ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ തലക്കെട്ട്. ദേശീയ തലത്തില്‍ ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ആ ദൗത്യം നിര്‍വഹിക്കുന്നത് തങ്ങളാണെന്നും അവകാശപ്പെടുന്ന ഇടതുപക്ഷ കക്ഷികള്‍ക്ക് ചിന്തിക്കാന്‍ ഈ തലക്കെട്ട് തന്നെ ധാരാളമാണ്. ദേശീയ തലത്തില്‍ എന്ന് മാത്രമല്ല ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് പോലും സി.പി.എം ബി.ജെ.പിയെ നേരിടുന്നില്ലെന്നതാണ് വാസ്തവം. ത്രിപുരയിലെയും ബംഗാളിലെയും പരാജയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം കോണ്‍ഗ്രസിന്റെ പരാജയവും ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്ത് സായൂജ്യമടയുകയായിരുന്നു 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്. പതിനെട്ട് സംസ്ഥാനങ്ങളിലായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയുടെ മുഖ്യ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും അത് തന്നെയാണ് അവസ്ഥ. ബി.ജെ.പിയാകട്ടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രവാക്യം ഉയര്‍ത്തിക്കാട്ടിയാണ് മുന്നോട്ട് പോകുന്നതും. സി.പി.എമ്മിനെയോ ഇടതുപക്ഷ കക്ഷികളെയോ ശത്രുക്കളായി ഇതുവരെ ബി.ജെ.പിക്ക് പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള രാജ്യത്ത് കേരളത്തിലെ ഒരു തുടര്‍ ഭരണം കൊണ്ട് മാത്രം ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന മൗഢ്യമായ ധാരണയില്‍ മുന്നോട്ട് പോകുന്ന സി.പി.എം കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ചേ മതിയാകൂ.
രാജ്യം സ്വാതന്ത്രൃം നേടി എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് അസ്തമിച്ചുവെന്നാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം. എന്നാല്‍ ബംഗാളില്‍ 35-ാം വര്‍ഷത്തിലും ത്രിപുരയില്‍ 25-ാം വര്‍ഷത്തിലുമാണ് സി.പി.എം അസ്തമിച്ചിട്ടുള്ളത്. ഇരുപതോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തന്നെയാണ് മുഖ്യ പ്രതിപക്ഷകക്ഷിയെന്നത് കോണ്‍ഗ്രസിന്റെ സാധ്യതയാണ് വിളിച്ചോതുന്നത്. 2004-ല്‍ സി.പി.എമ്മിന്് 43 പാര്‍ലമെന്റ് അംഗങ്ങളുള്ള സമയത്തും ബി.ജെ.പിയുടെ മുഖ്യ ശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇന്നാകട്ടെ പാര്‍ലമെന്റില്‍ അവരുടെ അംഗബലം കേവലം മൂന്നാണ്. 2004-ല്‍ 43 എം.പിമാരുള്ളത് 2009-ല്‍ 16 ആയി ചുരുങ്ങി. 2014-ല്‍ ഒന്‍പതും 2019-ല്‍ മൂന്നുമായി അത് ശുഷ്‌കിച്ച് പോയി. ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദേശീയതലത്തിലും ഇടതുപക്ഷത്തിന് സ്വാധീനമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ വളര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നാണ് കണ്ണൂരില്‍ അവസാനിച്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലെ കുറ്റ സമ്മതം. കോണ്‍ഗ്രസ് വിരോധത്താല്‍ ബി.ജെ.പിയുടെ വളര്‍ച്ച അവര്‍ മനപൂര്‍വ്വം അവഗണിക്കുകയായിരുന്നു.
