ദോഹ: ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും. ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അത്ഭുതങ്ങളും വമ്പന്‍ അട്ടിമറികളും കണ്ട ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായര്‍ രാത്രിയോടെ തിരശ്ശീല വീഴും. അവസാന അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌ന നേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.
അതേസമയം, 1986ന് ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കാണ് മെസിയും സംഘവും ബൂട്ട് കെട്ടുന്നത്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ഫ്രാന്‍സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായത്. 35കാരനായ ലിയോ മെസിക്ക് കലാശപ്പോര് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും. ഏഴ് തവണ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിക്ക് ലോകകപ്പ് ഒഴികെയുള്ള കപ്പുകളെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മെസിയുടെ അവസാന ലോകകപ്പ് മത്സരത്തില്‍ അദ്ദേഹം കപ്പ് വാനിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കളി എഴുത്തുകാര്‍ ഇപ്പോള്‍ തന്നെ കുറിപ്പ് തുടങ്ങിക്കഴിഞ്ഞു.
ഫൈനല്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെയും പ്രകടനം ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ കണക്കുകളില്‍ നേരിയ മുന്‍തൂക്കം അര്‍ജന്റീനയ്ക്കുണ്ട്. ഈ ലോകകകപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളാണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്. ഓരോ മത്സരങ്ങള്‍ ഇരു ടീമുകളും തോറ്റു. ഫൈനല്‍ വരെ പതിമൂന്ന് തവണ ഫ്രാന്‍സ് എതിര്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന പന്ത്രണ്ട് ഗോളുകള്‍ നേടി. അഞ്ചു ഗോളുകള്‍ വീതം ഇരു ടീമുകളും വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ക്ലീന്‍ ഷീറ്റിന്റെ കാര്യത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. മൂന്ന് തവണ അര്‍ജന്റീനന്‍ പ്രതിരോധം എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ കോട്ട കാത്തു. ഫ്രാന്‍സ് ആകട്ടെ ടൂര്‍ണമെന്റില്‍ ഒരു വട്ടം മാത്രമാണ് ഗോള്‍ വഴങ്ങാതിരുന്നത്. മൊറോക്കോയ്‌ക്കെതിരെ സെമിയിലായിരുന്നു ആ പ്രകടനം. എതിര്‍ പോസ്റ്റില്‍ ഭീതി വിതക്കുന്നതില്‍ ഫ്രഞ്ച് പടയാണ് അര്‍ജന്റീനയെക്കാളും മുന്നില്‍. 91 തവണയാണ് ഫ്രാന്‍സ് എതിരാളികളുടെ വലകുലുക്കാന്‍ ശ്രമിച്ചത്. അതില്‍ 30 ശ്രമങ്ങളും ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ കണക്കില്‍ 83 ശ്രമങ്ങളില്‍ 39 എണ്ണം ലക്ഷ്യത്തിലേക്കെത്തി.
ഫ്രാന്‍സിനായി ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ (അഞ്ച്) കിലിയന്‍ എംബാപ്പെയാണ് കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. 25 തവണയാണ് എംബാപ്പെ ഗോളിനായി ശ്രമിച്ചത്. 27 ഗോള്‍ ശ്രമത്തില്‍ നിന്നാണ് മെസിയുടെ അഞ്ച് ഗോള്‍. അര്‍ജ ന്റീന ടീമില്‍ സഹതാരങ്ങളുടെ ഗോളിന് വഴിയൊരുക്കിയവരുടെ കണക്കിലും മെസിയാണ് മുന്നില്‍. മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാ ന്‍ മെസി അവസരം ഒരുക്കി. ഫ്രഞ്ച് പടയില്‍ ഇത് അന്റോയി ന്‍ ഗ്രീസ്മാനാണ്. മൂന്ന് തവണ. ഫ്രാന്‍സ് മൊത്തം കളികളിലായി 3140 പാസുകള്‍ക്ക് ശ്രമിച്ചു. അതില്‍ 2773 പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 399 പാസ്സുകളുമായി യുവതാരം ഔറേലിയന്‍ ചൗമേനിയാണ് വ്യക്തികളില്‍ മുന്നില്‍. അര്‍ജന്റീന കളിച്ച 3727 പാസുകളില്‍ 3297 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. റോഡ്രിഗോ ഡി പോളാണ് 476 പാസുമായി അര്‍ജന്റീനിയന്‍ നിരയില്‍ മുന്നില്‍. ഇവര്‍ ഇരുവരും തന്നെയാണ് ഇരു ടീമുകള്‍ക്കായും ലോകകപ്പില്‍ കൂടുതല്‍ ദൂരം താണ്ടിയിരിക്കുന്നതും. ചൗമേനി 63.4 കിലോമീറ്റര്‍ ഓടിയപ്പോള്‍ ഡി പോള്‍ 61.03 കിലോമീറ്റര്‍ ഓടി. ക്രോസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും (37) അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയുമാണ് (24) മുന്നില്‍.
പതിവ് തണുപ്പനായ മെസിയല്ല ദോഹയിലെ ലിയോ മെസി. സബലേറ്റ എന്ന മുന്‍ അര്‍ജന്റീനക്കാരന്‍ ഉപദേശിച്ചത് പോലെ നായകന്‍ കടന്നാക്രമണകാരിയാവുകയാണ്. ആവശ്യം വന്നാല്‍ അത്യാക്രമണത്തിലേക്ക് പോവണമെന്നതായിരുന്നു സബലേറ്റയുടെ നിര്‍ദ്ദേശം. കളത്തില്‍ ശാന്തനാണ് സാധാരണ മെസി. ഇനിയൊരു ലോകകപ്പ് ഫൈനല്‍ മെസിക്കില്ലെന്നിരിക്കെ കപ്പ് സ്വന്തമാക്കാന്‍ മൈതാനത്ത് കൂടുതല്‍ ആക്രമണത്തിനാണ് സീനിയേഴ്‌സിന്റെ ഉപദേശം. ദോഹയിലെ മെസി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്കെതിരായ തോല്‍വിക്ക് ശേഷം അദ്ദേഹം അടിമുടിയങ്ങ് മാറി. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തു അദ്ദേഹം. മഞ്ഞക്കാര്‍ഡുകള്‍ റഫറി വാരി വിതറിയപ്പോള്‍ അതിലൊന്ന് മെസിയിലുമെത്തിയിരുന്നു. ആ മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം ക്ഷുഭിതനായിരുന്നു. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പതിവ് മെസിയായിരുന്നില്ല ഗംഭീരമായി പന്ത് വാങ്ങിയും നല്‍കിയും കളിച്ചു. ആ മെസിയെയാണ് ആരാധകര്‍ ഫൈനലില്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ പരിശീലനത്തില്‍ നായകന്‍ സജീവമായിരുന്നു. ഇന്നുമുണ്ട് പരിശീലനം.