ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
‘കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്സിനുകള്‍ക്ക് സാധിച്ചു’. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര മത്സമല്ല, ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്നത്തില്‍ പങ്കാളികളാകാന്‍ എല്ലാരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.