X

വെളുക്കാന്‍ തേച്ചത് പണിയായി; മൂത്രത്തില്‍ പത, കാലിലും മുഖത്തും നീര്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു

നിറത്തിന്റെ പേരില്‍ യുവതലമുറ അനുഭവിക്കുന്ന അപകര്‍ഷത കുറച്ചൊന്നുമല്ല എന്ന് തെളിയിക്കുന്നതാണ് തൊലി വെളുപ്പിക്കാനുള്ള ക്രീമുകളുടെ പേരിളുള്ള പരസ്യ വീഡിയോകള്‍. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍, ചൈന, തുര്‍ക്കി, യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവ കൂടുതലായും കേരളത്തിലെത്തുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് പുറമെ കടകളിലും ഇത്തരം വസ്തുക്കള്‍ വില്പനയ്‌ക്കെത്തിക്കുന്നതായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ 12 പേരാണ് വൃക്കയുടെ അരിപ്പയ്ക്ക് തകരാറ് സംഭവിച്ച് കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന മെമ്ബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണിത്.

അനുവദനീയമായതിലും പല ഇരട്ടി വരെ ലോഹമൂലകങ്ങള്‍ അടങ്ങിയ ഫെയര്‍നെസ് ക്രീമുകളാണ് രോഗികളെല്ലാം ഉപയോഗിച്ചിരുന്നത്. സമാന രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് വില്ലന്‍മാരെന്ന് കണ്ടെത്തിയത്. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുപയോഗിച്ച ക്രീമുകളിലെ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം 100 ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. മെര്‍ക്കുറിക്ക് പുറമേ ആഴ്‌സനിക്, കാഡ്മിയം, ഈയം തുടങ്ങിയ ലോഹങ്ങളുടെ അളവ് അനുവദനീയമായതിലും 100 മുതല്‍ 1000 ഇരട്ടി വരെ അടങ്ങിയിട്ടുണ്ടായിരുന്നു. രോഗികളുടെ രക്തത്തിലും ഇതേ ഘടകങ്ങള്‍ കൂടിയ അളവില്‍ കാണപ്പെട്ടു. പലതിലും നിര്‍മ്മാണ തീയതി, കാലാവധി, ചേരുവകളുടെ അളവ് എന്നിവ രേഖപ്പെടുത്തിയിട്ടില്ല.

ഗുരുതരാവസ്ഥ ഇങ്ങനെ;

മൂത്രത്തില്‍ പതയും കാലിലും മുഖത്തും നീരും വന്നാണ് ആദ്യം ഒരു 14കാരി എത്തിയത്. നെഫ്രോട്ടിക് സിന്‍ഡ്രോമിനുള്ള മരുന്ന് നല്‍കിയെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കുമെത്തി. ഇതേ രോഗലക്ഷണങ്ങളുമായി ഇവരുടെ ബന്ധുവും ചികിത്സയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് 29 കാരനും സമാന രോഗലക്ഷണങ്ങളോടെ എത്തി. ഇയാള്‍ കുറച്ചു നാളായി ഫെയര്‍നസ് ക്രീം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെ പരിശോധനയ്ക്ക് എത്തിക്കാന്‍ ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതേ ക്രീമാണ് താനും ഉപയോഗിച്ചതെന്ന് 14കാരി പറഞ്ഞതോടെ സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും വിളിച്ച് വരുത്തുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച ക്രീമുകളുടെ പേര് വ്യത്യസ്തമാണെങ്കിലും അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഒന്നായിരുന്നു. മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ എത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊലിയുടെ നിറം വര്‍ദ്ധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തൊലിക്ക് കേടുപാട് സംഭവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഉപയോഗം നിറുത്തുന്നതോടെ പിഗ്‌മെന്റേഷന്‍, വിള്ളല്‍, മുഖക്കുരു എന്നിവ കാണപ്പെടുന്നു. ക്രീമിന്റെ ഉപയോഗം നിറുത്തി നെഫ്രോട്ടിക്ക് സിന്‍ഡ്രോമിനുള്ള ചികിത്സ നല്‍കുന്നതിലൂടെ അസുഖം ഭേദമാകും. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറി ശരീരത്തിലുള്ളതിനാല്‍ ഭാവിയില്‍ പ്രത്യാഘാതമുണ്ടാകുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍.

ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷന്‍ തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും അനധികൃതമായ വില്പനയാണെന്ന് കണ്ടെത്തി. ഇവയില്‍ പലതും പാര്‍ശ്വഫലങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയായിരുന്നു.

ഇറക്കുമതി ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് നിയമമെന്നും ഇവയുടെ നിര്‍മ്മാണത്തിന് ലൈസന്‍സും ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്നും മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍.

webdesk14: