ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ഗ്ലാസും പ്ലെയിറ്റും ഉപയോഗിച്ചാണ് വാര്‍ഡനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ജയില്‍ ചാട്ടവും സിമി പ്രവര്‍ത്തകരുടെ കയ്യില്‍
മാരകായുധങ്ങളുണ്ടായിരുന്നെന്ന കഥയൊക്കെ ഈ പൊലീസ് തന്നെ പറഞ്ഞതാണ്. അതുകൊണ്ട് തന്നൊയാണ് ജയില്‍ വാര്‍ഡന്റെ കൊലപാതകത്തിലും സംശയം ഉയരുന്നത്.
പുതപ്പുകള്‍ ഉപയോഗിച്ചാണ് 30 അടിയോളം വരുന്ന മതില്‍ ചാടിക്കടന്നത് എന്ന് വെളിവുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല. ടൂത്ത് ബ്രഷും മരക്കഷ്ണവും ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നത്, ഇതും വിശ്വാസ യോഗ്യമല്ല. സിമി പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ബി ബ്ലോക്കിലും അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇങ്ങനെ സുരക്ഷയുള്ള ജയിലിന്റെ പൂട്ട് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പൊളിക്കാനാവുമോ എന്നാണ് നിര്‍ണായക ചോദ്യം. തടവ് പുള്ളികള്‍ക്ക് കൈ എത്താത്ത അകലത്തിലാണ് ജയിലിന്റെ വാതിലും പൂട്ടും സ്ഥാപിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യഥാര്‍ത്ഥ താക്കോല്‍ ഇല്ലാതെ ഈ പൂട്ട് തുറക്കാനാവില്ലെന്നാണ് പറയപ്പെടുന്നത്. ഇനി യഥാര്‍ത്ഥ താക്കോല്‍ ഉപയോഗിച്ചാണ് പൂട്ട് തുറന്നതെങ്കില്‍ അത് ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും പ്രസക്തമാണ്.
മുഖ്യ ജയില്‍ വാര്‍ഡനായ രാം ശങ്കര്‍ മാത്രം ബി ബ്ലോക്കില്‍ സുരക്ഷക്ക് ഇരിക്കില്ലെന്നാണ് മറ്റൊരു അഭിപ്രായം. ഇവിടെ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഒരാളെ മാത്രം കൊലപ്പെടുത്തി പുറത്തുകടക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സിസിടിവി പ്രവര്‍ത്തിക്കാത്തതും ദുരൂഹതക്ക് ആക്കം കൂട്ടുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണമില്ലെന്നായിരുന്നു തുടക്കത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നത്. എല്ലാ വശവും അന്വേഷിച്ചാലെ സംഭവത്തിലെ ദുരൂഹത നീങ്ങൂ.