X

ആരാണ് ഡേവിഡ് വാര്‍ണര്‍…? ചോദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാരോട് മാത്രം ചോദിക്കരുത്

ആരാണ് ഡേവിഡ് വാര്‍ണര്‍…? ചോദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാരോട് മാത്രം ചോദിക്കരുത്. അവര് ഇപ്പോള്‍ മുഖം താഴ്ത്തുകയാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിന്റെ പേരില്‍ പുറത്തിരുത്തപ്പെട്ട താരമാണ് ഓസ്‌ട്രേലിയക്കാരന്‍. ആ ടീമിന്റെ നായകനോ- ഇന്നലെ കിവികളെ നയിച്ച കെയിന്‍ വില്ല്യംസണും. വാര്‍ണര്‍ ബിഗ് മാച്ച് താരമാണ്. സെമിയില്‍ പാകിസ്താനെ തകര്‍ക്കാന്‍ ടീമിന് കരുത്തായത് അദ്ദേഹമായിരുന്നു. ഇന്നലെ ഫൈനലിലും കൂസലില്ലാതെ അദ്ദേഹം കളിച്ചു. തുടക്കത്തില്‍ നായകനെ നഷ്ടമായതൊന്നും കാര്യമാക്കാതെയുള്ള കിടിലന്‍ ഇന്നിംഗ്‌സ്. മിച്ചല്‍ മാര്‍ഷ് കാര്യമായ പിന്തുണയും നല്‍കി. 38 പന്തില്‍ 53 റണ്‍സ് നേടി വാര്‍ണര്‍ പുറത്താവുന്നതിന് മുമ്പ് തന്നെ കളിയുടെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. പിന്നെ ഫിനിഷിംഗ് ജോലിയായിരുന്നു. അത് മിച്ചല്‍ മാര്‍ഷ് ഗംഭീരമാക്കി. വാര്‍ണര്‍ക്കൊപ്പം വെടിക്കെട്ട് നടത്തിയ മിച്ചല്‍ അദ്ദേഹം പുറത്തായപ്പോഴും പിടി കൊടുക്കാതെ കളിച്ചു. 50 പന്തില്‍ പുറത്താവാതെ 77 റണ്‍്‌സ്.

 

ഓസ്‌ട്രേലിയ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി; ഡേവിഡ് വാര്‍ണര്‍ മാന്‍ ഓഫ് ദി സിരീസ്‌

ആവില്ല മക്കളെ ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിക്കാന്‍…! കിവികള്‍ ഇന്നലെയും ആ സത്യം തിരിച്ചറിഞ്ഞു. 1981 ലായിരുന്നല്ലോ അവസാനമായി കിവികള്‍ ഒരു നോക്കൗട്ട് അങ്കത്തില്‍ അയല്‍ക്കാരെ തോല്‍പ്പിച്ചത്. 40 വര്‍ഷത്തില്‍ കഴിയാത്ത കാര്യം ഇത്തവണ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ ഡേവിഡ് വാര്‍ണര്‍ സമ്മതിച്ചില്ല. മിച്ചല്‍ മാര്‍ഷും കസറിയ ഫൈനല്‍ ദിനത്തില്‍ ഇതാദ്യമായി ടി-20 ലോകകപ്പിന്റെ അവകാശവും ഓസ്‌ട്രേലിയക്കാര്‍ക്ക്. 4 വിക്കറ്റിന് 172 റണ്‍സ് നേടിയിരുന്നു ആദ്യം ബാറ്റ് ചെയ്ത കിവീസ്. പക്ഷേ വാര്‍ണറെ പോലെ ഒരാള്‍ കസറിയ കാഴ്ച്ചയില്‍ ആ സ്‌ക്കോര്‍ ഭദ്രമായിരുന്നില്ല. പുറത്താവാതെ 77 റണ്‍സുമായി മിച്ചല്‍ മാര്‍ഷലും ഗംഭീരമായപ്പോള്‍ ഓസീസ് വിജയം എട്ട് വിക്കറ്റിനായിരുന്നു

കിവി ഇന്നിംഗ്‌സിന്റെ ആണിക്കല്ല് നായകന്‍ കെയിന്‍ വില്ല്യംസണായിരുന്നു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയ ജിമ്മി നിഷത്തിന് ആ വെടിക്കെട്ട് തുടരാനായില്ല. ഒരു ഘട്ടത്തില്‍ സ്‌ക്കോര്‍ 200 കടക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ ഓസീ സീമര്‍മാരുടെ അനുഭവ സമ്പത്ത് കിവികളുടെ ചിറക് അറിഞ്ഞു. പാകിസ്താനെതിരായ സെമിയിലും ഓസ്‌ട്രേലിയന്‍ സീമര്‍മാരുടെ അവസാന സ്‌പെല്ലുകള്‍ നിര്‍ണായകമായിരുന്നു. ജോഷ് ഹേസില്‍വുഡായിരുന്നു റണ്‍സ് തീരെ നല്‍കാതിരുന്നത്. 16 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടോസ് ഭാഗ്യം അരോണ്‍ ഫിഞ്ചിനായിരുന്നു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അദ്ദേഹം കിവികളെ ബാറ്റിംഗിന് വിട്ടു. സെമിയില്‍ പരുക്കേറ്റ കോണ്‍വേക്ക് പകരം ടീം സൈഫര്‍ട്ടിനായിരുന്നു അവസാന ഇലവനില്‍ അവസരം. മാര്‍ട്ടിന്‍ ഗപ്ടിലും ഡാരല്‍് മിച്ചലും കൂളായാണ് ആദ്യ ഓവര്‍ നേരിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം പന്ത് തന്നെ അതിര്‍ത്തി കടന്നു.

പക്ഷേ നാലം ഓവറില്‍ കിവികള്‍ക്ക് വലിയ തിരിച്ചടിയേറ്റു. സെമിയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ ഡാരല്‍ മിച്ചല്‍ പുറത്ത്-അതും വിക്കറ്റ് കീപ്പര്‍ക്ക് എളുപ്പത്തിലുള്ള ക്യാച്ച് നല്‍കി. ഒരു സിക്‌സര്‍ പായിച്ച് ഓസീ സീമര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു 11 റണ്‍സുമായി അദ്ദേഹം മടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള താരമാണ് ഗപ്ടില്‍.

മൂന്ന് ബൗണ്ടറികളുമായി അദ്ദേഹം ഫോമിലേക്കുയരവെ ആദം സാംപയുടെ സ്പിന്‍ വിനയായി. സുന്ദരമായ ബൗണ്ടറിക്ക് ശേഷം അതേ വേഗതയില്‍ സാംപയെ പ്രഹരിക്കാനുള്ള ശ്രമത്തില്‍ പന്ത് മാര്‍ക്കസ് സ്‌റ്റേനിസിന്റെ കരങ്ങളിലെത്തി. 76 റണ്‍സായിരുന്നു അപ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍. ഇവിടെ നിന്നായിരുന്നു നായകന്റെ ഇന്നിംഗ്‌സ് പിറന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയായിതിരുന്ന വില്ല്യംസണ്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ചായിരുന്നു സ്‌ക്കോര്‍ബോര്‍ഡിന് വേഗം വര്‍ധിപ്പിച്ചത്. രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും തുടര്‍ച്ചയായി നേടിയായിരുന്നു അര്‍ധ ശതകം. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി 17 പന്തില്‍ 18 റണ്‍സുമായി ഫിലിപ്‌സ് പുറത്തായതിന് പിറകെ വില്ല്യംസണും വീണതാണ് കിവീസിന് ആഘാതമായത്. ടീം സ്‌ക്കോര്‍ 144 ല്‍ ആയിരുന്നു ഫിലിപ്‌സിന്റെ മടക്കം. നാല് റണ്‍സിന് ശേഷം വില്ല്യംസണും മടങ്ങി. ഫിലിപ്‌സിന് പകരമായാണ് നിഷം എത്തിയത്.

ഗ്യാലറിയിലെ കിവി ആരാധകര്‍ കൈയ്യടിച്ച വേളയില്‍ പഴയ ശൗര്യത്തില്‍ കസറാന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. ഏഴ് പന്തില്‍ ഒന്ന് സിക്‌സറായിരുന്നു. ആറ് പന്തില്‍ എട്ട് റണ്‍സുമായി സൈഫര്‍ട്ടായിരുന്നു കൂട്ട്. ആറ് ബൗളര്‍മാര്‍ക്ക് അരോണ്‍ ഫിഞ്ച് പന്ത് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു അടി കാര്യമായി വാങ്ങിയത്. നാലോവറില്‍ 60 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്.ഓസീസ് മറുപടിക്ക് ഹരം പകര്‍ന്നത് ഡേവിഡ് വാര്‍ണര്‍ തന്നെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സമയത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാര്‍ പുറത്തിരുത്തിയ താരം. സെമിക്ക് പിറകെ ഫൈനലിലും അദ്ദേഹം അടിയോടടിയായിരുന്നു. നായകന്‍ ഫിഞ്ചിന് തുടര്‍ച്ചയായ രണ്ടാം നോക്കൗട്ട് പോരാട്ടത്തിലും കസറാനായില്ല. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ഡാരല്‍ മിച്ചലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സമ്പാദ്യം അഞ്ച് റണ്‍ മാത്രം. വാര്‍ണര്‍ അതൊന്നും കാര്യമാക്കിയില്ല. മിച്ചല്‍ മാര്‍ഷിനൊപ്പം അദ്ദേഹം ആക്രമണം അതിവേഗതയിലാക്കിയപ്പോള്‍് ഇഷ് സോഥി ഉള്‍പ്പെടെ എല്ലാവരും വട്ടം കറങ്ങി. ദുബയ് സ്‌റ്റേഡിയം പിന്നെ കണ്ടത് വാര്‍ണര്‍ വെടിക്കെട്ട്. അദ്ദേഹം പുറത്തായതിന് ശേഷം കണ്ടത് മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടും.

 

Test User: