കേരളത്തിന്റെ ഉടമസ്ഥതയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബിഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിച്ചുനീക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ കേരള സര്‍ക്കാരിന്റെ നവംബര്‍ അഞ്ചിലെ ഉത്തരവിനുപിന്നിലെ അവ്യക്തതയുടെ നിഴലിന് ദിനംതോറും കനം വര്‍ധിച്ചുവരുകയാണ്. വിഷയത്തില്‍ പിണറായി സര്‍ക്കാറിലെ രണ്ടു മന്ത്രിമാര്‍ പരസ്യമായി പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനം നടത്തുകയും മുഖ്യമന്ത്രി അഞ്ചാംദിവസവും മൗനം തുടരുകയുംചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാറിന്റെയും ഭരണമുന്നണിയുടെയും നിലപാടിനെയും ആത്മാര്‍ത്ഥതയെയും സംശയിക്കുകയാണ്. മരംമുറി അറിഞ്ഞില്ലെന്നുപറഞ്ഞ് വനംമന്ത്രി എ.കെ ശശീന്ദ്രനാണ്കഴിഞ്ഞ ഏഴിന് പൊതുജനസമക്ഷം ഉത്തരവ് തിരുത്തുകയാണെന്ന് വ്യക്തമാക്കിയത്.
അതുതന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിന് ശേഷമായിരുന്നു. റദ്ദാക്കാതെ എട്ടിന് വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പുക്കുകയുണ്ടായി. വനംവകുപ്പിന്റെ ഉന്നതോദ്യോഗസ്ഥനായ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബേബിച്ചന്‍തോമസ് ഇറക്കിയ ഉത്തരവാണ് സര്‍ക്കാര്‍ തള്ളിപ്പറഞ്ഞതും മരവിപ്പിച്ചതുമെന്നത് കൗതുകകരമായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ അന്തര്‍സംസ്ഥാന ജല വിനിയോഗത്തെ സംബന്ധിച്ച് പുറത്തുവന്ന ഉത്തരവിനെച്ചൊല്ലി വിവാദം നടക്കുമ്പോള്‍ മൗനം ഭൂഷണമാക്കിയിരിക്കുകയായിരുന്നു പിണറായിവിജയന്‍. എന്നാല്‍ ഇന്നലെ ജലവിഭവവകുപ്പുമന്ത്രി റോഷിഅഗസ്റ്റിന്‍ ഉത്തരവിന നിദാനമായ വകുപ്പു സെക്രട്ടറി തലയോഗം നടന്നിട്ടില്ലെന്നു കൂടി വെളിപ്പെടുത്തിയതോടെ വനംമന്ത്രി സമ്മതിച്ച യോഗത്തെക്കുറിച്ച് അനിശ്ചിതത്വം ഉയര്‍ന്നിരിക്കുകയാണ് വീണ്ടും. ഇരുവരുടെയും വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
നവംബര്‍ ഒന്നിന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി വിളിച്ച യോഗത്തിന്റെ മിനുട്‌സ് തിങ്കളാഴ്ച വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചതാണ്. പ്രസ്തുത യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് മരംമുറിക്ക് അനുമതി നല്‍കുന്നതെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതോടെ വെട്ടിലായത് ജലവിഭവ വകുപ്പും മന്ത്രി റോഷിഅഗസ്റ്റിനുമായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് യോഗംതന്നെ നടന്നിട്ടില്ലെന്ന്് ജലവിഭവ വകുപ്പുമന്ത്രി പരസ്യമായി വെളിപ്പെടുത്തിയാണ് വനംമന്ത്രിയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. അപ്പോള്‍ വനംമന്ത്രി കാട്ടിയ മിനുട്‌സ് വ്യാജമാണെന്നാണോ ജലവിഭവവകുപ്പുമന്ത്രി പറയുന്നത്? ഇതിനുപുറമെ കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത ഡാം പരിശോധനാസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേ മന്ത്രിതന്നെ പിറ്റേന്ന് വ്യക്തമാക്കിയത് സംയുക്ത പരിശോധന നടന്നിട്ടില്ലെന്നും. ഫലത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന ഗുരുതരമായ തെറ്റുകൂടിയാണ് മന്ത്രി ശശീന്ദ്രന്‍ നടത്തിയത്. ചൊവ്വാഴ്ച ഇടതുമുന്നണിയോഗത്തിനുശേഷമാണ് മന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നതിനാല്‍ നിയമസഭാംഗങ്ങളുടെ ജനാധിപത്യാവകാശംകൂടിയാണ് ലംഘിക്കപ്പെട്ടത്. ഭരണഘടനാ ലംഘനം കൂടിയാണിത്. ഈ മന്ത്രിമാര്‍ തുടരാന്‍പാടില്ലാത്തതാണ്.
