X

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് ജീപ്പില്‍ തട്ടി; ഫുട്‌ബോള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

കളിക്കുന്നതിനിടെ പൊലീസ് ജീപ്പില്‍ തട്ടിയ ഫുട്‌ബോള്‍ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

എറണാകുളം നെട്ടൂരിലെ പ്രാഥമിക ആരോഗ്യത്തിന് സമീപത്തെ ഗ്രൗണ്ടില്‍ കുട്ടികളും യുവാക്കളും ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാഹന പരിശോധനയ്ക്ക് എത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. വാഹനം ഗ്രൗണ്ടില്‍ നിന്ന് മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്തുകൊള്ളുമെന്നും കുട്ടികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പൊലീസ് ഇത് ചെവിക്കൊണ്ടില്ല.

പന്ത് ജീപ്പില്‍ തട്ടിയതൊടെ പോലീസുകാര്‍ രോക്ഷകുലരാവുകയായിരുന്നു. പിന്നാലെ പന്ത് പിടിച്ചെടുത്തു. പനങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്‌ബോള്‍ കസ്റ്റഡിയിലെടുത്തു. ജീപ്പിനകത്ത് പന്ത് ഇട്ട് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഇതേത്തുടര്‍ന്ന് യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘവും പോലീസുകാരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സംഭവം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.

വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന രീതിയില്‍ ഫുട്‌ബോള്‍ കുട്ടികള്‍ കളിച്ചു എന്നാണ് പൊലീസിന്റെ വിശദീകരണം. മനപ്പൂര്‍വ്വം കുട്ടികള്‍ ജീപ്പിലേക്ക് പന്ത് അടിച്ചുവെന്നും കളിച്ചവരില്‍ ചിലര്‍ ലഹരി കേസില്‍ പ്രതിയായ ആളടക്കം ഉണ്ട് എന്നുമാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ എത്തിയാല്‍ പന്ത് വിട്ടു നല്‍കാമെന്നും പൊലീസ് പറയുന്നു.

webdesk11: