍ന്നൊലിച്ചത് ജനം കണ്ടതാണ്. കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം എട്ടു ലക്ഷത്തിലധികം പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇവയുടെ വിഹാരം കുറയ്ക്കുന്നതിന് സുപ്രീംകോടതിപോലും ഇടപെടുന്ന അവസ്ഥയുണ്ടായി. കണ്ണില്‍പൊടിയിടുന്ന നടപടികളല്ലാതെ യാതൊന്നും പിന്നീടുണ്ടായില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെങ്കിലും അവയൊന്നും നിറവേറാത്തതാണ് ഇന്നും തുടരുന്ന മരണങ്ങള്‍ക്ക് കാരണം. വലിയ വലിയ പദ്ധതികള്‍ക്കുപിന്നാലെ പായുകയും കോടികള്‍ മന്ത്രിമാരുടെ യാത്രക്കും തൊഴുത്തിനും ജീവിത സൗകര്യത്തിനുമായി ചെലവിടുമ്പോഴെങ്കിലും നാട്ടില്‍ ജനത എങ്ങനെ ജീവിക്കുന്നെന്ന് അന്വേഷിക്കാനുള്ള ബാധ്യതയെങ്കിലും അധികാരികള്‍ നിറവേറ്റിയേ മതിയാകൂ.