ഇതിലൂടെയൊക്കെ കേരളം ഭരിക്കുന്ന സര്‍ക്കാരിന് കേരളത്തോടും ഇവിടുത്തെ ജനതയോടും മാത്രമല്ല, ഭരണഘടനയോട്‌പോലും കൂറില്ലെന്ന് സ്ഥാപിക്കപ്പെടുകയാണ്. അതിനേക്കാളൊക്കെ ഗുരുതരമായ വസ്തുത, ഇത്തരത്തിലൊരു അതീവ ഗുരുതരമായ സംഭവവികാസം നടക്കുമ്പോള്‍ ആ വകുപ്പിന്റെ ചുമതലയിലുള്ളയാള്‍ എന്നതുപോകട്ടെ മന്ത്രിമാരുടെയെല്ലാം മുകളില്‍ ഭരണഘടനാപദവിയിലിരിക്കുന്ന മുഖ്യമന്ത്രി എന്തെടുക്കുകയാണ്? ഇരുമന്ത്രിമാരുടെയും പ്രസ്താവനകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് വിശദീകരിക്കുകയോ ജനങ്ങളുടെ സംശയത്തെ ദൂരീകരിക്കുകയോ ചെയ്യേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കുംഭകര്‍ണ സേവയിലാണെന്നുതോന്നുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അപ്പോഴപ്പോള്‍ വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടായിരിക്കവെ തമിഴ്‌നാടുമായുള്ള അതിഗുരുതരവും നിര്‍ണായകവുമായ ഒരു വിഷയത്തില്‍ എന്താണ് മുഖ്യമന്ത്രിക്ക് പറയാനുള്ളതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സത്യാവസ്ഥ അറിയാനുള്ള അവകാശം ജനാധിപത്യത്തില്‍ പരമപ്രധാനമാണ്. 2016ല്‍ വിജിലന്‍സ് ഡയറക്ടറാക്കിയ ജേക്കബ്‌തോമസിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങളുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ശക്തിയുക്തം സംരക്ഷിച്ച സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. പിന്നീട് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യവസായ-ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ ഡേറ്റാ കടത്തും അന്താരാഷ്ട്ര സ്വര്‍ണക്കടത്തുംപോലെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെയും സംരക്ഷിക്കാനാണ്, ഷൂട്ടിങ് തടഞ്ഞതിന് വാചാലനാകുന്ന മുഖ്യമന്ത്രി പരിശ്രമിച്ചത്. സ്പ്രിംക്ലര്‍ ഇടപാടില്‍ താനാണ് വിവാദ ഉത്തരവിറക്കിയതെന്ന പരസ്യമായി പറഞ്ഞ ശിവശങ്കറിനെ പിന്താങ്ങുകയായിരുന്നു. അതേ സെക്രട്ടറി ജയിലഴിക്കുള്ളിലാകാന്‍ കാരണമായ പണം, സ്വര്‍ണക്കടത്ത് ഇടപാടുകളിലും പിണറായി പാലിച്ച മൗനം വാചാലമായിരുന്നു. ഇപ്പോള്‍ ജനത്തിന് മുന്നിലുള്ളത് കേരളം ഭരിക്കുന്നത് ആരാണെന്ന ചോദ്യമാണ്. സംസ്ഥാനത്ത് ഒരുഭരണമുണ്ടോ എന്നുപോലും അവര്‍ സംശയിക്കുന്നു. രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലുള്ള, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍കൊണ്ട് പന്താടുന്ന പ്രശ്‌നത്തിലാണ് മുഖ്യമന്ത്രിയുടെ ഈ മൗനകമ്പളം. ഉദ്യോഗസ്ഥര്‍ അവരവരുടെ വഴിക്ക് ഉത്തരവുകളിറക്കുകയും രണ്ടുമന്ത്രിമാര്‍ പരസ്പരവിരുദ്ധ പ്രസ്താവനകളിറക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഗ്യാലറിയിലിരുന്ന് കളി കാണുകയാണോ? തന്റെ പദവിയോട് അല്‍പമെങ്കിലും ഉത്തരവാദിത്വബോധമുണ്ടെങ്കില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയണം.