കോവിഡ് മഹാമാരിയുടെ വളരെ അപകടകരമായ ഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിനുണ്ടാകുന്ന കൂടുതല്‍ വ്യതിയാനങ്ങളും അവയുടെ അതിവേഗത്തിലുള്ള വ്യാപനവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യവും സുരക്ഷിതമെന്നു പറയാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് WHO മേധാവി ചൂണ്ടിക്കാട്ടി. അപകടകരമായ ഡെല്‍റ്റ വകഭേദത്തിന് തുടര്‍ച്ചയായി വ്യതിയാനം സംഭവിക്കുകയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞത് 98 രാജ്യങ്ങളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദം വാക്‌സീന്‍ കവറേജ് കുറഞ്ഞ രാജ്യങ്ങളില്‍ അതിവേഗം പടരുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സീന്‍ വികസിപ്പിച്ച രാജ്യങ്ങളും കമ്പനികളും സാങ്കേതികവിദ്യ പങ്കുവയ്ക്കാന്‍ തയാറാകണമെന്നും തെദ്രോസ് അദാനം ആവശ്യപ്പെടുന്നു. ബയോഎന്‍ടെക്, ഫൈസര്‍, മൊഡേണ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വാക്‌സീന്‍ സാങ്കേതികവിദ്യ പങ്കുവച്ചാല്‍ വാക്‌സീന്‍ ഉത്പാദനം വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.