X

സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ട തൊഴിലും പഠിച്ചു; ടെക് സൈന്റിസ്റ്റുകളെ വാർത്തെടുക്കുന്ന കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർക്ക് വയസ്സ് പതിനെട്ട് മാത്രം

എറണാകുളം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ജോലി കിട്ടാൻ പെടാപാടുപെടുന്ന യുവാക്കൾ ഒരു പാടുള്ള നാട്ടിൽ പതിനെട്ടാം വയസ്സിൽ വൻകിട എഡ്യു-ടെക് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി തിരുവനന്തപുരത്തുകാരൻ മഹാദേവ് രതീഷ്.

ടെക് സൈന്റിസ്റ്റുകളെയും കംപ്യൂട്ടർ എഞ്ചിനീയർമാരെയും വാർത്തെടുക്കുന്ന സ്റ്റെയ്പ് എന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമിന്റെ ചീഫ് ടെക്നോളജി ഓഫീസറായാണ് ഏഴുവർഷത്തെ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ മഹാദേവ് ചാർജ്ജെടുത്തിരിക്കുന്നത്.

സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചു കഴിഞ്ഞു, ഇനിയൊരു ജോലിക്ക് ശ്രമിച്ചേക്കാം എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് മഹാദേവ് രതീഷ് എന്ന പതിനെട്ടുകാരൻ ടെക് എക്സ്പേർട്ട്. സ്കൂൾ പഠന കാലത്ത് തന്നെ തന്റെ അഭിരുചി തിരിച്ചറിയാനും അതനുസരിച്ച് ഇൻഡസ്ട്രി അനുഭവത്തോടെ പഠിക്കാനും അവസരം ലഭിച്ചതാണ് മഹാദേവിനെ സ്വപ്ന നേട്ടത്തിലേക്കെത്തിച്ചത്.

സർക്കാർ സ്കൂളുകളിലാണ് പഠിച്ചത്. ‘മൊബൈലിൽ കളിക്കുന്ന ഗെയിമുകൾ നിങ്ങൾക്ക് തന്നെ നിർമ്മിച്ചു കൂടെ’ – പാങ്ങോട് കെ.വി.യു.പി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്നൊരു ഓറിയൻറേഷൻ ക്ലാസിൽ കേട്ട ഈ ചോദ്യത്തിന്റെ പിന്നാലെ പോയാണ് ടെക്നോളജിയുടെ ലോകത്തേക്ക് എത്തിയത്.

“ടെക്നോളജിയിൽ കൂടുതൽ പഠിക്കാൻ കംപ്യൂട്ടർ എൻജിനീയറിംഗിന് പഠിക്കണം, അതിന് പത്തും പ്ലസ്ടുവുമൊക്കെ കഴിയണം, അപ്പോൾ പിന്നെ യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് മുന്നിലുള്ള വഴി, എന്നാൽ ക്ലാസുകൾ ഇംഗ്ലീഷിലായതും സംശയങ്ങൾ തീർത്ത് ഒരു എൻജിനീയറുടെ കൂടെ ഇരുന്ന് പഠിക്കാൻ കഴിയാത്തതും വലിയൊരു പ്രശ്നമായി. ഈ ഒരു നിരാശയിൽ കഴിയുമ്പോഴാണ് ടാൽറോപിനെയും ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെയും കുറിച്ചറിഞ്ഞത്. സ്റ്റെയ്പ്പിൽ മലയാളത്തിൽ ടെക്നോളജി പഠിക്കാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി, വൻകിട കമ്പനിയുടെ നല്ലൊരു പദവിയിലേക്കെത്തെണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, ഏഴു വർഷത്തെ കഠിനാധ്വാനം സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് തന്നെ എത്തിച്ചു”- മഹാദേവ് രതീഷ് പറഞ്ഞു.

കേരളത്തിൽ നിന്നും ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും പോലെയുള്ള ആഗോള ഐ.ടി കമ്പനി നിർമ്മിച്ചെടുക്കുന്ന, ആഗോള കമ്പനികൾക്കാവശ്യമായ കഴിവും പ്രാവീണ്യവുമുള്ള മാനുഷിക വിഭവ ശേഷി ഒരുക്കിയെടുക്കുന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെ മെഗാസ്റ്റാർ മമ്മൂട്ടിയിലൂടെയാണ് കേരളത്തെ പരിചയപ്പെടുത്തിയത്.

സ്കൂൾ പഠനത്തോടൊപ്പം സ്റ്റെയ്പ്പിലൂടെ ടെക്നോളജി പഠനം പൂർത്തിയാക്കിയ മഹാദേവ് സ്റ്റെയ്പ്പിൽ തന്നെ ജോലിയും നേടി. ഇന്ന് ഏഴു വർഷത്തെ എക്സ്പീരിയൻസുമായാണ് ടാസ്കുകൾ ഓരോന്നായി പൂർത്തിയാക്കി പതിനെട്ടാമത്തെ വയസ്സിൽ സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് എത്തിയത്.

ഏറ്റവും ചെറിയ പ്രായത്തിൽ അഭിരുചി തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറാൻ കഴിഞ്ഞു എന്നതാണ് മഹാദേവിന്റെ വിജയത്തിന് നിദാനമായതെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറയുന്നു. “മാർക്ക് കുറവുള്ള വിഷയത്തിൽ നാം കുട്ടികൾക്ക് ട്യൂഷൻ നൽകും, ക്ലാസ് ടീച്ചറെ പോയി കാണും, എന്നാൽ മാർക്ക് കൂടുതലുള്ള വിഷയത്തിലാവാം അവരുടെ അഭിരുചി, ഇത് തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. സ്കൂൾ പഠന കാലത്ത് തന്നെ അഭിരുചി തിരിച്ചറിഞ്ഞ്, ആ ഇൻഡസ്ട്രിയെ അറിഞ്ഞ് പഠിക്കാൻ കഴിയണം”- അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാദേവും സുഹൃത്തുക്കളും ചേർന്ന് ഗ്രോലിയസ് എന്ന പേരിൽ രൂപം നൽകിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ആയി മാറാനുള്ള യാത്രയിലാണ്. സ്കൂൾ പഠനകാലത്ത് തന്നെ ടെക്നോളജി പഠനത്തോടൊപ്പം എന്റർപ്രണർഷിപ്പ്, കമ്യൂണിക്കേഷൻ തുടങ്ങിയവയിലും ലഭിച്ച പരിശീലനത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ലോകത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും കണക്ട് ചെയ്യുന്ന ഗ്രോലിയസ് എന്ന സ്റ്റുഡന്റസ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ പരിഹാരം കണ്ടെത്തുന്ന കഴിവുറ്റ ടെക് സയന്റിസ്റ്റുകളെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തം പതിനെട്ടാം വയസ്സിൽ ഏറ്റെടുത്ത മഹാദേവിന്റെ കീഴിൽ നൂറിന് മുകളിൽ ബി.ടെക്, എം.ടെക് ബിരുദധാരികളാണ് ഇന്ന് ജോലി ചെയ്യുന്നത്.

അതിനിടെ, സ്കൂൾ-കോളേജ് പഠനത്തോടൊപ്പം റിയൽ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ അഭിരുചി തിരിച്ചറിഞ്ഞ് പഠിക്കുകയെന്നത് കേരളത്തിലൊരു ‘ട്രന്റായി’ മാറി തുടങ്ങിയിട്ടുണ്ട്. ടെക്നോളജി നിയന്ത്രിതമായി മാറി കൊണ്ടിരിക്കുന്ന ലോകത്തേക്ക് നേരത്തെ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരളത്തിലെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൈബ്രിഡ് രീതിയിലുള്ള പഠന സംവിധാനം ആരംഭിച്ചു കഴിഞ്ഞതും ഇതിന്റെ ഭാഗമാണ്.

ഈ ഒരു പ്രവണത തൊഴിൽ തേടി യുവ തലമുറ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് കുറഞ്ഞുവരുന്നതിന്നും കാരണമായോക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ രംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മഹാദേവിനെ പോലെ അനവധി പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യുമെന്ന് വിദ്യാഭ്യാസ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

ആപ്പിളും ആമസോണും ഫെയ്സ്ബുക്കും പിറവിയെടുത്ത ടാലന്റഡ് മാൻപവറും നൂതന ടെക്നോളജിയും ആവോളം ലഭ്യമാവുന്ന സംരംഭകരുടെ സ്വപ്നഭൂമിയായ അമേരിക്കയിലെ സിലിക്കൺവാലി മോഡലിൽ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമെന്ന പദവിയിലേക്ക് കേരളം മാറി കൊണ്ടിരിക്കുന്നുവെന്നതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകൾ നിരവധിയാണ്.

ഭൂ സവിശേഷതകളുൾപ്പടെ, കേരളത്തിന്റെ നിരവധി അനുകൂല ഘടകങ്ങൾ പരിഗണിച്ച് അനവധി ആഗോള കമ്പനികളാണ് ഇവിടെ വളർന്നു വരുന്നതും ഇവിടേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതും. തങ്ങളുടെ കേരളത്തിലേക്കുള്ള കടുന്നുവരവിനാശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ കേരളത്തിൽ നിന്നു തന്നെ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സജീവമാക്കിയിട്ടുണ്ട്.

webdesk14: