ദോഹ: 1986 ലായിരുന്നു അവസാനമായി അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയത്. ഡിയാഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ ചുമലിലേറിയുള്ള ചരിത്ര നേട്ടം. 1990 ലെ ലോകകപ്പിലെ ഫൈനല്‍ ബെര്‍ത്തായിരുന്നു അടുത്ത വലിയ നേട്ടം. അന്ന് ആന്‍ഡ്രിയാസ് ബ്രഹ്മയെടുത്ത വിവാദ പെനാല്‍ട്ടിയില്‍ ജര്‍മനിക്ക് മുന്നില്‍ പരാജയപ്പെട്ടു. അതിന് ശേഷം കപ്പിന് അരികിലെത്തിയത് 2014 ല്‍ ലിയോ മെസിയുടെ നായകത്വത്തില്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍. അവിടെയും ജര്‍മനി വില്ലന്മാരായി. അധിക സമയത്ത് മരിയോ ഗോഡ്‌സേ നേടിയ ഗോളില്‍ ജര്‍മനി കിരീടമണിഞ്ഞു. ഇപ്പോള്‍ ഖത്തറില്‍ സെമിയിലെത്തി നില്‍ക്കുന്നു അര്‍ജന്റീന. രണ്ട് വിജയങ്ങള്‍ കൂടി സ്വന്തമാക്കാനായാല്‍ കിരീടമാണ്. 13 ന് നടക്കുന്ന സെമിയില്‍ ബ്രസീലിനെ അട്ടിമറിച്ച ക്രൊയേഷ്യക്കാരുമായാണ് അങ്കം.
മെസിയുടെ കരുത്തിലാണ് ഖത്തറില്‍ അര്‍ജന്റീനയുടെ യാത്ര. ഇത് അദ്ദേഹത്തിന് അവസാന ലോകകപ്പാണ്. രാജ്യവും ഫുട്‌ബോള്‍ ലോകവും ആഗ്രഹിക്കുന്നത് മെസിയിലെ രാജാവ് ഒരു ലോകകപ്പില്‍ മുത്തമിടണമെന്നതാണ്. 2014 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ആ മുഹൂര്‍ത്തം 18ന് ലുസൈല്‍ സ്‌റ്റേഡിയത്തിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ബ്രസീലിനും നെയ്മറിനും കനത്ത നിരാശയായി ക്വാര്‍ട്ടര്‍. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു ഗോള്‍ പോലും നിശ്ചിത സമയത്ത് സ്‌കോര്‍ ചെയ്യാനായില്ല. അധികസമയത്ത് മനോഹരമായ ഗോളിലുടെ നെയ്മര്‍ ടീമിന് വിജയമുറപ്പിച്ചുവെന്ന് കരുതി. പക്ഷേ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ തിരികെ വന്നു. അധികസമയത്തും ഏറ്റവുമധികം അവസരങ്ങള്‍ സ്വന്തമാക്കിയത് ബ്രസീലായിരുന്നു. പക്ഷേ പ്രയോജനപ്പെടുത്താനായില്ല. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിന്റെ മികവിന് മുന്നില്‍ ടീം തലതാഴ്ത്തി. ഉറ്റമിത്രങ്ങളാണ് മെസിയും നെയ്മറും. പി.എസ്.ജിക്കായി ഒരുമിച്ച് കളിക്കുന്നവര്‍. നെയ്മറും ബ്രസീലിനും ലോകകപ്പ് വേദി ഒരിക്കല്‍ കൂടി നഷ്ടമാവുമ്പോള്‍ മെസിയും സംഘവും അത് നേടുമോ…?