കണ്ണീരൊഴുകിയ ദുരന്തമുഖങ്ങളിൽ രാപ്പകൽ രക്ഷാപ്രവർത്തനങ്ങളുമായി യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാർഡ് വളണ്ടിയർമാർ. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായി. ഈ പ്രദേശങ്ങളിലെല്ലാം വൈറ്റ് ഗാർഡ് വളണ്ടിയർമാർ സജീവമായി പ്രവർത്തന രംഗത്തുണ്ട്. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മണ്ണ് നീക്കം ചെയ്യാനും വീടുകളിൽനിന്ന് ചെളി കഴുകിക്കളയാനുമായി നൂറുകണക്കിന് വളണ്ടിയർമാരാണ് വിവിധ പ്രദേശങ്ങളിൽ അണിനിരന്നത്. വിവിധ പ്രദേശങ്ങളിൽ ഹെൽപ് ലൈനുകളും ആരംഭിച്ചിട്ടുണ്ട്.
കൊക്കയാർ-കൂട്ടിക്കൽ ദുരന്തഭൂമിയിലേക്ക് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിച്ചു. കൂടുതൽ വൈറ്റ് ഗാർഡ് വളണ്ടിയർമാരെയും അവശ്യവസ്തുക്കളും ഈ മേഖലകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ്. ഈരാറ്റുപേട്ട ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ വളണ്ടിയർമാർ രംഗത്തിറങ്ങി. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റികളും ദുരന്ത ബാധിതരെ സഹായിക്കാനായി പ്രത്യേക പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.