2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ 1.7 ശതമാനം വോട്ട് മാത്രമാണ് സി.പി.എം നേടിയിട്ടുള്ളത്. കോണ്‍ഗ്രസ് നേടിയതാകട്ടെ 37.4 ശതമാനവും. ഇന്ത്യയിലാകെ നാലായിരത്തിലധികം എം.എല്‍.എ മാരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എമ്മിനാകട്ടെ 87 ഉം. അതില്‍ അറുപത്തി രണ്ടും കേരളത്തില്‍ നിന്ന്. കേരളത്തില്‍ മാത്രം പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം അല്‍പം വര്‍ദ്ധിച്ചപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും യുവാക്കളുമാണ് പാര്‍ട്ടി വിട്ട് പോയതെന്നാണ് സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരോധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രചാരണത്തിന് തുടക്കം കുറിച്ചത് ഇ.എം.എസാണ്. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് 1967-ല്‍ ഇ.എം.എസ് പ്രഖ്യാപിച്ചതിന്റെ ഫലമാണ് 1980-ല്‍ വി.പി സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിസഭ. കേരളത്തില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത് ബി.ജെ.പിയടെ നയങ്ങളെ കുറിച്ചല്ല. മറിച്ച് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപ്പനത്തെ കുറിച്ചായിരുന്നു ചര്‍ച്ച മുഴുവനും.
സി.പി.എം ഭരണം കൈയ്യാളുന്ന കേരളത്തില്‍ അവര്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാട് കേരളം ചര്‍ച്ച ചെയ്ത് വരികയാണ്. ബംഗാളില്‍ സ്വീകരിച്ച തീവ്ര ഹിന്ദുത്വ നിലപാടിന്റെ നേര്‍ സാക്ഷ്യമാണ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരച്ച് കാണിച്ചിട്ടുള്ളത്. സാമ്പത്തിക സംവരണവും സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമടക്കമുള്ള മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയണാണ്. ജോസ് കെ മാണിയുടെയും ജോര്‍ജ്ജ് എം തോമസിന്റെയും ലൗജിഹാദും, ഐ.എസ് റിക്രൂട്ട്‌മെന്റ് പരാമര്‍ശവും, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടും ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ബി.ജെ.പിയുടെ കൈയ്യിലെ ആയുധമായ യു.എ.പി.എ കേസുകള്‍ കേരളത്തില്‍ നൂറില്‍ എത്തി നില്‍ക്കുന്നതും, കേരള പോലീസിലെ ആര്‍.എസ്.എസ് ബന്ധവുമടക്കം ഇതിന്റെ തെളിവാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍പോലും ബി.ജെ.പിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ സ്വാഗത പ്രസംഗകനായ മുഖ്യമന്ത്രി പോലും തയ്യാറായില്ല എന്ന് മാത്രമല്ല, ബി.ജെ.പിയെ ഒരു ഫാസിസ്റ്റ് പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാനാകില്ലെന്നാണ് എം.എ.ബേബിയും എസ്.രാമചന്ദ്രപിള്ളയും അഭിപ്രായപ്പെട്ടത്. ഇതേ അഭിപ്രയാം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ള നേതാവാണ് പ്രകാശ് കാരാട്ട്. കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ കഴിയാത്തതിന്റെ കാരണം സി.പി.എം ബി.ജെ.പിയെപ്പോലെ ഹിന്ദുത്വ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നതിനാലാണെന്നുള്ള അരുണ്‍ ജെറ്റ്‌ലിയുടെ സംഘടനാ റിപ്പോര്‍ട്ട് കൂടെയാകുമ്പോള്‍ സി.പി.എമ്മിന്റെ തീവ്ര ഹിന്ദുത്വ നിലപാടിന് മറ്റൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇതേ കോണ്‍ഗ്രസിനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് പല സംസ്ഥാനങ്ങളിലും നാം കണ്ട് കൊണ്ടിരിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 87 നിയമസഭാ സാമാജികരുണ്ട് സി.പി.എമ്മിന്. അതില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് പിന്തുണയോട് കൂടി വിജയിച്ച് വന്നവരാണ്. തമിഴ്‌നാട്, ഒഡീഷ്യ, ആസ്സാം, ബീഹാര്‍, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസ് പിന്തുണയിലാണ് നിയമസഭയില്‍ എത്തിയിട്ടുള്ളത്. ശരത് പവാറിനെ മുന്‍ നിര്‍ത്തി ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തണമെന്ന് പറയുമ്പോഴും ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന നിലപാടാണ് പവാറിനുള്ളത്. ബി.ജെ.പിയുടെ മുഖ്യ ശത്രുവായ കോണ്‍ഗ്രസ് തന്നെയാണ് ബി.ജെ.പിയെ പ്രതിരോധിക്കുന്നതിലെ മുന്നണിപ്പോരാളി.