ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഐ.എ.എസുകാരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം.
ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ നടത്തുന്ന കെജ്രിവാളിന്റേയും മറ്റു മന്ത്രിമാരുടേയും കുത്തിയിരിപ്പ് സമരത്തെ സമരമെന്ന് വിളിക്കാനാകില്ലെന്നും, ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരത്തില്‍ സമരം ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.
അതേസമയം പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. പ്രതിഷേധത്തിലായതിനാല്‍ ഔദ്യോഗിക കാര്യങ്ങള്‍ സമരസ്ഥലത്തു നിന്നാണ് മന്ത്രിമാര്‍ ചെയ്യുന്നത്. അതേസമയം നിരാഹാര സമരത്തിലായിരുന്ന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റി.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണസമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നീ മന്ത്രിമാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ആംആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു.
കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു പിന്തുണ ്അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കെജ്രവാളിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.