X

എസ്.പിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആര്?

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താന്‍ തന്നയെന്ന് ആവര്‍ത്തിച്ച് മുലായംസിങ് യാദവ്. അഖിലേഷിനെ അധ്യക്ഷനാക്കി തെരഞ്ഞെടുത്ത പാര്‍ട്ടി നേതൃയോഗം ഭരണഘടനാ വിരുദ്ധമാണെന്നും മുലായം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കില്‍ തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുയായികളായ അമര്‍സിങ്, സഹോദരന്‍ ശിവ്പാല്‍ യാദവ് തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനെത്തിയത്. പാര്‍ട്ടി പിടിക്കാനായി അഖിലേഷ് വിഭാഗം സമര്‍പ്പിച്ച ഒപ്പുകള്‍ വ്യാജമാണെന്നും അവ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാംഗോപാല്‍ യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കി നിയമിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം പുറത്താക്കിയ വ്യക്തി എങ്ങെയാണ് പാര്‍ട്ടി യോഗം വിളിക്കുക എന്ന കാതലായ ചോദ്യമാണ് കമ്മീഷനില്‍ മുലായം ഉയര്‍ത്തിയിട്ടുള്ളത്.

 

അതിനിടെ, മകനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് മുലായം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു വ്യക്തി തന്റെ മകനെ പ്രകോപിപ്പിക്കുകയാണ് എന്നും രാംഗോപാല്‍ യാദവിന്റെ പേരെടുത്തു പറയാതെ അദ്ദേഹം ആരോപിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹൃതമാകും. തെരഞ്ഞെടുപ്പ് ചിഹ്നത്തെ ചൊല്ലി ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹാരം കാണും-മുലായം കൂട്ടിച്ചേര്‍ത്തു. രാംഗോപാല്‍ യാദവിനെ രാജ്യസഭാ ചെയര്‍മാന്‍ പാര്‍മലെന്റില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ 229 എം.എല്‍.എമാരില്‍ 214 പേരുടെയും പിന്തുണ തങ്ങള്‍ക്കാണ് അഖിലേഷ് വിഭാഗം കമ്മീഷനെ അറിയിച്ചിട്ടുള്ളത്. 45 ദേശീയ ഭാരവാഹികളില്‍
ഇതുപരിഗണിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി തങ്ങളുടെ പക്ഷത്തിന്റെ പക്കലാണ് എന്നതിന് ആറു പെട്ടി തെളിവുകളാണ് രാംഗോപാലിന്റെ നേതൃത്വത്തില്‍ അഖിലേഷ് വിഭാഗം കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നത്.

 

ജനുവരി രണ്ടിനാണ് ‘പട്ടാള അട്ടിമറി’യിലൂടെ യു.പി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് മുലായത്തെ ദേശീയ പ്രസിഡണ്ട് പദവിയില്‍ നിന്ന് നീക്കിയത്. തൊട്ടുപിന്നാലെ അഖിലേഷ് വിഭാഗവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തര്‍ക്കങ്ങളില്‍ ഇതുവരെ തീര്‍പ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

chandrika: