X

ആരെയാണ് വിശ്വസിക്കേണ്ടത്?

ഉബൈദ് കോട്ടുമല

ഹിറ്റ്‌ലറെയും മുസോളിനിയെയും പുറത്താക്കാന്‍ രണ്ട് ലോക മഹായുദ്ധങ്ങള്‍ വേണ്ടിവന്നെങ്കിലും ആഗോള തലത്തില്‍ ആ ഭീഷണി അവസാനിച്ചിട്ടില്ലെന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ മുസോളിനി തിരിച്ച് വന്നിരിക്കുന്നുവെന്നാണ് പുതിയതായി അധികാരത്തിലെത്തിയ പ്രഥമ വനിതാ പ്രധാനമന്ത്രിയുടെ അധികാരാരോഹണത്തെകുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിയത്. മുസോളിനിയുടെ കടുത്ത ആരാധികയാണത്രെ പുതിയ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി. മെലോനി അധികാരത്തിലെത്തുന്നത് മുസോളിനിയുടെ അധികാരാരോഹണത്തിന്റെ നൂറാം വാര്‍ഷികത്തിലാണ്. ഇന്ത്യയിലാകട്ടെ ആര്‍.എസ്.എസ് നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബി.ജെ.പിയും അധികാരത്തിലിരിക്കുകയാണ്. ജര്‍മ്മനി, സ്വീഡന്‍, ഹംഗറി, നെതര്‍ലന്റ്, ഫ്രാന്‍സ്, ഫിന്‍ലാന്റ്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം നവനാസികളുടെ നിയന്ത്രണത്തിലുമാണ്. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അടിച്ചോടിക്കണമെന്നാണ് ഇവരുടെ പക്ഷം. ഇന്ത്യയിലും അത്തരം നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. അയല്‍ രാജ്യങ്ങളില്‍ നിന്നും വന്ന അഭയാര്‍ത്ഥികളില്‍ മുസ്ലിംകള്‍ എല്ലാത്തവര്‍ക്ക് പൗരത്വം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ പൗരത്വ വിവേചനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. വിയോജിക്കുന്നവരോട് വാദിക്കുന്നതിന് പകരം അവരെ ഇല്ലാതാക്കുക എന്നതാണ് ഫാസിസ്റ്റ് നയം.

ഇത്തരം ഫാസിസ്റ്റ് നയങ്ങളുടെ വിളഭൂമിയായി ജനാധിപത്യ ഇന്ത്യയും മാറിയിരിക്കുകയാണ്. രാമക്ഷേത്രവും ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയലും ഏക സിവില്‍കോഡുമാണ് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ആദ്യത്തെ രണ്ട് ലക്ഷ്യങ്ങളും അവര്‍ നേടിക്കഴിഞ്ഞിരിക്കുന്നു. ഏക സിവില്‍കോഡ് മാത്രമാണ് അവശേഷിക്കുന്നത്. ഇനി ഏകീകൃത നിയമം നടപ്പിലാക്കാനുള്ള സമയമാണെന്നാണ് മധ്യപ്രദേശില്‍ നടന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ അമിത്ഷ പറഞ്ഞുവെച്ചിട്ടുള്ളത്്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് സമിതിയെ നിയമിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരാകട്ടെ വിഷയം 22-ാം ലോ കമ്മീഷന്റെ പരിഗണനക്ക് വിടാനാണ് ആലോചിക്കുന്നത്. 2016ല്‍ 21-ാം ലോ കമ്മീഷന്‍ വിഷയം പരിശോധിച്ചെങ്കിലും വ്യക്തി നിയമങ്ങളുടെ വൈരുദ്ധ്യം സംരക്ഷിക്കണമെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതോടെ ഏക സിവില്‍കോഡില്‍ നിന്നും സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്മാറുകയുണ്ടായി. മുത്വലാഖ് നിരോധനവും പൗരത്വവും നടപ്പിലാക്കിയ ബി.ജെ.പി ഏക സിവില്‍ കോഡ് കൂടി നടപ്പിലാക്കുന്നതോടെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടകള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചു എന്ന് അനുമാനിക്കേണ്ടിവരും.

പൊതുജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങളുമായി വന്ന് ഡല്‍ഹി പിടിച്ചടക്കിയ കെജ്രിവാള്‍ പഞ്ചാബിലും നിലയുറപ്പിച്ചിരിക്കുകയാണ്. മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കെജ്രിവാള്‍ ബി.ജെപിയെ വെല്ലുന്ന വര്‍ഗീയതയാണ് ഗുജറാത്തില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. തുടര്‍ ഭരണം നേടിയ കെജ്രിവാള്‍ ഹനുമാന്‍ ചാലിസയും ജയ് ശ്രീറാം മുഴക്കിയും രംഗപ്രവേശനം ചെയ്തപ്പോള്‍ തന്നെ മതേതര കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചതാണ്. ഷഹീന്‍ബാഗ് സമരത്തെ അവഗണിച്ചും ഡല്‍ഹി കലാപത്തില്‍ മൗനം പാലിച്ചും ജഹാംഗീര്‍ പൂരിയിലെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരെ അനങ്ങാപാറ നയം സ്വീകരിച്ചും ഇടക്കാലത്ത് ബി.ജെ.പിയുടെ ഇഷ്ട തോഴനാവുകയായിരുന്നു കെജ്രിവാള്‍.

ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്നാണ് കെജ്രിവാളിന്റെ ‘ഗുജറാത്ത് മോഡല്‍ പ്രഖ്യാപനങ്ങള്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യാ സന്ദര്‍ശനം സൗജന്യമാക്കിയും ഏക സിവില്‍കോഡിന് വാദമുയര്‍ത്തിയും ഗുജറാത്തില്‍ അദ്ദേഹം സജീവമാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിലും ബല്‍ക്കീസ് ബാനു കേസിലും ബി.ജെ.പി നിലപാടിനൊപ്പമാണ് താനെന്ന് മൗനം കൊണ്ട് തെളിയിക്കാന്‍ കെജ്രിവാളിന് സാധിച്ചിട്ടുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് 18 മാസം ബാക്കിനില്‍ക്കെ 15 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. പ്രവചനാതീതമായ മാറ്റങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് നിതീഷ്‌കുമാറും ലാലുവും ആദ്യം സമീപ്പിച്ചത് കെജ്രിവാളിനെയായിരുന്നു.

എന്നാല്‍ വര്‍ക്ഷീയതയുടെ ആള്‍രൂപമായി അദ്ദേഹം ഇപ്പോള്‍ മാറിയിരിക്കുന്നു. ബി.ജെ.പിക്കെതിരെ വീറോടെ പോരാടിയ മമതയും, ക്യാബിനറ്റിലെ ഒരു അംഗത്തിനെതിരെ ഇ.ഡി അന്വേഷണം വന്നതോടെ മൗനിയായിരിക്കുകയാണ്. സി.പി.എം ആകട്ടെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തയ്യാറല്ലെന്ന് കാലങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുകയുമാണ്. ബംഗാളില്‍ രണ്ട് തവണ ഭരണം നഷ്ടപ്പെട്ട സി.പി.എം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ അശോക് ഭട്ടാചാര്യയും ബി.ജെ.പി എം.പി രാജ് ബിസ്തയും ശങ്കര്‍ ഘോഷ് എം.എല്‍.എയും നടത്തിയ രഹസ്യ ചര്‍ച്ചയുടെ ചിത്രമാണ് തൃണമൂല്‍ നേതാക്കള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലാകട്ടെ വിഴിഞ്ഞം സമരത്തിന്റെ പേരില്‍ ബി.ജെ.പിയും സി.പി.എമ്മും ഒന്നിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അദാനിയെ സഹായിക്കാന്‍ ബി.ജെപിക്കുള്ള താല്‍പര്യത്തിന് കാരണമുണ്ടെങ്കിലും സി.പി.എം താല്‍പര്യത്തിന്റെ ന്യായീകരണമാണ് ഇനി അറിയേണ്ടത്. കലാപത്തിനുശേഷം ഗുജറാത്തിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മോദിയെ ബഹിഷ്‌കരിച്ചപ്പോള്‍ മോദിയെ വെള്ള പൂശാന്‍ മറ്റൊരു വ്യാപാര സംഘടനക്ക് രൂപം നല്‍കിയ വ്യക്തിയാണ് ഗൗതം അദാനി. അത്‌കൊണ്ട് തന്നെയാണ് ലോക സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം ഇടം നേടിയതും.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷ വിളിച്ചു ചേര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം പ്രതിപക്ഷ മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട്, മമത ബാനര്‍ജി, നിതീഷ് കുമാര്‍, എം.കെ സ്റ്റാലിന്‍, നവീന്‍ പട്‌നായിക്, ഭൂപേഷ് ഭാഗല്‍ തുടങ്ങിയവര്‍ ബഹിഷ്‌കരിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി മാത്രം പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന സി.പി.എം ആരോപണം നിലനില്‍ക്കെയാണ്, യു.എ.പി.എ അടക്കമുള്ള കേസുകളില്‍ അന്വേഷണം നടത്തുന്ന എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കാനും എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എയുടെ ഓഫീസ് ആരംഭിക്കുവാനും തീരുമാനിച്ച യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തിരിക്കുന്നത്. ലാവ്‌ലിന്‍ കേസിലും സ്വര്‍ണ്ണക്കടത്ത് കേസുകളിലും ബി.ജെ.പിയുമായുള്ള സി.പി.എം അന്തര്‍ധാരകള്‍ സജീവമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

ഗവര്‍ണ്ണര്‍, സര്‍ക്കാര്‍ പോര് ഇത്തരം നീക്കങ്ങള്‍ക്ക് മറയാക്കാനുള്ള വ്യാജ ഏറ്റുമുട്ടലായി പരിഗണിക്കുന്നവരും കുറവല്ല. ചുരുക്കത്തില്‍ എത്ര തോല്‍വികള്‍ ഏറ്റുവാങ്ങിയാലും എല്ലാ സംസ്ഥാനങ്ങളും നഷ്ടപ്പെട്ടാലും ബി.ജെ.പിയോടും വര്‍ക്ഷീയതയോടും സന്ധി ചെയ്യാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് നിലപാടാണ് മതേതര കക്ഷികള്‍ക്ക് ഊര്‍ജ്ജം പകരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

Test User: