X

ശരീരം മറയ്ക്കുന്നതിനെ ആര്‍ക്കാണ് പേടി?-എഡിറ്റോറിയല്‍

സ്റ്റുഡന്റ് പൊലീസില്‍ ശിരോവസ്ത്രവും മുഴുക്കൈ വസ്ത്രവും നിരോധിച്ചുകൊണ്ട് കേരളത്തിലെ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി നല്‍കിയ നിവേദനത്തിലെ വിശദീകരണത്തിന്മേലാണ് പ്രസ്തുത ഉത്തരവ്. ഹിജാബ് അഥവാ ശിരോവസ്ത്രം മുസ്്‌ലിം വനിതകളുടെ വസ്ത്രധാരണരീതിയാണെന്നത് ലോകമാകെ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമാണ്. രാജ്യത്ത് പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ടായിരിക്കെയാണ് കേരളത്തിലെ സ്റ്റുഡന്റ് പൊലീസ്‌സേനയില്‍ അതനുവദിക്കാത്തത്. നികുതിക്കെതിരെ മാറ്് മുറിച്ചും മാറുമറയ്ക്കാന്‍ ലഹള നടത്തിയും മുന്നേറിയ നവോത്ഥാന കേരളത്തില്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്തൊരു വസ്ത്രം കുട്ടികള്‍ അവരുടെ വിശ്വാസത്തിന്റെയും സൗകര്യത്തിന്റെയും ഭാഗമായി സ്വമേധയാ അണിയുന്നതിനെ യൂണിഫോമിന്റെപേരില്‍ നിരോധിക്കുന്നതിലെ നൈതികതയും സാങ്കേതികത്വവും ചോദ്യംചെയ്യപ്പെടുകതന്നെ വേണം. ലിംഗസമത്വമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേ സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പല്ലേ വനിതാഅധ്യാപികമാര്‍ക്ക് സാരിയും ചുരിദാറും ധരിച്ച് ക്ലാസില്‍ വരാന്‍ അനുവാദം നല്‍കിയത്? ഇന്ത്യയിലും ലോകത്തെയും പലസേനകളിലും മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവ്. സിഖ് സമുദായക്കാര്‍ക്ക് സേനകളില്‍ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവണിഞ്ഞ് ജോലിചെയ്യാം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിതിനും അതാകാം. ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ സംവിധാനത്തോടെയുള്ള പൊലീസ് സേനയായ സ്‌കോട്‌ലാന്‍ഡ്്‌യാര്‍ഡ് പൊലീസ് 2016ല്‍ മുസ്്‌ലിം വസ്ത്രരീതിയായ ഹിജാബ് ധരിക്കുന്നതിന് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനും പത്തുവര്‍ഷംമുമ്പ് ലണ്ടന്‍ പൊലീസും ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കി. 2020ല്‍ ന്യൂസിലാന്‍ഡ് പൊലീസിലും ഹിജാബ് ധരിക്കാന്‍ അനുവദിച്ചുകൊണ്ട് ജസീന്ത ആര്‍ഡന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി. ഇതേതുടര്‍ന്ന് ഈ രാജ്യത്തെ പൊലീസ് സേനയിലേക്ക് നിരവധി മുസ്്‌ലിം വനിതകളാണെത്തിയത്.

കഴിഞ്ഞദിവസം കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ വിദ്യാലയത്തില്‍ കുട്ടികള്‍ തലമറയ്ക്കുന്ന വസ്ത്രം ധരിച്ചെത്തിയതിന് ബി.ജെ.പി എം.എല്‍.എ ഇടപെട്ട് അവരെ പുറത്താക്കിയിരുന്നു. കോലാറില്‍ സ്‌കൂളില്‍ നമസ്‌കരിച്ചതിന് പ്രിന്‍സിപ്പലിനെ ബി.ജെ.പി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇത്തരക്കാര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ രഘുവതിഭട്ടിന്റെ കല്‍പന. കേരളത്തിലെയും പല സ്വകാര്യ-എയ്ഡഡ് സ്‌കൂളുകളിലും ഹിജാബ് ധാരണത്തിനെതിരെ സ്‌കൂള്‍ അധികൃതരുടെ എതിര്‍പ്പുയരാറുണ്ട്. പുതിയ ഉത്തരവ് ഇത്തരക്കാര്‍ക്ക് ഊര്‍ജം പകരാനേ ഉതകൂ. സി.പി.എമ്മിന്റെ സൈബര്‍ ഇടങ്ങളിലും സര്‍ക്കാരുത്തരവിനെതിരായ പ്രതിഷേധങ്ങളെ കാവിഭാഷയിലാണ് വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും. സംഘ്പരിവാറിന്റെ ബീഫ് വിരോധത്തിനെതിരെ ബീഫ്്‌മേള നടത്തിയ ഡി.വൈ.എഫ്.ഐക്കാരുടെ തനിനിറമാണ് പുറത്തുവരുന്നത്. ഏകത്വമല്ല, നാനാത്വമാണ് രാജ്യത്തിന്റെ ശക്തിയെന്ന് ആരാണിവരെയൊക്കെ പഠിപ്പിക്കുക?

ദേവസ്വം ബോര്‍ഡിലെ പതിനായിരക്കണക്കിന് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുവഴിയാക്കി നിയമനിര്‍മാണം നടത്തിയ സര്‍ക്കാര്‍, നൂറ്റമ്പതോളം മാത്രം വരുന്ന കേരളവഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിട്ടുകൊണ്ട് പാസാക്കിയ നിയമം, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ 80:20 അനുപാതം റദ്ദാക്കിയത് തുടങ്ങി നിരവധി ഉത്തരവുകളാണ് ഇസ്്‌ലാമോഫോബിയയുടെ ഭാഗമായി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകംമാത്രം പുറപ്പെടുവിച്ചത്. മറിച്ച് മറ്റു സമുദായങ്ങളെ പ്രീണിപ്പിക്കാനും അവരുടെവോട്ട് തട്ടാനും മന്ത്രിമാരും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഉന്നത സി.പി.എം നേതാക്കളും വര്‍ഗീയ അടവുകള്‍ പയറ്റുന്നു. ഇസ്്‌ലാം ഇരവല്‍കരിക്കപ്പെടുന്ന സമകാലത്ത് ന്യൂനപക്ഷങ്ങളുടെ വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കുന്നതിന് പരസ്യവും ധീരവുമായ നടപടികള്‍ സ്വീകരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ജസീന്ത ആര്‍ഡനെയും പോലുള്ള വ്യക്തികള്‍ മതേതരമെന്നഭിമാനിക്കുന്നവര്‍ക്കെങ്കിലും മാതൃകയാവേണ്ടതാണ്. പക്ഷേ സങ്കുചിതവും അറപ്പുളവാക്കുന്നതുമായ മുസ്്‌ലിം വിരോധം വെച്ചുപുലര്‍ത്തുന്ന യോഗി ആദിത്യനാഥിനെപോലുള്ളവരുടെ രീതിയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതുപക്ഷവും പിന്തുടരുന്നതെന്നത് ഞെട്ടലുളവാക്കുന്നു. 2010ല്‍ രൂപീകൃതമായ സേനയില്‍ ഇതുവരെയില്ലാത്ത ഉത്തരവിന്റെ കാര്യത്തിലും വഖഫ് ബോര്‍ഡില്‍ തോന്നിയ തെറ്റ് തിരുത്തലാണ് ഉടനുണ്ടാകേണ്ടത്.

Test User: