വിദേശ സര്‍വകലാശാലകളെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു ശപഥം ചെയ്ത അതേ ഇടതുപക്ഷം ഇപ്പോള്‍ സര്‍വകലാശാലകള്‍ക്കു സ്വാഗതമോതുന്ന കൗതുകകരമായ കാഴ്ച്ചകണ്ട് അമ്പരന്നു നില്‍ക്കുകയാണ് വര്‍ത്തമാന കേരളം. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വിദേശ സര്‍വകലാശാലക്കെതിരെ നടപടി സ്വീകരിച്ച പിണറായി വിജയന്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് തന്റെ പഴയ നിലപാട് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍ സി.പി.എം ഉയര്‍ത്തിയിട്ടുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും സാംസ്‌കാരിക കേരളം തന്നെ എക്കാലവും തലതാഴ്ത്തിപ്പോകുന്ന തരത്തിലുള്ളതായിരുന്നു. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറുമാന്തിക്കുന്ന കണക്കെ പാര്‍ട്ടി എസ്.എഫ്.ഐയെ ഇളക്കിവിട്ടപ്പോള്‍ ആ അക്രമിസംഘം കാണിച്ചിട്ടുള്ള നെറികോടുകള്‍ എന്തുമാത്രം പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരുന്നുവെന്ന് പിന്നീട് പാര്‍ട്ടിക്കുതന്നെ ബോധ്യം വന്നിട്ടുള്ളതാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്നതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള ഉജ്വലമായൊരു കാല്‍വെപ്പാണ് വിദേശ സര്‍വകലാശാലകളുടെ സ്ഥാപനമെന്നു തിരിച്ചറിയാന്‍ പോലും സാധിക്കാതെ ക ഥയറിയാതെ ആട്ടം കാണുകയായിരുന്നു അന്നത്തെ എസ്.എഫ്.ഐ നേത്യത്വം. ഒന്നരപ്പതിറ്റാണ്ടുകള്‍ക്കിപ്പുറത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഹ്യദയം കല്ലായിപ്പോയിട്ടില്ലാതെ ഏതൊരു എസ്.എഫ്.ഐക്കാരനും മനസാക്ഷിക്കുത്തുകൊണ്ട് തലയുയര്‍ത്താന്‍ കഴിയില്ലെന്നുറപ്പാണ്. 2016 ജനുവരി 26ന് ആഗോള വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ ചെകിട്ടത്തടിച്ച് നടുറോഡില്‍ തള്ളിയിട്ടതുവരെ അന്നത്തെ എസ്.എഫ്.ഐയുടെ ചെയ്തികളില്‍ പെട്ടതായിരുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുമെന്നുറപ്പുള്ളതിനാല്‍ മാതൃസംഘടനയായ സി.പി.എമ്മി ന് ഈ കിരാത നടപടിയെ തള്ളിപ്പറയേണ്ടിവന്നെങ്കിലും സംഘടനാ ചരിത്രത്തിലെ വലിയപോരാട്ട നിമിഷമായാണ് എസ്.എഫ്.ഐ അതിനെ വിലയിരുത്തിയിട്ടുള്ളത്.
വിദേശ സര്‍വകലാശാലക്ക് അനുമതി നല്‍കാനുള്ള മാര്‍ഗനര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷം യു.ജി.സി പുറപ്പെടുവിച്ചപ്പോള്‍ പോലും സി.പി.എമ്മോ ഇടതുപക്ഷമോ തങ്ങളുടെ മുന്‍നിലപാടില്‍ നിന്ന് വ്യതിജലിക്കാന്‍ തയാറായിരുന്നില്ല. പ്രസ്തുത നയം രാജ്യത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്നായിരുന്നു പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ അസന്നിഗ്ധമായ പ്രഖ്യാപനം. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് വിദേശ സര്‍വകലാശാലക്ക് അനുമതി നല്‍കണമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ അതിനെ രാഷ്ട്രീയ ആയുധമാക്കി വലിയ സമരകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കി എന്നുമാത്രമല്ല കേരളത്തിലെ വി.എസ് സര്‍ക്കാര്‍ പാര്‍ട്ടി നയം സഭാരേഖകളില്‍വരെ തിരുകിക്കയറ്റുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥായിരുന്നു വിഷയം സഭയില്‍ ഉന്നയിച്ചത്. ‘തനതു നയത്തിന്റെ കടകവിരുദ്ധമായ സമി പനമാണ് വിദേശ സര്‍വകലാശാലകളുടെ വരവ്. അവിശ്വസനീയമെന്നോ വിചിത്രമെന്നോ ഇതിനെ പറയാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും ബൗദ്ധിക മികവിനെക്കുറിച്ചും അറിയാത്തതാണ് ഈ തെറ്റായ നീക്കത്തിനു കാരണമെന്നു’ കരുതുന്നു എന്നായിരുന്നു രവിന്ദ്രനാഥിന്റെ വാക്കുകള്‍. ‘വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലെ സര്‍വകലാശാലകളുടെയും വളര്‍ച്ചക്ക് ഒട്ടും സ്വീകാര്യമല്ല’ എന്നായിരുന്നു പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്ന എം.എ ബേബിയുടെ അന്നത്തെ അഭിപ്രായ പ്രകടനം.
ഇടതുപക്ഷത്തിന്റെ നയം മാറ്റമോ പിണറായി വിജയന്റെ ഇരട്ടത്താപ്പോ അല്ല, വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട കാല്‍ നൂറ്റാണ്ട് രാജ്യത്തിനും കേരളത്തിനും നഷ്ടപ്പെട്ടു എന്നതാണ് ഇവിടുത്തെ കാതലായ വിഷയം. 2010 ല്‍ യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയത്തെ ബി.ജെ.പിയും സി.പി.എമ്മും ഒറ്റക്കെട്ടായാണ് എതിര്‍ത്തുതോല്‍പ്പിച്ചത്. വിദേശത്തേക്കുള്ള സാമ്പത്തിക ഒഴുക്കിന് തടയിടുക, വിദ്യാഭ്യാസ രംഗത്ത് ഉന്നത സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യു.പി.എയും യു.ഡി.എഫും വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യം ബോധ്യപ്പെ ടാന്‍ ബി.ജെ.പി 2020 വരെയാണ് കാത്തിരുന്നതെങ്കില്‍ പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ബോധോദയമുണ്ടാകുന്നത്. പക്ഷേ അപ്പോഴേക്കും രാജ്യത്തിനും സംസ്ഥാനത്തിനും സംഭവിച്ചിട്ടുള്ള നഷ്ടങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. 2023 ല്‍ മാത്രം എട്ടര ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷംകോടിയോളം രൂപയുമാണ് വിദ്യാഭ്യാസത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളിലേക്ക് ഒഴുകിയിരിക്കുന്നത്. ചരിത്രപരമായ മണ്ടത്തരങ്ങളുടെ ആവര്‍ത്തനം സി.പി.എമ്മിന്റെ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും അതിന് ഒരു ജനത കൊടുക്കേണ്ടിവരുന്ന വില സമാനതകളില്ലാത്തതാണെന്നതാണ് ഏറ്റവും ഗൗരവതരമായ വസ്തുത.