കേരളീയം സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും സ്‌പോണ്‍സര്‍മാരെ അറിയില്ലെന്ന് വിവരാവകാശ രേഖ. സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനറായ ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ ഐ.ആര്‍.എസ് ആണ് സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്.
സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ എബ്രഹാം റെന്നിന്റെ പക്കലാണെന്നും അതുകൊണ്ട് വിവരവകാശ അപേക്ഷ ലോട്ടറി ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ വിവരവകാശ നിയമപ്രകാരം ആദ്യം മറുപടി നല്‍കിയിരുന്നു.
27 കോടിയാണ് സര്‍ക്കാര്‍ കേരളീയം പരിപാടിക്ക് നല്‍കിയത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് കണ്ടെത്തിയത്. ജി.എസ്.ടി വകുപ്പ് അഡിഷണല്‍ കമ്മിഷണര്‍ കൂടിയായ എബ്രഹാം റെന്നിനെ കേരളീയം പരിപാടിക്ക് കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയതിന് മുഖ്യമന്ത്രി കേരളീയം വേദിയില്‍ ആദരിക്കുകയും ചെയ്തു.
എന്നാല്‍, പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരെല്ലാം, എത്ര കോടി പിരിച്ചു എന്നു തുടങ്ങുന്ന വിവരാവകാശ ചോദ്യത്തിന് മറുപടി പറയാതെ ആദ്യം തന്നെ പരിപാടിയുടെ ജനറല്‍ കണ്‍വീനറായ ചീഫ് സെക്രട്ടറി ഒഴിഞ്ഞു.
വിവരങ്ങള്‍ ലഭ്യമല്ലെന്നും ടൂറിസം, വ്യവസായം, നികുതി, സാംസ്‌കാരികം വകുപ്പില്‍ അപേക്ഷ അയച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. ഇതില്‍ ടൂറിസം ഡയറക്ടറേറ്റ് എബ്രഹാം റെന്നിന്റെ ഓഫിസിലേക്ക് അപേക്ഷ കൈമാറി.
എന്നാല്‍, അവിടെയും വിവരങ്ങളില്ലെന്നാണ് അപേക്ഷകനായ സി.ആര്‍ പ്രാണകുമാറിന് ലഭിച്ച മറുപടി. അപേക്ഷ പി.ആര്‍.ഡിക്ക് കൈമാറിയെന്നാണ് മറുപടി. ഇതോടെ വിവരാവകാശ കമ്മിഷണറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അപേക്ഷകന്‍.