X

സെനറ്റ് യോഗത്തില്‍ ആര് അധ്യക്ഷത വഹിക്കണം?: മന്ത്രിയും വിസിയും തമ്മില്‍ തര്‍ക്കം

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും വൈസ് ചാന്‍സലറും തമ്മില്‍ വാക്കുതര്‍ക്കം. യോഗത്തിന്റെ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. താനാണ് യോഗം വിളിച്ചതെന്നും, അതിനാല്‍ അധ്യക്ഷനാകുക താനാണെന്നും വിസി പറഞ്ഞു.

എന്നാല്‍ യോഗത്തിന്റെ അധ്യക്ഷയാകാന്‍ തനിക്ക് അധികാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതേച്ചൊല്ലിയാണ് മന്ത്രിയും വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹന്‍ കുന്നുമ്മേലും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതോടെ യോ​ഗം ബഹളത്തിൽ മുങ്ങി.

ഇതിനിടെ, പുതിയ വിസിയെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കാന്‍ കഴിയില്ലെന്ന് ഇടതു അം​ഗമായ നസീബ് ഒരു പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസ്സാക്കിയതായി ഇടത് അംഗങ്ങളും മന്ത്രിയും പറഞ്ഞു. 64 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചെന്നാണ് ഇടത് അംഗങ്ങള്‍ അവകാശപ്പെടുന്നത്.

ചര്‍ച്ചയില്ലാതെ എങ്ങനെ പ്രമേയം പാസ്സാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ നോമിനികളും ചോദിച്ചു. ഇതിനിടെ, യോഗം അവസാനിച്ചതായി മന്ത്രി ബിന്ദു പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ നോമിനികളും പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. യുഡിഎഫ് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്ന് എം വിന്‍സെന്റ് പറഞ്ഞു.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ പ്രതിനിധികളും പ്രതിനിധിയെ നിര്‍ദേശിച്ചു. ഡോ. എംസി ദിലീപ് കുമാറിന്റെ പേരാണ് പ്രതിപക്ഷം നിര്‍ദേശിച്ചത്. എംകെസി നായരെ ഗവര്‍ണറുടെ പ്രതിനിധികളും നിര്‍ദേശിച്ചു. തനിക്ക് കിട്ടിയ പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിസി ഡോ. മോഹന്‍ കുന്നുമ്മേല്‍ അറിയിച്ചു.

webdesk13: