യൂനുസ് ഹൈവെ
തളിപ്പറമ്പ: റെയില്‍പാളത്തില്‍ അജ്ഞാത മൃതദേഹമായി വാര്‍ത്തകളില്‍ ഇടം പിടിക്കേണ്ടിയിരുന്ന ജീവന്‍, എന്നാല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നിതാന്ത ജാഗ്രതയില്‍ മുഹമ്മദ് ജാഫര്‍ തിരികെ നടന്നു, നഷ്ടമായെന്ന് തുടങ്ങിയ ജീവിതത്തിലേക്ക്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30ന് കണ്ണൂരിലെത്തിയ മരുസാഗര്‍ എക്‌സ്പ്രസില്‍ ഓടിക്കൊണ്ടിരിക്കെ തെറിച്ചുവീണ ബീഹാര്‍ സ്വദേശി 25കാരന്‍ മുഹമ്മദ് ജാഫറിനാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ രക്ഷയായത്. സ്റ്റേഷനില്‍ നിന്നും അകലെ ഒരാള്‍ പുറത്തേക്ക് തെറിച്ച് വീണിടത്ത് നിന്ന് തുടങ്ങുന്നു വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ മിന്നല്‍വേഗ രക്ഷാദൗത്യം. തളിപ്പറമ്പ് മുന്‍സിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നൗഫല്‍ മന്നയുടെയും ശിഹാബ് കുപ്പത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തുടര്‍നടപടിക്രമങ്ങളും വേഗത്തിലായിരുന്നു.
കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ രാഹുല്‍ഗാന്ധി ഐക്യദാര്‍ഢ്യ സമരത്തില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്നു നൗഫലും ശിഹാബും. വണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയ ഉടന്‍ റെയില്‍വെ അധികൃതരെ വിവരമറിയിച്ച് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കുതിച്ചോടുകയായിരുന്നു ഇവര്‍. കൂരിരുട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു യുവാവ്.
ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കയ്യില്‍ കിട്ടിയ പലകയില്‍ കിടത്തി ആംബുലന്‍സിലേക്ക് മാറ്റി.ജില്ലാ ആശുപത്രില്‍ എത്തിച്ചു. അപകടം സ്റ്റേഷനില്‍ നിന്ന് അല്‍പ്പം ദൂരെയായതിനാല്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാനും സാധ്യതയും കുറവാണ്. സാഹചര്യം ഇങ്ങിനെയാണെന്നിരിക്കെ അല്‍പ്പം വൈകിയെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.
മരണത്തിലേക്കുള്ള വഴിയില്‍ ഒരു ജീവന്‍ തിരികെ നല്‍കുകയായിരുന്നു വൈറ്റ് ഗാര്‍ഡ് നൗഫലും ശിഹാബും. വൈറ്റ് ഗാര്‍ഡിലൂടെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗിനും അഭിമാനിക്കാം യുവാവിന് ജീവന്‍ തിരികെ ലഭിച്ചതിനൊപ്പം നിമിത്തമായ നൗഫലിന്റെയും ശിഹാബിന്റെയും മിടുക്കില്‍. രക്ഷാദൗത്യത്തില്‍ ഭാഗമായ സുബൈര്‍ കുറ്റ്യേരിക്കും അഷ്റഫ് ഇരിങ്ങലും ഉള്‍പ്പടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അഭിമാന നിമിഷം. കൊടിയടയാളങ്ങളില്ലാതെ കര്‍മപാതയില്‍ സഹജീവി സ്‌നേഹവും കരുണയും കരുതലും മുഖമുദ്രയാക്കിയ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സേനക്ക് പൊന്‍തൂവലാണ് തളിപ്പറമ്പിന്റെ കരുതലും ജാഗ്രതയും അടയാളപ്പെടുത്തുന്ന ഈ രക്ഷാദൗത്യം.