X
    Categories: CultureNewsViews

യൂറോപ്യന്‍ എം.പിമാരെ കശ്മീര്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച മാഡി ശര്‍മ ബി.ജെ.പിയുടെ ആര്? വിവാദം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്ക് പോലൂം സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ എം.പിമാരെ ക്ഷണിച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം വിവാദത്തില്‍. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വി.ഐ.പികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മയുടെ വാഗ്ദാനം ചെയ്തത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ മാഡി ശര്‍മ്ക്ക് എങ്ങനെ അനുമതി ലഭിച്ചെന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്ന ചര്‍ച്ച. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്‌വരയില്‍ എന്തുനടക്കുന്നുവെന്ന് നേരില്‍ കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചു. വിദേശ പ്രതിനിധികള്‍ വ്യക്തിപരമായിട്ടാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മാഡി ശര്‍മ്മയെന്ന വനിതയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്നാണ് പുറത്തുവരുന്ന വിവരം.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രിയടക്കം വി.ഐ.പികളുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും കശ്മീര്‍ സന്ദര്‍ശിക്കാമെന്നും കാട്ടി ഇമെയില്‍ സന്ദേശമയക്കാന്‍ മാഡി ശര്‍മയെ ആര് ചുമതലപ്പെടുത്തിയെന്ന് വ്യക്തമല്ല. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്നാണ് മാഡി ശര്‍മ സ്വയം വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മാഡി ശര്‍മയും ഒപ്പമുണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: