X
    Categories: Video Stories

സബര്‍മതിയില്‍ ഗാന്ധിയുടെ ജീവിതമുണ്ട്; നഗരമനസ്സ് ആര്‍ക്കൊപ്പം

സബര്‍മതിയില്‍ നിന്ന് എം. അബ്ബാസ്

അഹമ്മദാബാദ് നഗരത്തിലെ ബഹളങ്ങളൊന്നും സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലില്ല. മുറ്റത്തെ പച്ചമരങ്ങളില്‍ നിറയെ തത്തകളുടെ കലപില. അവയുടെ ഛായയില്‍ അണ്ണാന്‍കുഞ്ഞുങ്ങളുടെ കുസൃതികള്‍. ആശ്രമം നിറയെ ആളുകള്‍. ഗാന്ധിയുടെ ജീവിതമറിയാനായി വന്നവര്‍. ഭാര്യകസ്തൂര്‍ബയ്‌ക്കൊപ്പം മഹാത്മാഗാന്ധി 12 വര്‍ഷം ജീവിച്ചത് ഇവിടെയാണ് മുപ്പതിലെ ഉപ്പു സത്യാഗ്രഹത്തിന്റെ ആരംഭമായ ദണ്ഡിമാര്‍ച്ചിന് തുടക്കം കുറിച്ചത് ഇവിടെ നിന്നായിരുന്നു. ചരിത്രത്തിനെല്ലാം സാക്ഷിയായി സബര്‍മതി നദി സ്വച്ഛന്ദം ഒഴുക്കു തുടരുന്നു.

സബര്‍മതി ആശ്രമം

എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്നു പഠിപ്പിച്ച മഹാത്മാവിന്റെ ജീവിതം 250 ലേറെ ചിത്രങ്ങളില്‍ കോറിയിട്ടിരിക്കുന്നു. അതിനു മുമ്പില്‍നിന്ന് സെല്‍ഫിക്ക്‌ പോസ് ചെയ്യുന്ന ചെറുപ്പക്കാര്‍. അതിനിടയിലാണ് വലിയ ജുബ്ബയും പൈജാമയും ധരിച്ചെത്തിയ നാലഞ്ചു വൃദ്ധരെ കണ്ടതാണ്. ബിഹാറികള്‍. ഗാന്ധിയെ കാണാന്‍ മാത്രമെത്തിയവര്‍. മഹാത്മാവിന്റെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ എല്ലാവര്‍ക്കും ഒരു ഫോട്ടോ വേണമെന്ന നിര്‍ബന്ധം. ഏതോ പഴയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ആ പടം പകര്‍ത്തി നല്‍കി. അവര്‍ ആ ചിത്രത്തിലെ ഗാന്ധിയുടെ കാല്‍ തൊട്ടുവന്ദിച്ചു. ഗാന്ധി നോട്ടിലെ ചിത്രമായി മാത്രം മാറിയ കാലത്ത് ആ ഗ്രാമീണര്‍ അത്ഭുതക്കാഴ്ചയായി.

രണ്ടു മണിക്കൂറിലെ കാഴ്ചയ്ക്കു ശേഷം ആശ്രമത്തിന് പുറത്തെത്തി. തെരഞ്ഞെടുപ്പിന്റെ ആരവം സബര്‍മതിയുടെ മനസ്സിലുണ്ട്. ‘ഇത്തവണ ബി.ജെ.പി വിയര്‍ക്കും’ മുന്നില്‍ ചര്‍ക്ക വില്‍ക്കുന്ന കേവ് പട്ടേല്‍ പറഞ്ഞു. ഹര്‍ദിക് പട്ടേലിന്റെ ആരാധകനാണ് കേവ്. ഡല്‍ഹിയിലിരിക്കുന്ന മോദി ഇപ്പോള്‍ ഇവിടെക്കിടന്ന് കറങ്ങുന്ന ഹര്‍ദിക് ഇഫക്ട് ആണ് എന്നു കൂടി കൂട്ടിച്ചേര്‍ത്തു ആ യുവാവ്. കേവിന്റെ സുഹൃത്ത് നരേഷ് റാത്തോഡിനും സമാന അഭിപ്രായം. താക്കോര്‍ സമുദായാംഗമാണ് നരേഷ്. അല്‍പേഷ് താക്കോറിന്റെ സഹായം ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് നരേഷ് തറപ്പിച്ചു പറയുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച് നരേഷ് പറഞ്ഞു; ‘ഭായി സാബ്, ഏക് ചര്‍ക ലേ ലോ’ – രാഷ്ട്രീയത്തിനും മുകളില്‍ ജീവിതമായിരുന്നു ആ വാക്കുകൡലുണ്ടായിരുന്നത്.

ആശ്രമത്തില്‍ ഗാന്ധിയുടെ മുറി

റോഡിന് കുറുകെ കടന്ന് ഒരു മസാലച്ചായ നുണയവെ അടുത്തിരുന്ന തലപ്പാവുകാരനോട് ചോദിച്ചു. ‘അബ് കി ബാര്‍ കോണ്‍ഗ്രസ് യാ ബി.ജെ.പി’ (ഇത്തവണ ബി.ജെ.പിയോ കോണ്‍ഗ്രസോ) – അയാള്‍ക്ക് കൃത്യമായ ഒരുത്തരം നല്‍കാനായില്ല. എന്നാല്‍ അടുത്തുണ്ടായിരുന്ന കല്‍പേഷിന് സംശയമൊന്നുമില്ല. ‘മോദി ചല്‍താ ഹെ ഇദര്‍, വോ ജീതേഗാ’ – (മോദിയാണ് കാര്യങ്ങള്‍ നടത്തുന്നത്. മോദി ജയിക്കും’.
ഒരു കാര്യം വ്യക്തമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഈസിവാക്കോവര്‍ ആകില്ല. ഇതു പറഞ്ഞിരിക്കെ കോണ്‍ഗ്രസിന്റെ പതാകയും ഹിന്ദി പാരഡി ഗാനവുമായി ഒരു ഓട്ടോ കടന്നു പോയി. 14-ാം തിയ്യതി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സബര്‍മതിയും അഹമ്മദാബാദും ഗാന്ധിനഗറും പതിയെ ഉണരുകയാണ്. ബി.ജെ.പിയുയെ സിറ്റിങ് മണ്ഡലമാണ് സബര്‍മതി. 2002 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പി ഇവിടെ ജയിച്ചു വരുന്നത്. കഴിഞ്ഞ തവണ സഭയിലെത്തിയ അരവിന്ദ്ഭായ് പട്ടേല്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിനായി ജനവിധി തേടുന്നത് ഡോ. ജിതേന്ദ്രപട്ടേല്‍.

ആശ്രമത്തില്‍നിന്ന് സബര്‍മതി നദിയിലേക്കുള്ള കാഴ്ച

നേരത്തെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന നര്‍ഹാരി അമിന്റെ മണ്ഡലം കൂടിയാണിത്. 2012ല്‍ ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറി. 2001ല്‍ അമിന്‍ ജയിച്ച ശേഷം ഈ മണ്ഡലം പിടിച്ചടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 25.99 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 70.50 ശതമാനം വോട്ടുകിട്ടി. മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം അപ്രസക്തമായ മണ്ഡലത്തില്‍ ഇത്തവണ മികച്ച പോരാട്ടത്തിനാണ് വിദ്യാസമ്പന്നനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: