മലപ്പുറം: സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഗ്രൂപ്പ്ബി യില്‍ ഇന്ന് നിര്‍ണായക പോരാട്ടം നടക്കും. വൈകുന്നേരം നാലു മണിക്ക് കോട്ടപ്പടിയില്‍ ഒഡീഷ സര്‍വീസസിനെയും രാത്രി എട്ടിന് പയ്യനാട് കര്‍ണാടക ഗുജറാത്തിനേയും നേരിടും.
ഈ മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും സെമി ഫൈനല്‍ ചിത്രം തെളിയുക. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്കും കര്‍ണാടകക്കുമാണ് ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകം. നിലവില്‍ നാലു കളികളില്‍ നിന്നും ഒമ്പത് പോയിന്റ് നേട്ടത്തോടെ മണിപ്പൂര്‍ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഏഴ് പോയിന്റോടെ ഒഡീഷയാണ് രണ്ടാമത്. ഇന്ന് ഒഡീഷ സര്‍വീസസിനെ പരാജയപ്പെടുത്തിയാല്‍ പത്തു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഒഡീഷക്ക് സെമിയിലെത്താം.
അങ്ങനെയായാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരായിരിക്കും കേരളത്തിന്റെ എതിരാളികള്‍. ഒഡീഷക്കെതിരെ സര്‍വീസസ് ജയിക്കുകയും കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ജയിക്കുകയും ചെയ്താല്‍ കര്‍ണാടക്കും ഒഡീഷക്കും ഏഴ് പോയിന്റ് വീതമാകും. ഇരുവരും നേരിട്ട് കളിച്ച മത്സരം സമനിലയായതിനാല്‍ ഗോള്‍ ശരാശരി നോക്കിയാകും സെമി ഫൈനലിസ്റ്റിനെ തിരഞ്ഞെടുക്കുക. അങ്ങനെയെങ്കില്‍ രണ്ടാം സ്ഥാനത്തോടെ കയറുന്ന ഇവരില്‍ ആരുമാകാം കേരളത്തിന്റെ എതിരാളികള്‍. ഒഡീഷ സര്‍വീസസ് മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ എട്ടു പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമനായി ഒഡീഷക്ക് സെമി ഉറപ്പിക്കാം. അങ്ങനെയായാല്‍ ഒഡീഷയാകും 28ന് നടക്കുന്ന സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍.