സിദ്ദീഖ് നദ് വി ചേരൂര്‍
കെ റെയിലിനെതിരെ സമരം ചെയ്യുന്നവര്‍ വികസന വിരോധികളാണെന്ന സി. പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിമര്‍ശനം അടുത്ത കാലത്ത് കേരളം കേട്ട ഏറ്റവും നല്ല തമാശയാണ്. വികസന വിരോധി പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാനുള്ള ധാര്‍മികാവകാശം കമ്യൂണിസ്റ്റുകാര്‍ സ്വയം ഏറ്റെടുക്കുമ്പോള്‍ അവരെ തിരിഞ്ഞുകുത്തുന്ന കഴിഞ്ഞ കാലം മലയാളികള്‍ക്ക് മറക്കാനാവുമോ? യു.ഡി. എഫ് ഭരണകാലത്ത് ഓരോ വികസന പദ്ധതികള്‍ക്ക് മുന്നിലും ചുവപ്പു കൊടി നാട്ടി പ്രതിബന്ധം തീര്‍ത്തവര്‍, വ്യവസായ പദ്ധതികളുമായി വന്ന മുതലാളിമാരെ വര്‍ഗ വൈരത്തിന്റെ പേരില്‍ ഓടിച്ചുവിട്ടവര്‍, ട്രാക്ടറിനെതിരെ, മാവൂര്‍ ഗ്വാളിയര്‍ റയണ്‍സിനെതിരെ, കമ്പ്യൂട്ടറിനെതിരെ, തെക്ക്‌വടക്ക് പാതക്കെതിരെ, തുടക്കത്തില്‍ ഗെയില്‍ പൈപ്പ് ലൈനിനെതിരെ, കൊച്ചി സ്മാര്‍ട്ട്‌സിറ്റിക്കെതിരെ പ്രതിരോധം തീര്‍ത്തു മുടക്കിയവരും മുടക്കാന്‍ ശ്രമിച്ചവരും ഇപ്പോള്‍ കെ റെയില്‍ പാതയുടെ പിതൃത്വം ഏറ്റെടുത്തു വികസനത്തിന്റെ മശീഹ ചമയുന്നത് കാണുമ്പോള്‍ നല്ല തമാശ തോന്നുന്നു.
ഭരണത്തിലായതിനാലും തങ്ങള്‍ കൊണ്ട്‌വന്ന പദ്ധതിയായതിനാലും ആണല്ലോ എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുമെന്ന് ആണയിടുന്നത്. അല്ലെങ്കില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്നറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. മുമ്പ് തെക്ക് വടക്ക് പാതക്കും ജലപാതക്കും എതിരെ എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയാണിവര്‍ സമരം നടത്തിയത്? ഇടതുപക്ഷം അധികാരത്തിലുള്ളപ്പോള്‍ ഫ്രീസറില്‍ വെക്കാനും പ്രതിപക്ഷത്താകുമ്പോള്‍ ഏത് വികസന പദ്ധതികള്‍ക്കെതിരെയും കണ്ണുമടച്ച് ആഞ്ഞുവീശാനുമുള്ള പ്രത്യേക സാധനമായാണ് സി.പി.എം, യുവജന സംഘടനകളുടെ പതാകകളെ കേരളീയര്‍ കാണുന്നത്. കെ റെയിലിന് വേണ്ടി ഇപ്പോള്‍ ഇവര്‍ നടത്തുന്ന ആവേശക്കസര്‍ത്ത് കഴിഞ്ഞകാലത്ത് ചെയ്ത് പോയ മഹാപരാധങ്ങളുടെ പ്രായശ്ചിത്തമായോ കുറ്റബോധത്തിന്റെ ബഹിര്‍സ്ഫുരണമായോ കാണേണ്ടി വരും. പക്ഷേ, ഇവര്‍ക്ക് വിവേകം ഉദിക്കാന്‍ പതിവ് പോലെ വൈകിപ്പോയി.
ബസ് പോയ ശേഷം കൈകാണിക്കുന്നത് പോലെയാണ് ഇപ്പോള്‍ കെ റെയിലുമായി രംഗത്തിറങ്ങുന്നത്. മുമ്പാണെങ്കില്‍ അത് ഫലപ്രദവും പ്രായോഗികവുമെന്ന് വാദിക്കുക എളുപ്പമായിരുന്നു. ഇപ്പോള്‍ വ്യോമ ഗതാഗതരംഗത്ത് വന്‍ കുതിച്ച്ചാട്ടമുണ്ടാവുകയും ഇത്രയൊന്നും ചെലവും അധ്വാനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലാതെ തെക്ക് വടക്ക് യാത്ര ചെയ്യാന്‍ സാധ്യത തെളിയുകയും ചെയ്ത വേളയിലാണ് വലിയ വികസന കുതിപ്പായി കെ റെയിലിനെ ഇവര്‍ പരിചയപ്പെടുത്തുന്നത്. അത് പോലെ കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന പങ്കാളിത്തത്തില്‍ നാലു വരിപ്പാത പുരോഗമിച്ചുവരുന്നു. അതും വടക്ക് നിന്ന് തെക്കോട്ടുള്ള യാത്രയുടെ വേഗം കൂട്ടാന്‍ ഉപകരിക്കും. ഇനി അതിലും വേഗത്തില്‍ തിരുനഗരത്തില്‍ എത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നിലവില്‍ തന്നെ നാല് വിമാനത്താവളങ്ങളും മംഗലാപുരം താവളമുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഹെലിപ്പാടുകള്‍ ഒരുക്കി എയര്‍ സ്ട്രിപ് സംവിധാനത്തിലൂടെ ഇതിലും കുറഞ്ഞ ചിലവില്‍, കുറഞ്ഞ അധ്വാനത്തില്‍ എത്രയോ വേഗം തലസ്ഥാനത്തെത്തിച്ചേരാനുള്ള വഴികളും തെളിഞ്ഞുവരുന്നു.
അതിനെല്ലാം ഇടയിലാണ് വലിയ അഭിമാനപ്രശ്‌നമാക്കി, എന്ത് വന്നാലും പദ്ധതി യാഥാര്‍ത്ഥ്യമാക്കും എന്ന ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ 65,000 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന, അടുത്ത വര്‍ഷങ്ങളില്‍ ആ ചിലവിന്റെ അനുപാതം എത്രയോ വര്‍ധിക്കുമെന്ന് ന്യായമായും ആശങ്കിക്കാവുന്ന പദ്ധതി ലാഭകരമാക്കാന്‍ കഴിയുമെന്ന് ഇനിയും ഉറപ്പായിട്ടില്ല. കേരളത്തിന്റെ പൊതുകടം 2016ല്‍ ഒന്നര ലക്ഷം കോടിയില്‍ നിന്ന് 2021 ആകുമ്പോഴേക്ക് 3 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ശരാശരി മലയാളി മുമ്പ് 46,000 രൂപ കടക്കാരനായിരുന്നത് ഇപ്പോള്‍ 80,000 ല്‍ കൂടുതലായി ആ കടം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടയിലാണ് ദുരഭിമാനത്തിന്റെ പേരിലും കഴിഞ്ഞ കാലത്തിന്റെ കുറ്റബോധം വേട്ടയാടുന്നതിനാലും കേവലം ഊഹക്കണക്കുമായി ഇത്തരമൊരു ഭീമന്‍ പദ്ധതികൂടി അടിച്ചേല്‍പ്പിക്കാന്‍ ഇടത് സര്‍ക്കാര്‍ ആവേശപൂര്‍വം രംഗത്തിറങ്ങിയിരിക്കുന്നത്.