X

പന്നീര്‍ശെല്‍വത്തിനു പിന്നില്‍ ബി.ജെ.പി: നേതാക്കള്‍ ഇടപെട്ടെന്ന് സ്വാമി

ന്യൂഡല്‍ഹി: എ. ഐ. എ. ഡി. എം.കെയിലെ കലാപക്കൊടിക്കു പിന്നില്‍ ബി.ജെ.പിയുടെ കരുനീക്കമെന്ന് ആരോപണം. ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും രാഷ്ട്രീയ അട്ടിമറിക്കായി ബി.ജെ.പി നടത്തിയ നീക്കത്തിനു സമാനമായ ഇടപെടലാണ് തമിഴകത്തും അരങ്ങേറുന്നതെന്നാണ് സൂചന. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തി.

കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലക്കെതിരെ തിരിച്ചുവിടുക വഴി എ. ഐ. എ. ഡി. എം. കെയില്‍ പിളര്‍പ്പുണ്ടാക്കുകയും രാഷ്ട്രീയമായി മുതലെടുക്കുകയുമായിരുന്നു ബി.ജെ.പി ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറില്‍ രൂപപ്പെട്ട പ്രതിസന്ധിക്കു പിന്നില്‍ ചില ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ ഉണ്ടെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഇങ്ങനെ ചെയ്യുന്നതിന് അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പന്നീര്‍ശെല്‍വത്തെ പിന്തുണച്ച് കമല്‍ഹാസന്‍

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് സഹതാരങ്ങള്‍ക്ക് കമലഹാസന്റെ ഉപദേശം. പന്നീര്‍ശെല്‍വം നല്ല ഭരണാധികായരിയാണ്. നടന്‍ ആര്‍ മാധവനെ പരാമര്‍ശിച്ചുള്ള ട്വീറ്റിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. മാധവന്‍, ദയവായി പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കണം.

ദുഷിച്ച രാഷ്ട്രീയത്തോട് സമരസപ്പെടുന്നതല്ല, ഉറച്ച ശബ്ദമാണ് നമുക്കു വേണ്ടത്. നിങ്ങള്‍ക്ക് വിയോജിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് ഉറക്കെ പറയണം- കമല്‍ഹാസന്‍ ട്വിറ്റില്‍ കുറിച്ചു. നിലപാട് വ്യക്തമാക്കുന്നതിനായി കാര്യങ്ങള്‍ തുറന്നു പറയുന്ന വീഡിയോ താരങ്ങള്‍ പുറത്തുവിടണമെന്ന് കമല്‍ഹാസന്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

chandrika: