വാഷിങ്ടണ്‍: കാനഡയില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. മുമ്പും വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന പാഴ്‌സലുകള്‍ അയക്കപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തിവരികയാണ്.
ജൈവായുധമായി ഉപയോഗിക്കാനാകുന്ന അതിമാരക വിഷമാണ് റസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണകാരണമാകും. കടുകുമണിയോളം മതികയാകും ഒരാളെ കൊല്ലാന്‍. വിഷബാധയേറ്റ് 72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇതിന് നിലവില്‍ മറുമരുന്നുകളൊന്നുമില്ല.
ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച രണ്ടു സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സഭവത്തില്‍ 2014-ല്‍ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെറെറ്റ് എന്നയാള്‍ 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.