ടീച്ചറമ്മ പരാമര്‍ശത്തിനെതിരെ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. അങ്ങനെ ഒരു അമ്മ കേരളത്തില്‍ ഇല്ല. ജോസഫ് എം പുതുശ്ശേരിയുടെ പുസ്തകത്തിലെ ടീച്ചര്‍ അമ്മയും മന്ത്രിയും എന്ന പരാമര്‍ശത്തിനെതിരെയാണ് ജി സുധാകരന്‍ രംഗത്ത് വന്നത്.
ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെങ്കില്‍ നമ്മള്‍ വേദനിക്കെണ്ടെന്നും സുധാകരന്‍ പറഞ്ഞു. തിരുവല്ലയില്‍ വച്ച് നടന്ന ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ജി സുധാകരന്റെ പ്രതികരണം.
അവരവരുടെ പേര് പറഞ്ഞാല്‍ മതി. മന്ത്രി ആകേണ്ട ആരെല്ലാം കേരളത്തില്‍ നിന്നും മന്ത്രി ആയിട്ടില്ല. ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെങ്കില്‍ നമ്മള്‍ വേദനിക്കുക ഒന്നും വേണ്ട. കഴിവുള്ള എത്രപേര്‍ മന്ത്രി ആയില്ല. നാളെ ആകുമായിരിക്കും. പലരും പലതരത്തില്‍ മന്ത്രിയാകും.
കൊച്ചു പാര്‍ട്ടികള്‍ക്ക് ഒരു എംഎല്‍എ ഉള്ളൂ എങ്കിലും അവര്‍ മന്ത്രി ആകുന്നു. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള പാര്‍ട്ടികളില്‍ നിന്നും മന്ത്രിയാകുമ്പോള്‍ കുറച്ചുകാലം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
പുതുശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്താണ് കെ കെ ശൈലജയെ ടീച്ചര്‍ അമ്മ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയായിരുന്നു പേരെടുത്ത് പറയാതെയുള്ള ജി സുധാകരന്റെ വിമര്‍ശനം.